Russia Ukraine : പ്രിയപ്പെട്ട വളർത്തുപട്ടിയുമായി യുക്രൈന്‍ അതിര്‍ത്തിയില്‍ കുടുങ്ങി മലയാളി പെണ്‍കുട്ടി

By Web TeamFirst Published Feb 28, 2022, 9:50 PM IST
Highlights

നിലവില്‍ അതിര്‍ത്തിയിലെ ഒരു ഇന്ത്യന്‍ അഭയാര്‍ത്ഥി കേന്ദ്രത്തിലാണ് താനെന്നും സൈറയ്ക്ക് കൂടി ഇന്ത്യയിലേക്ക് തിരിക്കാനുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവിടെ തുടരുന്നതെന്നും ആര്യ ഇടുക്കിയിലുള്ള സുഹൃത്തിന് അയച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്

യുക്രൈയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന് ( Russia Ukraine )പിറകെ നിരവധി പേര്‍ പലായനത്തിലാണ്. യുദ്ധക്കെടുതികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന യുക്രൈനില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ( Foriegn Student ) അടക്കമുള്ളവര്‍ കുടുങ്ങിക്കിടക്കുകയാണ്. 

ഇന്ത്യയില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുള്‍പ്പെടുന്നുണ്ട്. പലരും പല അതിര്‍ത്തികളിലായി കുടുങ്ങിക്കിടക്കുന്നതായും ഇവരെ ബന്ധപ്പെടാന്‍ പോലും ഉപാധികളില്ലാതായതായും സ്വദേശത്തുള്ള ബന്ധുക്കള്‍ അറിയിക്കുന്നുണ്ട്. എംബസി മുഖേന തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഏവരും ശ്രമിക്കുന്നുമുണ്ട്.

ഇതിനിടെ യുക്രൈന്‍ അതിര്‍ത്തിയില്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തുപട്ടിയുമായി കുടുങ്ങിക്കിടക്കുന്ന മലയാളി പെണ്‍കുട്ടിയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആര്യ അല്‍ഡ്രിന്‍ എന്ന ഇടുക്കിക്കാരിയാണ് തന്റെ സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍ പെടുന്ന പട്ടിയുമായി അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്. 

സംഘര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആര്യ ശ്രമിച്ചിരുന്നു. വസ്ത്രങ്ങളടക്കം തന്റെ സാധനങ്ങള്‍ പലതും എടുക്കാതെയാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയ ബസില്‍ ആര്യ അതിര്‍ത്തിയിലെത്തിയത്. സൈറാ എന്ന് പേരുള്ള തന്റെ പട്ടിയെയും കൊണ്ട് യാത്ര തിരിച്ച ആര്യ, അതിനുള്ള ഭക്ഷണമാണ് പ്രധാനമായും കൂടെ കരുതിയിരുന്നത്. 

അത്രത്തോളം ആത്മബന്ധമുള്ള വളര്‍ത്തുപട്ടിയെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ തനിക്കാവില്ലെന്നാണ് ആര്യ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചത്. തനിച്ചാണെങ്കില്‍ ആര്യക്ക് ഇന്ത്യയിലേക്ക് തിരിക്കാന്‍ ഒരുപക്ഷേ കുറെക്കൂടി എളുപ്പമായിരിക്കും. എന്നാല്‍ സൈറയ്ക്ക് കൂടി യാത്രാനുമതി ലഭിക്കാതെ താന്‍ വരില്ലെന്ന നിലപാടിലാണ് ആര്യ. 

'നാഷണല്‍ പിരോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി'യില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ആര്യ. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു കുഞ്ഞായാണ് സൈറ ആദ്യമായി ആര്യയുടെ കയ്യിലെത്തുന്നത്. അതില്‍ പിന്നെ ഇരുവരും തമ്മില്‍ ഗാഢമായ ആത്മബന്ധം ഉടലെടുക്കുകയായിരുന്നു. 

നിലവില്‍ അതിര്‍ത്തിയിലെ ഒരു ഇന്ത്യന്‍ അഭയാര്‍ത്ഥി കേന്ദ്രത്തിലാണ് താനെന്നും സൈറയ്ക്ക് കൂടി ഇന്ത്യയിലേക്ക് തിരിക്കാനുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവിടെ തുടരുന്നതെന്നും ആര്യ ഇടുക്കിയിലുള്ള സുഹൃത്തിന് അയച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. 

യുക്രൈയ്‌നിലുള്ള മൃഗസ്‌നേഹികളുടെ സംഘടനകളുമായി ഇതില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുമായെല്ലാം നേരത്തേ തന്നെ ആര്യ ബന്ധപ്പെട്ടിരുന്നു. എവിടെയും സൈറയ്ക്ക് അഭയം കണ്ടെത്താന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് ആര്യ സൈറയെ കൂടെ തന്നെ കൂട്ടാന്‍ തീരുമാനിച്ചത്. 

വളര്‍ത്തുമൃഗങ്ങളുമായി മനുഷ്യര്‍ക്ക് വലിയ രീതിയിലുള്ള സ്‌നേഹബന്ധവും അടുപ്പവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. പൂച്ചയോ പട്ടിയോ എല്ലാം ആകട്ടെ, ഏറെ സമയം ഒരുമിച്ച് ചെലവിടുമ്പോള്‍ അവരുമായി അകലാന്‍ സാധിക്കാത്തവണ്ണം മനുഷ്യര്‍ വൈകാരികമായ ബന്ധത്തിലാകാറുണ്ട്. ആര്യയുടെ കഥയും മറിച്ചല്ല. 

Also Read:- ചിരിക്കാന്‍ പിശുക്കുന്ന റഷ്യക്കാര്‍; കൗതുകകരമായ ചില വസ്തുതകള്‍

 

ലണ്ടനിലെ ബ്രൈറ്റണ്‍ എന്ന പട്ടണത്തെ നടുക്കിയ 'സീരിയല്‍ കില്ലര്‍' ഒടുവില്‍ കോടതി വിധിക്ക് മുമ്പില്‍ കീഴടങ്ങിയിരിക്കുന്നു. സ്റ്റീവ് ബക്ക്വറ്റ് എന്ന അമ്പത്തിനാലുകാരനായ 'സീരിയല്‍ കില്ലര്‍' പക്ഷേ മനുഷ്യരെയല്ല വേട്ടയാടി കൊന്നത്. പട്ടണത്തിലെ ഭൂരിഭാഗം താമസക്കാരും സ്വന്തമായി വളര്‍ത്തിയിരുന്ന പൂച്ചകളായിരുന്നു സ്റ്റീവിന്റെ ലക്ഷ്യം. കത്തിയുപയോഗിച്ച് പൂച്ചകളെ മൃഗീയമായി കുത്തിയും കീറിയും കൊലപ്പെടുത്തുന്നതായിരുന്നു സ്റ്റീവിന്റെ രീതി. 2018 ഒക്ടോബര്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള കാലയളവില്‍ സ്റ്റീവ് കൊന്നുതള്ളിയത് ഒമ്പത് വളര്‍ത്തുപൂച്ചകളെയായിരുന്നു... Read More...

click me!