പ്രായമായവരെ കുറച്ചുകാണല്ലേ; അവരും പൊളിയാണ്...

By Web TeamFirst Published Aug 21, 2021, 2:28 PM IST
Highlights

പ്രായമായവരെ കാലാഹരണപ്പെട്ടവരായി കാണുകയും അവര്‍ക്ക് ഒന്നിനെ കുറിച്ചും അറിവില്ലെന്നും കരുതുന്ന യുവാക്കള്‍ ഏറെയാണ്. ജീവിതാനുഭവങ്ങള്‍ നല്‍കുന്ന അറിവിനോളം മൂല്യം വായിച്ചോ, കേട്ടോ ലഭിച്ച അറിവിനുണ്ടാകില്ലെന്ന വലിയ പാഠം 'ഹോം' പങ്കുവയ്ക്കുന്നുണ്ട്

ഇന്ന് ആഗസ്റ്റ് 21, ലോക 'സീനിയര്‍ സിറ്റിസണ്‍' ദിനമാണ്.  പ്രായമായവര്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍- സമൂഹികമായതും വൈകാരികമായതുമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നതിനും ഇക്കാര്യങ്ങളില്‍ ചെറിയ തലമുറയ്ക്ക് വേണ്ട അവബോധം കൊടുക്കുന്നതിനുമാണ് 'സീനിയര്‍ സിറ്റിസണ്‍' ദിനം ആചരിക്കുന്നത്. 

ഈ ദിവസത്തിന്റെ പ്രാധാന്യം അറിഞ്ഞുകൊണ്ടല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന 'ഹോം' എന്ന സിനിമയ്ക്ക് 'സീനിയര്‍ സിറ്റിസണ്‍' ദിനവുമായി വലിയ ബന്ധമാണുള്ളത്. 

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി വന്ന സിനിമ റോജിന്‍ തോമസ് ആണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ വലിയ കയ്യടിയാണ് ചിത്രം നേടുന്നത്.

പ്രായമായവരോട് ചെറിയ തലമുറ കാണിക്കുന്ന നിഷേധത്തെ കുറിച്ചാണ് 'ഹോം' പ്രധാനമായും ഓര്‍മ്മിപ്പിക്കുന്നത്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രമായെത്തിയ ഇന്ദ്രന്‍സ് തന്റെ പിതാവിനും മകനുമിടയില്‍ ജീവിതത്തെ അനുഭവിച്ചറിയുന്നതാണ് ചിത്രം. 

ഒരേസമയം തന്റെ പിതാവിനെ ഭാഗികമായി മനസിലാക്കാതെ പോകുന്ന ഒലിവറിന് മകന്‍ തന്നെ മനസിലാക്കാതിരിക്കുന്നതും പരിഗണിക്കാതിരിക്കുന്നതും വലിയ വേദന സമ്മാനിക്കുന്നുണ്ട്. എങ്കിലും പരാതികളില്ലാതെ അദ്ദേഹം മക്കള്‍ക്ക് വേണ്ടിത്തന്നെ എപ്പോഴും നിലകൊള്ളുന്നു. മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്ന- അവര്‍ക്കും അച്ഛനും ഇടയിലെ പാലമായി നിരന്തരം വര്‍ത്തിക്കുന്ന അമ്മ (കുട്ടിയമ്മ)യായി മഞ്ജു പിള്ളയും വേഷമിട്ടിരിക്കുന്നു. 

 


പ്രായമായവരെ കാലാഹരണപ്പെട്ടവരായി കാണുകയും അവര്‍ക്ക് ഒന്നിനെ കുറിച്ചും അറിവില്ലെന്നും കരുതുന്ന യുവാക്കള്‍ ഏറെയാണ്. ജീവിതാനുഭവങ്ങള്‍ നല്‍കുന്ന അറിവിനോളം മൂല്യം വായിച്ചോ, കേട്ടോ ലഭിച്ച അറിവിനുണ്ടാകില്ലെന്ന വലിയ പാഠം 'ഹോം' പങ്കുവയ്ക്കുന്നുണ്ട്. 

