
കെന്ദ്രപ്പൊഡ: വംശനാശം നേരിടുന്ന പ്രത്യേകയിനത്തിലുള്ള ആമകള്‍ കൂട്ടമായി വന്നുചേരുകയാണ് ഒഡീഷയിലെ ഗഹിര്‍മതാ ബീച്ചില്‍. പത്തോ ആയിരമോ ഒന്നുമല്ല ലക്ഷക്കണക്കിന് ആമകളാണ് ഇവിടെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വന്നുചേര്‍ന്നിരിക്കുന്നത്.
വനപാലകരുടെ കണക്ക് പ്രകാരം നാല് ലക്ഷത്തിലധികം ആമകള്‍ ഇപ്പോള്‍ തന്നെ തീരത്തെത്തിക്കഴിഞ്ഞു. ഇവര്‍ കൂട്ടമായി തീരത്തേക്ക് ഒഴുകിയെത്തിയതിന് പിന്നില്‍ ഒരു ഗൂഢ ഉദ്ദേശവുമുണ്ട്. മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കണം.
കഴിഞ്ഞ സീസണിലും ലക്ഷക്കണക്കിന് പെണ്‍ ആമകള്‍ ഇവിടെയത്തിയിരുന്നു. ഉദ്ദേശം അതുതന്നെ. അന്ന് ഏതാണ്ട് ആറര ലക്ഷത്തിലധികം ആമകളാണ് എത്തിയത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാഴ്ചയായതിനാല്‍ തന്നെ സഞ്ചാരികള്‍ കൂട്ടമായി ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ സഞ്ചാരികളെ ഇവിടേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വനപാലകര്‍ കര്‍ശനമായി വിലക്കിയിരിക്കുകയാണ്.
ആമകള്‍ക്ക് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാനുള്ള സൗകര്യമൊരുക്കുന്ന തിരക്കിലാണ് ഇവരിപ്പോള്‍. പട്ടിയോ കുറുക്കനോ പോലുള്ള മൃഗങ്ങള്‍ തീരത്തെത്താതിരിക്കാന്‍ വല കെട്ടിയാണ് ഇവര്‍ ആമകള്‍ക്ക് സുരക്ഷയൊരുക്കിയിരിക്കുന്നത്. കുഞ്ഞുങ്ങളായിക്കഴിയുമ്പോള്‍ അവരുമൊത്ത് കടലിലേക്ക് തന്നെ തിരിച്ചിറങ്ങുന്നതാണ് ഇവയുടെ രീതി.