നെഗറ്റീവ് ചിന്തകള്‍ അലട്ടുന്നുണ്ടോ...? അറിയേണ്ട ചിലത്

By Priya VargheseFirst Published Mar 23, 2021, 5:47 PM IST
Highlights

നെഗറ്റീവ് ആയാണോ നാം ചിന്തിക്കുന്നത് എന്നു സ്വയം തിരിച്ചറിയാന്‍ കഴിയുക എന്നതാണ് പ്രധാനം. ജീവിതത്തില്‍ ഓരോ ചെറിയ പ്രശ്നങ്ങളെപ്പറ്റിയും ചിന്തിച്ചുകൂട്ടി വിഷമിക്കാന്‍ നമ്മള്‍ നമ്മുടെ മനസ്സിനെ അനുവദിച്ചാല്‍ ജീവിതം മുഴുവന്‍ നെഗറ്റീവ് ആണെന്നു നമുക്കു തോന്നിപ്പോകും. 

സ്വന്തം ചിന്തകളെയും മനസ്സിനെ എന്തു പ്രശ്നമാണ് അലട്ടുന്നത് എന്നിവ പോലും പലപ്പോഴും നമുക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോകാറുണ്ട്. മറ്റുള്ളവരുടെ പ്രവർത്തികളെ വിലയിരുത്തുകയും അവരുടെ മനസ്സു വായിക്കാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യാറുണ്ട് നമ്മള്‍. പക്ഷേ നാം സ്വയം എത്രമാത്രം നമ്മുടെ മാനസികാവസ്ഥയെ തിരിച്ചറിയുന്നുണ്ട്?

“ഒരുപാടു കാലമായി മനസ്സില്‍ ആകെയൊരു സമാധാനം ഇല്ലാത്ത അവസ്ഥയാണ്‌. എന്താണ് കാരണം എന്നു മനസ്സിലാകുന്നില്ല”- ഇങ്ങനെ പല ആളുകളും പറയുന്നത് കേൾക്കാറുണ്ട്. നമ്മുടെ മാനസികാവസ്ഥയെ കൂടുതല്‍ മനസ്സിലാക്കാന്‍ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇവയാണ്...

1.    ഇപ്പോള്‍ ഈ സമയം നിങ്ങളുടെ മനസ്സിനെ അലട്ടുന്ന നെഗറ്റീവ് ചിന്തകള്‍ എഴുതി വയ്ക്കാന്‍ ശ്രമിക്കുക.

2.    ദേഷ്യം, സങ്കടം എന്നിവയുടെ കാരണം പലപ്പോഴും നമ്മുടെ ചിന്തകള്‍ തന്നെയാണ്. മറ്റുള്ളവര്‍ കാരണം സങ്കടപ്പെടുന്ന അവസ്ഥയും നമുക്ക് വരാറുണ്ട്. പക്ഷേ പ്രത്യേകിച്ചു കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത അവസരങ്ങളില്‍ മുമ്പ്  നടന്ന സംഭവങ്ങള്‍ അറിയാതെ ഓർത്ത് പോയതാണോ ഈ നിമിഷം സങ്കടം/ദേഷ്യം തോന്നാൻ കാരണം എന്നു ചിന്തിച്ചു നോക്കുക.

3.   എന്താണ് നാം സ്വയം നമ്മളോട് തന്നെ പറയുന്നത് എന്നത് വളരെ പ്രധാനമാണ്. ഉദാ: “എന്റെ  ജീവിതം ഒരിക്കലും ശരിയാവില്ല” എന്നു പലയാവർത്തി നാം മനസ്സില്‍ പറഞ്ഞു കഴിയുമ്പോള്‍ പിന്നെ ജീവിതം ഒരിക്കലും ശരിയാവില്ല എന്ന ഒരു വിശ്വാസം തന്നെ മനസ്സില്‍ രൂപപ്പെടാന്‍ തുടങ്ങും. ആത്മവിശ്വാസം തകർത്തു കളയുന്ന ഇത്തരംകാര്യങ്ങള്‍ ആവർത്തിച്ചു ചിന്തിക്കുന്നത് ഒഴിവാക്കണം.

