സ്ത്രീകള്‍ ആകൃഷ്ടരാകുന്ന പുരുഷമുഖം, ദാ ഇങ്ങനെയാണ്...

By Web TeamFirst Published Jan 15, 2020, 8:36 PM IST
Highlights

സ്ത്രീകള്‍ എളുപ്പത്തില്‍ ആകൃഷ്ടരാകുന്ന പുരുഷമുഖം എങ്ങനെയുള്ളതാണെന്നായിരുന്നു പഠനസംഘം അന്വേഷിച്ചത്. 17 മുതല്‍ 70 വയസ് വരെ പ്രായം വരുന്ന സ്ത്രീകളെയാണ് ഗവേഷകര്‍ ഇതിനായി ഉപേയാഗിച്ചത്. പുരുഷനിലെ ചില പൊതുവായ ഘടകങ്ങള്‍ മിക്ക സ്ത്രീകളേയും ആകര്‍ഷിക്കുന്നുവെന്ന് ഇവര്‍ കണ്ടെത്തി

പരസ്പരം ആകര്‍ഷിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത സ്ത്രീകളും പുരുഷന്മാരും കുറവാണെന്ന് പറയാം. വിപരീതലിംഗത്തില്‍ പെട്ടവരോട് ആകര്‍ഷണം തോന്നുക എന്നത് അത്രയും ജൈവികമായ വാസനയാണ്. ഇവിടെയാണ് സ്ത്രീത്വം, പൗരുഷം എന്നെല്ലാമുള്ള സങ്കല്‍പങ്ങള്‍ സുപ്രധാനമാകുന്നത്.

സാമൂഹികമായ പല ഘടകങ്ങളും ഇതില്‍ ഉള്‍പ്പെടാറുണ്ട്. കായികമായി മുന്നില്‍ നില്‍ക്കുന്ന പുരുഷന്മാരെയാണ് പലപ്പോഴും പൗരുഷമുള്ളവരായി നമ്മള്‍ കണക്കാക്കാറ്. അതുപോലെ, കുലീനതയോടെ പെരുമാറുന്ന സ്ത്രീകളെ മിക്ക പുരുഷന്മാര്‍ക്കും എളുപ്പത്തില്‍ ഇഷ്ടപ്പെടാറുണ്ട്. എന്നാല്‍ ഇതെല്ലാം ആദ്യം സൂചിപ്പിച്ചത് പോലെ സമൂഹം നിര്‍മ്മിച്ചെടുത്ത ബോധത്തിന്റെ ഭാഗമായ കാഴ്ചപ്പാടുകളാണ്.

സമൂഹത്തിന്റെ ഈ നിര്‍മ്മിത കാഴ്ചപ്പാടുകളെ മറികടക്കാന്‍ ഭൂരിപക്ഷത്തിനും കഴിയാറില്ലെന്നത് വസ്തുതയാണ്. അപ്പോള്‍ ആ അളവുകോലുകള്‍ക്കകത്ത് വച്ച് തന്നെ നമുക്ക് ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടിവരും. ഇനി ഈ വിഷയം സംബന്ധിച്ച് നടന്ന രസകരമായൊരു പഠനത്തെക്കുറിച്ച് പറയാം. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

 


സ്ത്രീകള്‍ എളുപ്പത്തില്‍ ആകൃഷ്ടരാകുന്ന പുരുഷമുഖം എങ്ങനെയുള്ളതാണെന്നായിരുന്നു പഠനസംഘം അന്വേഷിച്ചത്. 17 മുതല്‍ 70 വയസ് വരെ പ്രായം വരുന്ന സ്ത്രീകളെയാണ് ഗവേഷകര്‍ ഇതിനായി ഉപേയാഗിച്ചത്. പുരുഷനിലെ ചില പൊതുവായ ഘടകങ്ങള്‍ മിക്ക സ്ത്രീകളേയും ആകര്‍ഷിക്കുന്നുവെന്ന് ഇവര്‍ കണ്ടെത്തി.

അതില്‍ ആദ്യത്തെ ഘടകമാണ് താടി. പൗരുഷത്തിന്റെ ലക്ഷണമായി നമ്മള്‍ വ്യാപകമായി പറയാറുള്ള ഒന്നാണ് താടി. ഈ സങ്കല്‍പം സാധൂകരിക്കുന്നതായിരുന്നു പഠനത്തിന്റെ നിരീക്ഷണങ്ങളും. താടിയുള്ള പുരുഷന്മാരില്‍ സ്ത്രീകള്‍ എളുപ്പത്തില്‍ ആകൃഷ്ടരായേക്കുമത്രേ. കായികമായും സാമൂഹികമായും ഇവര്‍ മറ്റ് പുരുഷന്മാരെക്കാള്‍ മുകളിലായിരിക്കുമെന്ന സങ്കല്‍പമാണത്രേ ഈ മനശാസ്ത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

അതേസമയം ചെറിയൊരു വിഭാഗം സ്ത്രീകള്‍ ശക്തമായി താടിയെ എതിര്‍ക്കുന്നുമുണ്ട്. ഇതിന് അവര്‍ കാണുന്ന കാരണം, വ്യക്തിശുചിത്വമാണ്. താടിയുള്ളവരില്‍ വ്യക്തിശുചിത്വം കുറവായിരിക്കുമെന്നാണത്രേ ഇവര്‍ പ്രതികരിച്ചത്.

 

 

ഇനി മുഖത്തിന്റെ കാര്യമെടുത്താല്‍ കൗതുകമുണര്‍ത്തുന്ന പല നിരീക്ഷണങ്ങളും പഠനം പങ്കുവയ്ക്കുന്നു. വിശാലമായ കവിളെല്ലുകളും, ഉറച്ച് വ്യക്തമായ കീഴ്ത്താടിയും, ആഴം തോന്നിക്കുന്നതും നീണ്ടതുമായ കണ്ണുകളുമെല്ലാമുള്ള പുരുഷന്മാരെയാണത്രേ മിക്ക സ്ത്രീകളും കാഴ്ചയ്ക്ക് ഇഷ്ടപ്പെടുന്നത്.

അതോടൊപ്പം തന്നെ, രസകരമായ മറ്റൊരു സവിശേഷത കൂടി മിക്ക സ്ത്രീകളും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഉയര്‍ന്ന പുരികത്തടമുള്ള പുരുഷമുഖം കൂടുതല്‍ ആകര്‍ഷകമാണത്രേ. അത്ര പെട്ടെന്നൊന്നും നമ്മള്‍ ശ്രദ്ധിക്കില്ലെന്ന് കരുതുന്ന സവിശേഷതയാണിത്. എന്നാല്‍ അതിന് പോലും വലിയ ശ്രദ്ധ കിട്ടുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്. എന്തായാലും രസകരമായ കണ്ടെത്തലുകളായതിനാല്‍ തന്നെ പഠനത്തിന് വലിയ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. എന്നാല്‍ എത്രത്തോളം ആധികാരികമാണ് ഈ വിവരങ്ങളെന്നതും, പ്രദേശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമനുസരിച്ച് ഈ സങ്കല്‍പങ്ങള്‍ മാറിമറിയുമോയെന്നതും ബാക്കിയാകുന്ന സംശയങ്ങളാകുന്നു.

click me!