
നമ്മുടെ നിത്യജീവിതത്തിലെ ഏറ്റവും സാധാരണമായ ഒരു കാര്യമാണ് മുടി ചീകുക എന്നത്. എന്നാൽ ഭൂരിഭാഗം ആളുകളും മുടിയുടെ ആരോഗ്യത്തിന് ചീർപ്പുകൾ എത്രത്തോളം പ്രധാനമാണെന്ന കാര്യം പലർക്കും അറിയില്ല. മുടിക്ക് എണ്ണ തേക്കുന്നതിലും ഷാംപൂ തിരഞ്ഞെടുക്കുന്നതിലും കാണിക്കുന്ന അതേ ജാഗ്രത ചീർപ്പുകൾ തിരഞ്ഞെടുക്കുന്നതിലും കാണിച്ചാൽ പകുതിയോളം മുടി പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാൻ സാധിക്കും. ഓരോ വ്യക്തിയുടെയും മുടിയുടെ ഘടനയും സ്വഭാവവും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും ഒരേ തരം ചീർപ്പുകൾ അനുയോജ്യമാകണമെന്നില്ല. ഇന്ന് വിപണിയിൽ ലഭിക്കുന്ന വ്യത്യസ്ത തരം ചീർപ്പുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും അറിയാം.
പരിസ്ഥിതി സൗഹൃദമായ ഉൽപ്പന്നങ്ങളോടുള്ള ജെൻ സിയുടെ താല്പര്യമാണ് വേപ്പുമരത്തിൽ തീർത്ത ചീർപ്പുകളെ വീണ്ടും ജനപ്രിയമാക്കിയത്. പ്ലാസ്റ്റിക് ചീർപ്പുകൾ മുടിയിൽ സ്റ്റാറ്റിക് വൈദ്യുതി ഉണ്ടാക്കുകയും മുടി പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്യുമ്പോൾ, മരച്ചീർപ്പുകൾ തലയോട്ടിയെ തണുപ്പിക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തടി ചീർപ്പുകൾ ഉപയോഗിക്കുന്നത് താരൻ കുറയ്ക്കാൻ സഹായിക്കുമെന്നതും ഇവരെ ഇതിലേക്ക് ആകർഷിക്കുന്നു.
മുടിയിലെ കെട്ടുകൾ നീക്കുക എന്നത് പലപ്പോഴും വേദനാജനകമായ ഒന്നാണ്. എന്നാൽ ജെൻ സിയുടെ പ്രിയപ്പെട്ട ഒന്നാണ് ഡീറ്റാംഗ്ലർ ബ്രഷുകൾ. വളരെ ഫ്ലെക്സിബിൾ ആയ സിന്തറ്റിക് ബ്രിസിലുകൾ ഉള്ള ഇവ മുടി വലിയ തോതിൽ വലിച്ചു പൊട്ടിക്കാതെ തന്നെ കെട്ടുകൾ അഴിക്കുന്നു. നനഞ്ഞ മുടിയിൽ പോലും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇതൊരു സാധാരണ ചീർപ്പല്ല. ഷാംപൂ ചെയ്യുമ്പോൾ തലയോട്ടി വൃത്തിയാക്കാനും മസാജ് ചെയ്യാനും ഉപയോഗിക്കുന്ന സിലിക്കൺ ബ്രഷാണിത്. ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും 'സ്കാൽപ്പ് കെയർ റുട്ടീൻ' എന്ന പേരിൽ വലിയ ട്രെൻഡാണ് ഈ കുഞ്ഞൻ ബ്രഷുകൾ. ഇത് തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
മുടി പെട്ടെന്ന് ഉണക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് വെന്റ് ബ്രഷുകൾ. ഇവയുടെ ഇടയിലുള്ള വിടവുകളിലൂടെ ഹെയർ ഡ്രയറിലെ കാറ്റ് നേരിട്ട് മുടിയിലേക്ക് എത്തുന്നതിനാൽ സമയം ലാഭിക്കാം. വോളിയം കൂട്ടി മുടി സ്റ്റൈൽ ചെയ്യാൻ താല്പര്യപ്പെടുന്ന ജെൻ സി യുവാക്കൾക്കിടയിൽ ഇതിന് വലിയ ഡിമാൻഡുണ്ട്.
ചുരുണ്ട മുടിയുള്ളവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണിത്. മുടിയുടെ സ്വാഭാവികമായ ആകൃതി നഷ്ടപ്പെടാതെ തന്നെ ചീകാൻ വലിയ പല്ലുകളുള്ള ചീർപ്പുകൾ സഹായിക്കുന്നു. 'കർളി ഗേൾ മെത്തേഡ്' (CGM) പിന്തുടരുന്നവർക്കിടയിൽ ഈ ചീർപ്പിന് വലിയ പ്രാധാന്യമാണുള്ളത്.
ഓരോ മുടിയുടെയും സ്വഭാവത്തിനനുസരിച്ചുള്ള ചീർപ്പുകൾ ഉപയോഗിക്കുന്നതിലൂടെ മുടികൊഴിച്ചിൽ കുറയ്ക്കാനും ആരോഗ്യമുള്ള മുടി സ്വന്തമാക്കാനും സാധിക്കും.