മഹേഷ് അയ്യര്‍ മടങ്ങി; ഏവരെയും ഞെട്ടിച്ച ജീവിതകഥ വൈറലായതിന് പിന്നാലെ മരണം...

By Web TeamFirst Published Jan 19, 2024, 1:56 PM IST
Highlights

അവശനിലയില്‍ തൃശൂരിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് സന്നദ്ധ പ്രവര്‍ത്തകനായ മുരുകൻ തെരുവോരമാണ് മഹേഷിനെ ഏറ്റെടുത്തത്. കാലിലെ മുറിവുകള്‍ പഴുത്തിരുന്നതിനാല്‍ നേരെ ആലപ്പുഴ മെഡി, കോളേജില്‍ പ്രവേശിപ്പിച്ചു.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ അനുഭവകഥകളും വിവരണങ്ങളുമെല്ലാം നാം വായിക്കാറും കാണാറുമുണ്ട്. ഇവയില്‍ പലതും പിന്നീടും നമ്മുടെ മനസിനെ ആഴത്തില്‍ സ്വാധീനിക്കുകയോ സ്പര്‍ശിച്ചുകൊണ്ടിരിക്കുകയോ ചെയ്യാറുണ്ട്. ചില ജീവിതങ്ങള്‍, നമ്മളില്‍ തീര്‍ക്കുന്ന മാറ്റങ്ങള്‍, ചിന്തകള്‍ എല്ലാം എത്ര പഠിച്ചാലും എത്ര വലിയ ജോലി നേടിയാലും നമുക്ക് അതിലൂടെയൊന്നും സമ്പാദിക്കാൻ സാധിക്കാത്തതാണ്. 

അത്തരത്തില്‍ അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടൊരു മനുഷ്യനുണ്ട്. മഹേഷ് അയ്യര്‍ എന്നാണിദ്ദേഹത്തിന്‍റെ പേര്. മഹേഷ് അയ്യര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ പലരും ഇദ്ദേഹത്തെ തിരിച്ചറിയും.

പക്ഷേ നേരത്തെ ആരോരുമില്ലാതെ വഴിയരികിലെ കടത്തിണ്ണയില്‍ പഴുത്ത വ്രണങ്ങളുമായി, ഭക്ഷണമില്ലാതെ, ദുരിതത്തോട് സമരസപ്പെടാൻ ശ്രമിച്ച് കഴിഞ്ഞുകൂടിയിരുന്ന മനുഷ്യക്കോലമായിരിക്കുമ്പോള്‍ മഹേഷിനെ ആര്‍ക്കും മനസിലായിരുന്നില്ല. കേവലം മൂന്ന് വര്‍ഷം കൊണ്ടാണ് മഹേഷ് ഇങ്ങനെ പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും തിരിച്ചറിയാൻ വയ്യാത്ത നിലയിലേക്ക് എത്തിയത്.

മൂന്ന് വര്‍ഷം കൊണ്ട് ഒരു മനുഷ്യൻ ഇങ്ങനെയൊക്കെ മാറുമോ എന്നാണ് ഒടുവില്‍ മഹേഷിനെ തിരിച്ചറിഞ്ഞപ്പോള്‍ ഏവരും ചോദിച്ചത്. മഹേഷിന്‍റെ കഥ വല്ലാത്തൊരു നോവായി സോഷ്യല്‍ മീഡിയയില്‍ ഏവരും ഏറ്റെടുത്തു. അത് ചര്‍ച്ചയായി, സഹായ വാഗ്ദാനങ്ങളും മറ്റുമെത്തുമ്പോഴേക്ക് മഹേഷ് വിട പറഞ്ഞു എന്ന വാര്‍ത്തയാണ് വരുന്നത്. 

