Latest Videos

മുടി വെട്ടിയത് തെറ്റിപ്പോയി; കസ്റ്റമര്‍ക്ക് രണ്ട് കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

By Web TeamFirst Published Sep 24, 2021, 12:59 PM IST
Highlights

പതിവായി അവരുടെ മുടി ഡിസൈന്‍ ചെയ്തുകൊടുക്കുന്ന സ്റ്റാഫ് അന്ന് ഇല്ലാതിരുന്നതിനാല്‍ മറ്റൊരാളെ കൊണ്ട് സലൂണുകാര്‍ അത് ചെയ്യിക്കുകയായിരുന്നു. എന്താണ് മുടിയില്‍ ചെയ്യേണ്ടതെന്ന് താന്‍ പല തവണ കൃത്യമായി പറഞ്ഞുകൊടുത്തിരുന്നുവെന്നും എന്നിട്ടും തന്റെ നീളമുള്ള മുടി അങ്ങനെ തന്നെ വെട്ടിക്കളയുകയായിരുന്നു അയാളെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ ഉന്നയിച്ചിരുന്നത്

മുടി വെട്ടുന്നതില്‍ പിഴവ് സംഭവിക്കുന്നു എന്നത് അത്ര അസാധാരണമായൊരു സംഗതിയല്ല. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഈ പ്രശ്‌നം അനുഭവിക്കാറുണ്ട്. 

'പറഞ്ഞുകൊടുത്തത് പോലെയല്ല അവര്‍ ചെയ്തത്...', 'കാണിച്ചുകൊടുത്തതുമായി ഒരു സാമ്യവുമില്ല അവര്‍ ചെയ്തതിന്...'- എന്നെല്ലാം ആളുകള്‍ സലൂണുകളെ പറ്റി പരാതിയായി പറയാറുണ്ട്. 

എന്നാല്‍ മിക്കപ്പോഴും ഈ പരാതികള്‍ പരാതികളായി തന്നെ ഒതുങ്ങിപ്പോവുകയാണ് ചെയ്യാറ്. പലരും അതത് സലൂണുകളില്‍ തന്നെ ഇതെപ്പറ്റി ചോദിക്കാനോ സംസാരിക്കാനോ നില്‍ക്കാറ് പോലുമില്ലെന്നതാണ് സത്യം. 

പക്ഷേ ദില്ലി സ്വദേശിനിയായ ഒരു മോഡല്‍, തന്റെ മുടി തെറ്റായി വെട്ടിയതിന് ദില്ലിയില്‍ തന്നെയുള്ള ഒരു സ്റ്റാര്‍ ഹോട്ടല്‍ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സലൂണിനെതിരെ കേസ് നടത്തി വിജയിച്ചിരിക്കുകയാണിപ്പോള്‍. മുടി തെറ്റായ രീതിയില്‍ വെട്ടിയതിന് രണ്ട് കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ (എന്‍സിഡിആര്‍സി) സലൂണിനോട് നിര്‍ദേശിച്ചിരിക്കുന്നത്. 

'പാന്റീന്‍', 'വിഎല്‍സിസി' തുടങ്ങിയ ബ്രാന്‍ഡുകളുടെ ഹെയര്‍ കെയര്‍ ഉത്പന്നങ്ങളുടെ മോഡലായിരുന്നു പെണ്‍കുട്ടി എന്നാണ് എന്‍സിഡിആര്‍സി വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന പ്രോജക്ടിന്റെ ഭാഗമായിട്ടായിരുന്നു പെണ്‍കുട്ടി മുടി മുറിക്കാന്‍ സലൂണിലെത്തിയത്. 

പതിവായി അവരുടെ മുടി ഡിസൈന്‍ ചെയ്തുകൊടുക്കുന്ന സ്റ്റാഫ് അന്ന് ഇല്ലാതിരുന്നതിനാല്‍ മറ്റൊരാളെ കൊണ്ട് സലൂണുകാര്‍ അത് ചെയ്യിക്കുകയായിരുന്നു. എന്താണ് മുടിയില്‍ ചെയ്യേണ്ടതെന്ന് താന്‍ പല തവണ കൃത്യമായി പറഞ്ഞുകൊടുത്തിരുന്നുവെന്നും എന്നിട്ടും തന്റെ നീളമുള്ള മുടി അങ്ങനെ തന്നെ വെട്ടിക്കളയുകയായിരുന്നു അയാളെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ ഉന്നയിച്ചിരുന്നത്. 

മുടി വെട്ടിയത് പ്രശ്‌നമായെന്ന് തിരിച്ചറിഞ്ഞപ്പോള്‍ താന്‍ സലൂണിന്റെ മാനേജരോട് ഇക്കാര്യം ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ അദ്ദേഹം വളരെ മോശമായി തന്നോട് പെരുമാറിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരിക്കുന്നു. 

ഹെയര്‍സ്റ്റൈല്‍ പ്രശ്‌നത്തിലായതിനെ തുടര്‍ന്ന് പ്രോജക്ട് കയ്യില്‍ നിന്ന് നഷ്ടമായെന്നും മോഡല്‍ എന്ന നിലയില്‍ കരിയറില്‍ വലിയ തിരിച്ചടിയായെന്നും പെണ്‍കുട്ടി വാദിച്ചു. ഇതുണ്ടാക്കിയ മാനസികാഘാതം പിന്നീട് ജോലി നഷ്ടമാകുന്നതിലേക്ക് വരെയെത്തിച്ചു. ഇതിനെല്ലാം കൂടിയുള്ള നഷ്ടപരിഹാരമായിട്ടാണ് ഇപ്പോള്‍ രണ്ട് കോടി രൂപ നല്‍കാന്‍ സലൂണിനോട് എന്‍സിഡിആര്‍സി നിര്‍ദേശിച്ചിരിക്കുന്നത്. 

എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും സത്യമല്ലെന്നും സലൂണിന്റെ പേര് നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പെണ്‍കുട്ടി നടത്തുന്നത് എന്നുമാണ് ഹോട്ടല്‍ ശൃംഖലയുടെ പ്രതികരണം.

Also Read:- തലയില്‍ അഴുക്ക് അടിയുന്നതാണോ താരന്‍ വരാന്‍ കാരണം?

click me!