സ്കിൻ കെയർ തുടങ്ങുവൻ ആഗ്രഹിക്കുന്ന എല്ലാവർക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒന്നാണ് ഫേസ് സെറം. വിപണിയിലെ നൂറുകണക്കിന് ബ്രാൻഡുകൾക്കിടയിൽ നിന്ന് നിങ്ങളുടെ സ്കിൻ ടൈപ്പിന് അനുയോജ്യമായത് എങ്ങനെ കണ്ടെത്താം? ഇതാ ഒരു കംപ്ലീറ്റ് ഗൈഡ്.
നല്ല ആരോഗ്യമുള്ള സ്കിൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. വിപണിയിൽ തിളങ്ങുന്ന കുപ്പികളിലിരിക്കുന്ന ഫേസ് സെറമുകൾ കണ്ട് അത് വാങ്ങാൻ പോകും മുൻപ് ഒന്ന് നിൽക്കൂ! നിങ്ങളുടെ ചർമ്മത്തിന് ഏതാണ് വേണ്ടതെന്ന് അറിയാതെ സെറം വാങ്ങുന്നത് പണം കളയുന്നതിന് തുല്യമാണ്. കൃത്യമായ അറിവില്ലാതെ ഉപയോഗിച്ചാൽ ഗുണത്തിന് പകരം ദോഷമാകും ഫലം. ആദ്യമായി സെറം ഉപയോഗിക്കുന്നവർക്ക് സ്കിൻ കെയർ റൂട്ടീനിൽ വരുത്തേണ്ട മാറ്റങ്ങൾ ഇതാ.
എന്താണ് ഈ ഫേസ് സെറം?
മോയ്‌സ്ചറൈസറിനേക്കാൾ കട്ടി കുറഞ്ഞതും എന്നാൽ ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കഴിവുള്ളതുമായ ലിക്വിഡ് ആണിത്. സാധാരണ ക്രീമുകളെ അപേക്ഷിച്ച് ഇതിൽ ആക്ടീവ് ഇൻഗ്രീഡിയന്റ്‌സ് വളരെ കൂടുതലായിരിക്കും. ചർമ്മത്തിലെ കറുത്ത പാടുകൾ, ചുളിവുകൾ, വരൾച്ച എന്നിവയെല്ലാം മാറ്റാൻ സെറം സഹായിക്കും. എന്നാൽ ഇത് ഉപയോഗിക്കും മുൻപ് നിങ്ങളുടെ ചർമ്മം ഏത് തരത്തിലുള്ളതാണെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.
നിങ്ങളുടെ സ്കിൻ ടൈപ്പ് തിരിച്ചറിയാം
ഓരോരുത്തരുടെയും ചർമ്മം വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ മറ്റൊരാൾക്ക് റിസൾട്ട് നൽകിയ സെറം നിങ്ങൾക്ക് അനുയോജ്യമാകണമെന്നില്ല.
ഓയിലി സ്കിൻ : നിങ്ങൾക്ക് എണ്ണമയമുള്ള ചർമ്മമാണെങ്കിൽ സാലിസിലിക് ആസിഡ് അല്ലെങ്കിൽ നിയാസിനാമൈഡ് അടങ്ങിയ സെറം തിരഞ്ഞെടുക്കാം. ഇത് അമിതമായ എണ്ണമയം കുറയ്ക്കാനും മുഖക്കുരു തടയാനും സഹായിക്കും.
ഡ്രൈ സ്കിൻ : ചർമ്മം വല്ലാതെ വരളുന്നുണ്ടെങ്കിൽ ഹൈലൂറോണിക് ആസിഡ് അടങ്ങിയ സെറം ആണ് ബെസ്റ്റ്. ഇത് ചർമ്മത്തിന് നല്ല ഹൈഡ്രേഷൻ നൽകുകയും സോഫ്റ്റ് ആക്കി നിലനിർത്തുകയും ചെയ്യും.
സെൻസിറ്റീവ് സ്കിൻ : പെട്ടെന്ന് ചുവന്ന തടിപ്പുകളോ ചൊറിച്ചിലോ ഉണ്ടാകുന്ന ചർമ്മമാണെങ്കിൽ കെമിക്കലുകൾ കുറഞ്ഞ വിറ്റാമിൻ ഇ അടങ്ങിയ സെറം ഉപയോഗിക്കാം.
നിറം വർദ്ധിപ്പിക്കാൻ: ചർമ്മത്തിലെ കറുത്ത പാടുകൾ മാറി തിളക്കം കിട്ടാൻ വിറ്റാമിൻ സി സെറം മികച്ചതാണ്.
ബിഗിനേഴ്സ് ശ്രദ്ധിക്കാൻ
നിങ്ങൾ ആദ്യമായാണ് സെറം ഉപയോഗിക്കുന്നതെങ്കിൽ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക:
പാച്ച് ടെസ്റ്റ് : സെറം നേരിട്ട് മുഖത്ത് പുരട്ടരുത്. കൈത്തണ്ടയിലോ ചെവിയുടെ പുറകിലോ പുരട്ടി 24 മണിക്കൂർ അലർജിയില്ലെന്ന് ഉറപ്പുവരുത്തുക.
തുടങ്ങുമ്പോൾ കുറഞ്ഞ അളവ്: ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം ഉപയോഗിച്ച് തുടങ്ങുക. ചർമ്മം അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാൽ ദിവസവും ഉപയോഗിക്കാം.
സൺസ്‌ക്രീൻ മറക്കരുത്: പകൽ സമയത്ത് വിറ്റാമിൻ സി പോലുള്ള സെറമുകൾ ഉപയോഗിക്കുമ്പോൾ പുറകെ നിർബന്ധമായും സൺസ്‌ക്രീൻ പുരട്ടണം. ഇല്ലെങ്കിൽ ചർമ്മം വേഗത്തിൽ കരുവാളിക്കാൻ സാധ്യതയുണ്ട്.
അഞ്ചു മിനിറ്റ് ചിലവാക്കി നിങ്ങളുടെ ചർമ്മത്തിന് വേണ്ടത് എന്താണെന്ന് മനസ്സിലാക്കിയാൽ ലക്ഷങ്ങൾ ചിലവാക്കാതെ തന്നെ മനോഹരമായ ചർമ്മം സ്വന്തമാക്കാം.