ഇന്നേ ദിവസം ഈ സന്ദേശത്തിനുള്ള പ്രാധാന്യം ചെറുതല്ല. ഡിജിറ്റല്‍ കാലത്ത് ജനിച്ചുവളര്‍ന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ അടക്കമുള്ള സങ്കേതങ്ങളുടെ സാങ്കേതികവശങ്ങള്‍ എളുപ്പത്തില്‍ സ്വായത്തമാക്കാനാകും. എന്നാല്‍ കത്തുകളുടെ കാലത്ത് ജനിച്ചുജീവിച്ച പ്രായമയാവരെ സംബന്ധിച്ച് അതെളുപ്പമാകില്ല. ഒരിക്കലും ഇതൊരു കുറവോ, വിവരമില്ലായ്കയോ അല്ല. സമയത്തിന്റെയും ജീവിതരീതികളുടെയും വ്യത്യാസം മാത്രമാണിവിടെ ഘടകമാകുന്നത്. 

എങ്കിലും ആത്യന്തികമായി ഏത് വിഷയത്തിലും മുതിര്‍ന്നവരെടുക്കുന്ന തീരുമാനത്തോളം കെട്ടുറപ്പുള്ള തീരുമാനങ്ങളിലേക്കെത്താന്‍ ഏത് സാങ്കേതികവിദ്യ പ്രയോഗിച്ചായാലും യുവതലമുറയ്ക്ക് സാധിക്കണമെന്നില്ല. 

ഭക്ഷണം, വീടൊരുക്കല്‍, വസ്ത്രധാരണം, സാമൂഹികമായ പെരുമാറ്റം, സംസാരരീതി ഇങ്ങനെ ഏത് വിഷയങ്ങളിലും തലമുറകള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടായിരിക്കും. എന്നാല്‍ ഒരു പ്രായം കടന്നവരെയെല്ലാം, 'പഴഞ്ചന്‍' ആയി കണക്കാക്കുന്നതാണ് സമൂഹത്തിലെ പൊതുപ്രവണത. പ്രായം നമ്പര്‍ മാത്രമാണെന്നും ഏതൊരു മനുഷ്യനും അയാള്‍ സ്വയം വിലപ്പെട്ടതായിരിക്കുമെന്നുമുള്ള യാഥാര്‍ത്ഥ്യത്തെ നാം മറന്നുപോയിക്കൂട. 

 


എല്ലാവരും ഒരിക്കല്‍ മൂക്കും... പഴുക്കും... കൊഴിയുകയും ചെയ്യും. ആരും ഈ ഘട്ടങ്ങളില്‍ നിന്ന് മുക്തരല്ല. അതിനാല്‍ തന്നെ പ്രായമായവരെ മാറ്റിനിര്‍ത്തുകയോ കുറച്ചുകാണുകയോ ചെയ്യേണ്ടതില്ല. അവരോടൊപ്പം അല്‍പസമയം ചെലവിടൂ, ഒലിവര്‍ ട്വിസ്റ്റിനെ പോലെ ജീവിതം മാറ്റിമറിക്കുന്ന എന്തെങ്കിലും കഥകളോ കണ്ടെത്തലുകളോ അവര്‍ക്ക് പറയാന്‍ കാണും. ഒന്നിനും അവര്‍ താഴെയോ പിന്നിലോ ആണെന്ന് ചിന്തിക്കാതിരുന്ന് നോക്കൂ, അവരും പൊളിയാണെന്ന് നമുക്ക് മനസിലാക്കാം. 

വീട്ടിലെ മുതിര്‍ന്നവര്‍ക്കെല്ലാം ഇപ്പോള്‍ തന്നെ സ്‌നേഹപൂര്‍വ്വം ആശംസകള്‍ നേരൂ. എല്ലാ 'സീനിയര്‍' പൗരര്‍ക്കും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്റെ 'സീനിയര്‍ സിറ്റിസണ്‍' ദിനാശംസകള്‍. 

Also Read:- വാര്‍ധക്യത്തിലും വിശ്രമമില്ല; വൈറലായി ജ്യൂസ് വില്‍പന നടത്തുന്ന വൃദ്ധ

click me!