അവശനിലയില്‍ തൃശൂരിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് സന്നദ്ധ പ്രവര്‍ത്തകനായ മുരുകൻ തെരുവോരമാണ് മഹേഷിനെ ഏതാനും ദിവസങ്ങള്‍ മുമ്പ് ഏറ്റെടുത്തത്. കാലിലെ മുറിവുകള്‍ പഴുത്തിരുന്നതിനാല്‍ നേരെ ആലപ്പുഴ മെഡി, കോളേജില്‍ പ്രവേശിപ്പിച്ചു. 

കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് മഹേഷിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞത്. ബി.കോം ബിരുദധാരിയായ മഹേഷ് മുംബൈയില്‍ നല്ലൊരു കമ്പനിയില്‍ സാമാന്യം നല്ല പോസ്റ്റില്‍ ജോലിയുണ്ടായിരുന്ന ആളായിരുന്നു. സ്വന്തമായി ബിസിനസും നടത്തിയിരുന്നു. കൊവിഡ് കാലമായതോടെ ബിസിനസ് അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. 

തുടര്‍ന്നാണ് മഹേഷിന്‍റെ ജീവിതം ആകെ മാറിമറിയുന്നത്. എറണാകുളത്ത് അമ്മയ്ക്കൊപ്പം വാടകവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഒരു വര്‍ഷം മുമ്പ് അമ്മ കൂടി മരിച്ചതോടെ മഹേഷ് ഒറ്റപ്പെട്ടു. മാനസികമായി ചെറിയ പ്രയാസങ്ങള്‍ നേരിട്ടുതുടങ്ങി. ഇതിന് പിന്നാലെയാണ് ജോലി തേടി തൃശൂരിലെത്തിയത്. ആദ്യം ഓട്ടോറിക്ഷ ഓടിച്ചിരുന്നെങ്കിലും പിന്നീട് അതും ചെയ്യാൻ സാധിക്കാതായി. ഇതിനിടെ ക്ഷയരോഗവും ബാധിച്ചു. 

പിന്നീട് ചെലവിന് പണമില്ലാത്ത നിലയിലായപ്പോള്‍ കിടപ്പ് കടത്തിണ്ണയിലായി. ആരെങ്കിലും നല്‍കുന്ന ഭക്ഷണം കഴിക്കും. രോഗങ്ങള്‍ക്ക് ചികിത്സയില്ല. നേരത്തിന് ഭക്ഷണമില്ലാതെയും ചികിത്സയില്ലാതെയും എല്ലും തോലുമായ നിലയിലായിരുന്നു മഹേഷ്. ഇതാണ് മൂന്ന് വര്‍ഷം മുമ്പുള്ള ആളാണിതെന്ന് വിശ്വസിക്കാൻ തന്നെ പരിചയക്കാര്‍ക്ക് തടസമായത്. 

മഹേഷ് സജീവമായിരുന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും മഹേഷിനെ കുറിച്ചുള്ള കുറിപ്പുകളും അദ്ദേഹം മുമ്പ് അവിടെ പോസ്റ്റ് ചെയ്ത തന്‍റെ തന്നെ ഫോട്ടോയുമെല്ലാം വന്നിട്ടുണ്ട്. ഏവരെയും ഞെട്ടിക്കുന്നതും നോവിക്കുന്നതുമായി മഹേഷിന്‍റെ മാറ്റം. ഇതിന് പിന്നാലെ മരണവാര്‍ത്തയും കൂടി എത്തിയതോടെ തീരാനോവ് ആവുകയാണ് മഹേഷ് എന്ന മനുഷ്യനെ കുറിച്ചുള്ള ഓര്‍മ്മ. 

വിദഗ്ധ ചികിത്സയ്ക്കായി മഹേഷിനെ കണ്ണൂരിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയായിരുന്നു. ഇതിന് മുമ്പാണ് മരണം സംഭവിച്ചിരിക്കുന്നത്. 

Also Read:- തിരക്കുള്ള റോഡില്‍ പഴ്സ് വീണുപോയതറിഞ്ഞില്ല; പിന്നീട് സംഭവിച്ചത്- വൈറല്‍ പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!