ഫ്രൈഡ് ചിക്കന്‍റെ മണത്തിലുള്ള ധൂപം; കെഎഫ്സിയുടെ പുതിയ 'പ്രോഡക്ട്' വിവാദത്തിൽ

By Web TeamFirst Published Jan 30, 2023, 9:06 PM IST
Highlights

കെഎഫ്സി ചിക്കൻ വിഭവങ്ങള്‍ മറ്റ് ഫ്രൈഡ് ചിക്കന്‍ ബ്രാൻഡുകളെക്കാളെല്ലാം മുമ്പ് തന്നെ വിപണിയില്‍ തങ്ങളുടെ വേരുറപ്പിക്കുകയും ഉപഭോക്താക്കളെ കണ്ടെത്തുകയും ചെയ്തവരാണ്. അതിനാല്‍ തന്നെ കെഎഫ്സിയെ കുറിച്ച് അറിയാത്തവരും ചുരുക്കമായിരിക്കും

'കെഎഫ്സി' എന്നത് ലോകത്താകമാനം തന്നെ പ്രശസ്തിയാര്‍ജ്ജിച്ച ഭക്ഷ്യശൃംഖലയാണ്. കെഎഫ്സി ചിക്കൻ വിഭവങ്ങള്‍ മറ്റ് ഫ്രൈഡ് ചിക്കന്‍ ബ്രാൻഡുകളെക്കാളെല്ലാം മുമ്പ് തന്നെ വിപണിയില്‍ തങ്ങളുടെ വേരുറപ്പിക്കുകയും ഉപഭോക്താക്കളെ കണ്ടെത്തുകയും ചെയ്തവരാണ്. 

അതിനാല്‍ തന്നെ കെഎഫ്സിയെ കുറിച്ച് അറിയാത്തവരും ചുരുക്കമായിരിക്കും. ഈ അടുത്തായി തായ്ലാൻഡിലെ കെഎഫ്സി പുറത്തുവിട്ടൊരു പരസ്യം പക്ഷേ ഇപ്പോള്‍ വലിയ രീതിയിലാണ് ചര്‍ച്ചയാകുന്നത്. 

കെഎഫ്സിയുടെ പ്രധാന വിഭവം, നേരത്തെ സൂചിപ്പിച്ചുവല്ലോ- ഫ്രൈഡ് ചിക്കൻ തന്നെയാണ്. ഇതിന്‍റെ ഫ്ളേവറില്‍- അതായത് ഫ്രൈഡ് ചിക്കന്‍റെ മണമുള്ള ധൂപങ്ങള്‍ തങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നുവെന്നാണ് കെഎഫ്സി തായ്ലാൻഡ് നല്‍കിയ പരസ്യം. 

വിദഗ്ധരുടെ ഒരു സംഘത്തെ തന്നെ വിനിയോഗിച്ചാണത്രേ കെഎഫ്സി ഫ്രൈഡ് ചിക്കന്‍റെ ഗന്ധത്തിലുള്ള ധൂപം നിര്‍മ്മിച്ചത്. ഇത് കത്തിച്ച്- സുഗന്ധമുണ്ടാക്കുക മാത്രമല്ല- ഇത് കഴിക്കാനും പറ്റുന്നതാണെന്നാണ് പലരും പറയുന്നത്. കാഴ്ചയില്‍ ഫ്രൈഡ് ചിക്കന്‍റെ ഫിനിഷിംഗും ഉണ്ട് ഈ തിരികള്‍ക്ക്. എന്നാല്‍ ഇത് കഴിക്കാനൊന്നും പറ്റുന്നതല്ല. 

സത്യത്തില്‍ ഇത് ചൈനീസ് ലൂണാര്‍ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ഇറക്കിയ ഒരു പരസ്യം മാത്രമാണെന്നും ഇത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് ഉയരുന്ന ഒരു വാദം. 

എന്തായാലും ഫ്രൈഡ് ചിക്കന്‍റെ മണമുള്ള ധൂപം വിപണിയില്‍ വില്‍പനയ്ക്കായി കെഎഫ്സി ഇറക്കിയിട്ടില്ല. ഇവരുടെ ഒരു മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് കൊടുക്കുന്ന സമ്മാനങ്ങളുടെ കൂട്ടത്തിലൊന്നാണത്രേ ഈ ധൂപവും.പക്ഷേ, വൈകാതെ തന്നെ ഓണ്‍ലൈനായി ഇത് വാങ്ങിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അത്തരത്തില്‍ കെഎഫ്സി ഫ്രൈഡ് ചിക്കൻ ധൂപം വില്‍പനയ്ക്കെത്തുമെന്നാണ് വനിലവില്‍ ലഭിക്കുന്ന സൂചന.

സംഗതി ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും കാര്യമായ ചര്‍ച്ചകളുയര്‍ത്തിയിട്ടുണ്ട്. പലരും കെഎഫ്സിയെ ഇതിന്‍റെ പേരില്‍ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. ഈ രീതിയില്‍ പരസ്യം നല്‍കി പേരെടുക്കുന്നത് എന്തിനാണെന്നും ധാരാളം പേര്‍ ചോദിക്കുന്നു. അതസമയം ഇത് അവരുടെ താല്‍പര്യമാണെന്നും ഇതിനോട് യോജിപ്പുള്ളവര്‍ ഇത് വാങ്ങി ഉപയോഗിച്ചാല്‍ മതിയല്ലോയെന്നുമെല്ലാം മറുവിഭാഗവും വാദിക്കുന്നു. 

 

This is an ad by KFC Thailand for Chinese New Year. So many things wrong with this. You’d that they would know Chinese culture better. pic.twitter.com/2Hv9N9VR4b

— May (@eatcookexplore_)

 

Also Read:- 'വേവിച്ച ചോറിൽ എപ്പോഴും രുചി വ്യത്യാസം'; ഒടുവിൽ 'കാരണം' കണ്ടെത്തിയപ്പോൾ...

tags
click me!