രണ്ട് രാജ്യങ്ങളിലായി കിടന്നുറങ്ങാം ; ഇതൊരു 'സ്പെഷ്യല്‍' ഹോട്ടല്‍ തന്നെ...

By Web TeamFirst Published Jan 23, 2023, 10:37 PM IST
Highlights

ഒരുപാട് പഴക്കമുള്ള ഈ ഹോട്ടലിന് വലിയ ചരിത്രപ്രാധാന്യവുമുണ്ട്. അതായത്, രണ്ടാം ലോകമഹായുദ്ധ കാലത്ത് മൂന്നുനിലകളുള്ള ഹോട്ടലിലെ രണ്ടാം നില മുഴുവനായി അഭയാര്‍ത്ഥികള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

യാത്രകളെ കുറിച്ച് അന്വേഷിക്കുന്നവര്‍ക്കും ഇതിനോട് താല്‍പര്യമുള്ളവര്‍ക്കുമെല്ലാം ഏറെ കൗതുകം തോന്നിക്കുന്നൊരു ഹോട്ടല്‍ വിശേഷമാണ് പങ്കുവയ്ക്കുന്നത്. രണ്ട് രാജ്യത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടല്‍!

ഫ്രാൻസിനും സ്വിറ്റ്സര്‍ലൻഡിനും ഇടയ്ക്കാണ് 'ദ അര്‍ബെസ് ഹോട്ടല്‍' സ്ഥിതി ചെയ്യുന്നത്. ഒരുപാട് പഴക്കമുള്ള ഈ ഹോട്ടലിന് വലിയ ചരിത്രപ്രാധാന്യവുമുണ്ട്. അതായത്, രണ്ടാം ലോകമഹായുദ്ധ കാലത്ത് മൂന്നുനിലകളുള്ള ഹോട്ടലിലെ രണ്ടാം നില മുഴുവനായി അഭയാര്‍ത്ഥികള്‍ക്ക് വിട്ടുനല്‍കിയിരുന്നു. എന്നുമാത്രമല്ല, ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി പ്രദേശത്ത് മാറ്റം വരുന്നതിന് മുമ്പ് തന്നെ ഈ മാറ്റം മുന്നില്‍ക്കണ്ട് വിദഗ്ധമായാണ് മോനിസ്വേര്‍ പോന്തൂസ് എന്ന വ്യവസായി ഹോട്ടല്‍ പണിതത്. ഇത് ഉദ്ദേശം 1862- 63 കാലത്താണ്.

അതുകൊണ്ട് തന്നെ അതിര്‍ത്തി നിര്‍ണയം വന്നപ്പോള്‍ നിയമക്കുരുക്കുകളില്‍ നിന്ന് ഹോട്ടല്‍ വിദഗ്ധമായി രക്ഷപ്പെട്ടു. സംഗതി അദ്ദേഹം വിഭാവനം ചെയ്തത് പോലെ തന്നെ സംഭവിച്ചു. ഹോട്ടല്‍ ഇരുരാജ്യങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സാഹചര്യമായി. 

ഫ്രഞ്ച് വശത്ത് ബാറും സ്വിസ് ഭാഗത്ത് ഒരു കടയുമായിരുന്നു തുടക്കത്തില്‍ ഈ ഹോട്ടല്‍. രണ്ടാം ലോക മഹായുദ്ധ കാലത്തെ കുറിച്ച് പറഞ്ഞുവല്ലോ. അതിന് മുമ്പായി തന്നെ കട മാറ്റി. പിന്നീട് പോന്തൂസിന്‍റെ മകൻ ഏറ്റെടുത്ത് ഇത് ഹോട്ടലാക്കി മാറ്റി. 

ഇതിലെ മികക മുറികളും ഇരുരാജ്യങ്ങളുമായി പങ്കിടുന്നതാണ് എന്നതാണ് ഏറ്റവും രസകരമായ സംഗതി. ചില മുറികളില്‍ തല വയ്ക്കുന്നത് ഫ്രാൻസിലാണെങ്കില്‍ കാല്‍ വയ്ക്കുന്നത് സ്വിറ്റ്സര്‍ലൻഡിലായിരിക്കും. ഹണിമൂണ്‍ മുറികളൊക്കെ ഇതിന് അനുസരിച്ച് പ്രത്യേകമായി ഡിസൈൻ ചെയ്തിരിക്കുന്നു. ചില മുറികള്‍ ഒരു രാജ്യത്തായിരിക്കും എന്നാല്‍ ബാത്ത്റൂം അടുത്ത രാജ്യത്താണ്. ഈയൊരു കൗതുകത്തിന്മേല്‍ മാത്രമാണ് വിനോദസഞ്ചാരികളെല്ലാം ഇവിടെയെത്തുന്നത്. ഒരുപാട് ചാര്‍ജ്ജും താമസത്തിന് ഈടാക്കാറില്ലെന്നാണ് ഹോട്ടല്‍ അധികൃതര്‍ അവകാശപ്പെടുന്നത്. ഹോട്ടലിന്‍റെ മറ്റ് വിശദാംശങ്ങളെല്ലാം അടങ്ങിയ വെബ്സൈറ്റ് ലഭ്യമാണ്. 

Also Read:- 'വേവിച്ച ചോറിൽ എപ്പോഴും രുചി വ്യത്യാസം'; ഒടുവിൽ 'കാരണം' കണ്ടെത്തിയപ്പോൾ...

click me!