 

 

4.    എല്ലാ ദിവസവും അൽപസമയം മനസ്സിന്റെ അവസ്ഥ എന്താണെന്ന് പരിശോധിക്കാന്‍ സമയം കണ്ടെത്താം. അതിനായി പ്രത്യേകസമയം നീക്കിവയ്ക്കാന്‍ കഴിഞ്ഞില്ല എങ്കില്‍പോലും കമ്പ്യൂട്ടറില്‍ ഈ മെയില്‍ നോക്കുന്നതിനിടയിലോ, ഭക്ഷണം പാകം ചെയ്യുന്ന സമയത്തോ, കാറില്‍ നിന്നും ഇറങ്ങി ഓഫീസിലേക്ക് നടക്കുന്ന സമയത്തോ ഒക്കെ എപ്പോഴെങ്കിലുമായി അൽപ സമയം എല്ലാ ദിവസവും മനസ്സ് എങ്ങനെയാണുള്ളത് എന്നു പരിശോധിക്കാന്‍ സമയം മാറ്റിവയ്ക്കാം.

5. നമ്മുടെ മനസ്സ് നമ്മളോട് പറയുന്നത് എന്താണ് എന്നു ശ്രദ്ധിക്കാം. ഓരോ ചോദ്യങ്ങള്‍ക്കും മറുപടി പറയുമ്പോഴും കേള്‍ക്കുന്ന ആളുകൾക്ക് ഇഷ്ടപെടുന്ന ഉത്തരം എന്തായിരിക്കും എന്നതുമാത്രം ചിന്തിക്കുന്നവര്‍ ഉണ്ട്. യഥാർത്ഥത്തില്‍ പറയാനുള്ളത് പറയാതെ ഒരിക്കലും തന്റെ അഭിപ്രായങ്ങളും വ്യക്തിത്വം എന്താണെന്നുള്ളതും വെളിപ്പെടുത്താതെ ഇരിക്കുന്നതു കൊണ്ട് വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവര്‍ ഉണ്ട്. മറ്റുള്ളവര്‍ കുറ്റപ്പെടുത്തുമോ ഒറ്റപ്പെടുത്തുമോ എന്നെല്ലാം വളരെ ചെറിയ കാര്യത്തിനുപോലും ചിന്തിച്ചുകൂട്ടി ഭയക്കുന്ന രീതി മറികടന്ന് മുന്നോട്ടു നീങ്ങുമ്പോള്‍ മാത്രമേ സമാധാനപരമായ ഒരു ജീവിതം നയിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് നേടേണ്ടത്.

നെഗറ്റീവ് ആയാണോ നാം ചിന്തിക്കുന്നത് എന്നു സ്വയം തിരിച്ചറിയാന്‍ കഴിയുക എന്നതാണ് പ്രധാനം. ജീവിതത്തില്‍ ഓരോ ചെറിയ പ്രശ്നങ്ങളെപ്പറ്റിയും ചിന്തിച്ചുകൂട്ടി വിഷമിക്കാന്‍ നമ്മള്‍ നമ്മുടെ മനസ്സിനെ അനുവദിച്ചാല്‍ ജീവിതം മുഴുവന്‍ നെഗറ്റീവ് ആണെന്നു നമുക്കു തോന്നിപ്പോകും. അത്തരം ചിന്തകള്‍ നമ്മുടെ മനസ്സിനെ ഭരിക്കാന്‍ അനുവദിക്കരുത്. Cognitive Behaviour Therapy എന്ന മന:ശാസ്ത്ര ചികിത്സ ഇത്തരം ചിന്തകളെ മാറ്റിയെടുക്കാന്‍ വളരെ ഫലപ്രദമാണ്.

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, തിരുവല്ല
Consultation Near TMM Hospital
Telephone Consultation Available
For AppointmentsCall: 8281933323


 

click me!