അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം; ദിവസവും ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍...

By Web TeamFirst Published Nov 16, 2020, 10:30 AM IST
Highlights

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി, പ്രോട്ടീനും നാരുകള്‍ കൂടുതലുമടങ്ങിയ ഭക്ഷണങ്ങളും, ഇലക്കറികള്‍, പച്ചക്കറികള്‍ തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

വയറിന്റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് സ്ത്രീകളുടേയും പുരുഷന്മാരുടേയും തീര്‍ത്താല്‍ തീരാത്ത പരാതിയാണ്. കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാല്‍ മതി എന്നാണ് പലരുടെയും ചിന്ത. 

ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും  ഇത് പരിഹരിക്കാവുന്നതേയുള്ളൂ. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി, പ്രോട്ടീനും നാരുകള്‍ കൂടുതലുമടങ്ങിയ ഭക്ഷണങ്ങളും, ഇലക്കറികള്‍, പച്ചക്കറികള്‍ തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒപ്പം കൃത്യമായി വ്യായാമവും ചെയ്യണം. 

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

രാവിലെ വെറും വയറ്റിൽ ചൂടുനാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീര് ഒഴിച്ചു കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ദഹനത്തിനും ഇത് നല്ലതാണ്. അല്ലെങ്കില്‍ ജീരക വെള്ളം കുടിക്കുന്നതും നല്ലതാണ്. 

രണ്ട്...

രാവിലെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. പ്രോട്ടീന്‍ അടങ്ങിയ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി അടങ്ങിയ ഭക്ഷണത്തെ കുറയ്ക്കാനും സഹായിക്കും. 

മൂന്ന്...

ഡയറ്റില്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. വിശപ്പ് നിയന്ത്രിക്കാനും കലോറിയുടെ ഉപയോഗം കുറയ്ക്കാനും ഇത് സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം. 

നാല്...

ഭക്ഷണത്തില്‍ മഞ്ഞളിന്‍റെ ഉപയോഗം കൂട്ടാം. ഇത് ശരീരത്തിലെ മൊത്തം കൊഴുപ്പ്‌ കുറയ്ക്കാന്‍ സഹായിക്കുകയും ഭാരം കൂടുന്നത്‌ തടയുകയും ചെയ്യും.

അഞ്ച്...

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ധാരാളം വെള്ളം കുടിക്കുക. വെള്ളം  ധാരാളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കുക മാത്രമല്ല മറ്റ് പല ആരോ​ഗ്യ​ഗുണങ്ങളും നൽകുന്നു.

ആറ്...

ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക. 

ഏഴ്...

ഒരു വ്യായാമവുമില്ലാതെ അമിതവണ്ണമോ കുടവയറോ കുറയ്ക്കാനാകില്ല. ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുകയും കുറച്ചുസമയം നടക്കുകയും ചെയ്താൽ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാം. 

Also Read: ശരീരഭാരം കുറ‌യ്ക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലമുണ്ടോ; എങ്കിലൊന്ന് ശ്രദ്ധിക്കൂ...

click me!