വീട്ടുസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു; പെട്ടി തുറന്നപ്പോള്‍ കണ്ടത്...

Published : Aug 26, 2019, 06:28 PM ISTUpdated : Aug 26, 2019, 06:33 PM IST
വീട്ടുസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു; പെട്ടി തുറന്നപ്പോള്‍ കണ്ടത്...

Synopsis

ഓർഡർ ചെയ്ത സാധനങ്ങൾ കൃത്യമായി പാക്ക് ചെയ്ത് വീട്ടിലെത്തിക്കുന്നത് കച്ചവടക്കാരുടെയോ അതത് ഏജന്‍സികളുടെയോ ഉത്തരവാദിത്തമാണ്. ഇതിലെന്തെങ്കിലും പാളിച്ചകള്‍ പറ്റിയാല്‍ ഓണ്‍ലൈനായിത്തന്നെ പരാതിപ്പെടാനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ടായിരിക്കും. എന്നാല്‍ അത്തരത്തില്‍ പരാതിപ്പെടാനൊന്നും ആള് ബാക്കിയില്ലെങ്കിലോ?  

ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് പോലെ തന്നെ, വീട്ടുസാധനങ്ങളും ഓര്‍ഡര്‍ ചെയ്ത് വരുത്താനുള്ള സൗകര്യം പലയിടങ്ങളിലും ഇന്ന് ലഭ്യമാണ്. വീട്ടിലേക്കാവശ്യമായ അരിയോ പലചരക്കോ പച്ചക്കറികളോ പഴങ്ങളോ എന്തും ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കാവുന്നതാണ്.

ഇത് കൃത്യമായി പാക്ക് ചെയ്ത് വീട്ടിലെത്തിക്കുന്നത് കച്ചവടക്കാരുടെയോ അതത് ഏജന്‍സികളുടെയോ ഉത്തരവാദിത്തമാണ്. ഇതിലെന്തെങ്കിലും പാളിച്ചകള്‍ പറ്റിയാല്‍ ഓണ്‍ലൈനായിത്തന്നെ പരാതിപ്പെടാനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ടായിരിക്കും. 

എന്നാല്‍ അത്തരത്തില്‍ പരാതിപ്പെടാനൊന്നും ആള് ബാക്കിയില്ലെങ്കിലോ? കേട്ടിട്ട് അമ്പരക്കേണ്ട, ഭാഗ്യം കൊണ്ട് ജീവന്‍ പോയില്ലെങ്കിലും അത്തരത്തിലൊരു വിചിത്രമായ സംഭവമാണ് ഒഡീഷയിലെ മയൂര്‍ബഞ്ച് എന്ന സ്ഥലത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. റായ്‍രംഗ്‍പൂർ സ്വദേശിയായ മൃത്യുകുമാര്‍ വീട്ടിലേക്ക് വേണ്ട ചില അത്യാവശ്യസാധനങ്ങള്‍ ഒരു കടയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു. 

വൈകാതെ സാധനമെത്തി. അല്‍പനേരം കഴിഞ്ഞ് അദ്ദേഹം സാധനങ്ങള്‍ കൊണ്ടുവന്ന പെട്ടി തുറന്നുനോക്കി. സാധനങ്ങള്‍ വച്ചിരിക്കുന്ന സഞ്ചി ഇളകുന്നത് കണ്ട് അത് ചെറുതായി ഒന്ന് തട്ടിനോക്കിയപ്പോള്‍ പെട്ടെന്ന് എന്തോ പുറത്തേക്ക് കുതിച്ചുവന്നു. ഒരുഗ്രന്‍ മൂര്‍ഖന്‍ പാമ്പ്. അത് വീടിനകത്താകെ പാഞ്ഞുകൊണ്ടിരുന്നു. 

തികച്ചും അപ്രതീക്ഷിതമായതിനാല്‍ത്തന്നെ താന്‍ നന്നായി ഭയന്നുവെന്ന് മൃത്യു കുമാര്‍ പറയുന്നു. പിന്നീട് പാമ്പ് പിടുത്തക്കാരെ ഫോണ്‍ ചെയ്ത് വിവരമറിയിച്ചു. കൃത്യസമയത്ത് അവര്‍ വന്നതുകൊണ്ടാണ് താന്‍ ജീവന് പ്രശ്‌നം പറ്റാതെ രക്ഷപ്പെട്ടതെന്നും ഇയാള്‍ വിശദീകരിക്കുന്നു. 

അഞ്ചരയടിയോളം വലിപ്പമുള്ള ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെയാണ് പെട്ടിയിലെത്തിയതെന്ന് പാമ്പ് പിടുത്തക്കാര്‍ സ്ഥിരീകരിച്ചു. അവര്‍ പിന്നീട് അതിനെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് വിട്ടുകൊടുത്തു. 

കടയില്‍ വച്ച് സാധനങ്ങള്‍ പാക്ക് ചെയ്ത പെട്ടി അബദ്ധവശാല്‍ എലി കടിച്ച് മുറിക്കുകയും- ഈ വിടവിലൂടെ പാമ്പ് കയറിയതാകാമെന്നുമാണ് കച്ചവടക്കാരുടെ വിശദീകരണം. എന്തായാലും വീട്ടുസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വീട്ടിലെത്തിക്കുന്ന പതിവുള്ളവരെല്ലാം വിചിത്ര സംഭവം കേട്ട് ഒന്ന് ഭയന്ന മട്ടിലാണ്. തികച്ചും നിരുത്തരവാദിത്തപരമായ സമീപനമാണ് കച്ചവടസ്ഥാപനം പുലര്‍ത്തിയതെന്നും അഭിപ്രായമുയരുന്നുണ്ട്. പരാതിയും നഷ്ടപരിഹാരവും ആവശ്യപ്പെടണമെന്ന നിര്‍ദേശവുമായി മൃത്യു കുമാറിനെ സോഷ്യല്‍ മീഡിയയില്‍ സമീപിച്ചവരും കുറവല്ല. 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