കുമാരി നായിക് ഇനി 'ദുർമന്ത്രവാദിനി'യല്ല; ​ഗിന്നസ് റെക്കോർഡിനുടമ!

Web Desk   | Asianet News
Published : Feb 03, 2020, 12:05 PM ISTUpdated : Feb 03, 2020, 12:19 PM IST
കുമാരി നായിക് ഇനി 'ദുർമന്ത്രവാദിനി'യല്ല; ​ഗിന്നസ് റെക്കോർഡിനുടമ!

Synopsis

''ഇങ്ങനെ തന്നെയായിരുന്നു എന്റെ ജനനം. എന്നെ ചികിത്സിക്കാനുള്ള പണം എന്റെ ദരിദ്രകുടുംബത്തിനില്ലായിരുന്നു. എന്റെ വീടിന് പരിസരത്തുള്ളവർ കടുത്ത അന്ധവിശ്വാസികളാണ്. ഞാനൊരു ദുർമന്ത്രവാദിനിയാണെന്നാണ് അവരുടെ വിശ്വാസം. അതുകൊണ്ട് തന്നെ എന്നിൽ നിന്നും അവർ വളരെ അകലം പാലിച്ചിരുന്നു.'' 

ഒഡീഷ:​ ഒരു ​ഗ്രാമം മുഴുവൻ ദുർമന്ത്രവാദിനിയെന്ന് വിളിച്ച് ഒറ്റപ്പെടുത്തിയപ്പോൾ‌ കുമാരി നായക് എന്ന അറുപത്തിമൂന്ന് വയസ്സുകാരി ചിന്തിച്ചിട്ട് കൂടിയുണ്ടാകില്ല, തന്നെത്തേടിയൊരു ലോകോത്തര അം​ഗീകാരം എത്തുമെന്ന്. 19 കാൽ വിരലുകളും 12 കൈവിരലുകളുമായിട്ടായിരുന്നു കുമാരി നായകിന്റെ ജനനം. അറുപത്തിമൂന്നാം വയസ്സിൽ ​ലോകത്ത് ഏറ്റവും കൂടുതൽ വിരലുകളുള്ള വ്യക്തി എന്ന ​ഗിന്നസ് റെക്കോർഡിലേക്ക് എത്തുന്നതിന് മുമ്പ് നിരവധി ദുരിതങ്ങളാണ് ഇവർ അഭിമുഖീകരിച്ചത്. 

സാധാരണ മനുഷ്യരെ അപേക്ഷിച്ച് വിരലുകൾ കൂടുതലുള്ളത് കൊണ്ട് ഒഡീഷയിലെ ​ഗഞ്ചം സ്വദേശിനിയായ കുമാരി നായകിനെ ഒരു തരം ഭയപ്പാടോട് കൂടിയാണ് എല്ലാവരും വീക്ഷിച്ചിരുന്നത്. കുട്ടിക്കാലം  മുതൽ പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ തന്നെ കഴിച്ചു കൂട്ടി. ''ഇങ്ങനെ തന്നെയായിരുന്നു എന്റെ ജനനം. എന്നെ ചികിത്സിക്കാനുള്ള പണം എന്റെ ദരിദ്രകുടുംബത്തിനില്ലായിരുന്നു. എന്റെ വീടിന് പരിസരത്തുള്ളവർ കടുത്ത അന്ധവിശ്വാസികളാണ്. ഞാനൊരു ദുർമന്ത്രവാദിനിയാണെന്നാണ് അവരുടെ വിശ്വാസം. അതുകൊണ്ട് തന്നെ എന്നിൽ നിന്നും അവർ വളരെ അകലം പാലിച്ചിരുന്നു.'' കുമാരി നായക് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. 

വിരലുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് തന്നെയാണ് കുമാരി നായകിനെ ഇപ്പോൾ ലോക റെക്കോർഡ് വരെ എത്തിച്ചിരിക്കുന്നത്. ''എപ്പോഴും വീടിനുള്ളിൽ തന്നെ കഴിയാനാണ് എല്ലാവരും നിർബന്ധിച്ചിരുന്നത്. അയൽക്കാർ ആരും തന്നെ എന്നോട് നല്ല രീതിയിൽ പെരുമാറിയിട്ടില്ല.'' കുമാരി നായക് കൂട്ടിച്ചേർത്തു. അമാനുഷിക ശക്തികളിൽ ആഴത്തിൽ വിശ്വസിക്കുന്നവരാണ് ഇവിടത്തെ ​ഗ്രാമവാസികൾ എന്ന് കുമാരി നായിക്കിന്റെ അയൽവാസികളിലൊരാൾ പറയുന്നു. 

പോളിഡൈക്റ്റലിസം എന്ന രോ​ഗാവസ്ഥയിലൂടെയാണ് വർഷങ്ങളായി കുമാരി നായക് കടന്നു പോകുന്നത്. ഒറ്റയ്ക്ക് ജീവിച്ചിരുന്ന ഇവരെ ​ഗിന്നസ് റെക്കോർഡ് ലഭിച്ചതിനെ തുടർന്ന് സർക്കാർ അധികൃതർ തേടിയെത്തുകയായിരുന്നു. താമസിക്കാനൊരു വീടും കൃത്യമായ പെൻഷനും കുമാരി നായക്കിന് ലഭിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകുന്നു. കൂടാതെ ഇവരുടെ രോ​ഗാവസ്ഥയെക്കുറിച്ച് ​ഗ്രാമവാസികളെ ബോധവത്കരിക്കുമെന്നും അധികൃതർ പറയുന്നു. ഏകാന്തജീവിതം അവസാനിപ്പിച്ച് അവശേഷിക്കുന്ന ജീവിതം സന്തോഷത്തോടെ കഴിച്ചു കൂട്ടാൻ കുമാരി നായകിനെ സഹായിക്കുമെന്നും ഇവർ പറഞ്ഞു. 14 കാൽവിരലുകളും 14 കൈവിരലുകളുമുള്ള ദേവേന്ദ്ര സത്താർ ആയിരുന്നു ഇവർക്ക് മുമ്പ് ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. 

PREV
click me!

Recommended Stories

ചുരുളഴിയും ഭംഗി: ട്രെൻഡി കർളി ഹെയർ എങ്ങനെ പരിപാലിക്കാം?
സ്മൂത്തനിംഗ് ഇനി വീട്ടിൽ: മുടിക്ക് സ്വാഭാവിക മിനുസം നൽകാൻ ഈ മാജിക് കൂട്ടുകൾ