പ്രണയത്തില്‍ 'തേപ്പ്' കിട്ടുന്നവര്‍ക്ക് ഇങ്ങനെ ചെയ്തൂടെ? ; രസകരമായ പകയുടെ കഥ...

By Web TeamFirst Published Nov 24, 2022, 7:39 PM IST
Highlights

പ്രണയബന്ധത്തില്‍ നിന്നോ വൈവാഹികജീവിതത്തില്‍ നിന്നോ ഇണ ഇറങ്ങിപ്പോകുമ്പോള്‍ ബാക്കിയാകുന്നയാള്‍ക്ക് അതില്‍ ദുഖം തോന്നാം, നിരാശയുണ്ടാകാം. ഇത് വളെ സ്വാഭാവികമായ അനുഭവമാണ്. എന്നാല്‍ ഉപേക്ഷിച്ചുപോയ ആളോട് തീരാത്ത പക തോന്നുന്നതും ആ പകയില്‍ അവരെ ഇല്ലാതാക്കാൻ വരെ ആലോചിക്കുന്നതും അത്ര സ്വാഭാവികമല്ല.

പ്രണയബന്ധത്തിനിടെ കാമുകിയോ കാമുകനോ ബന്ധമുപേക്ഷിച്ച് പോകുന്നതിനെ 'തേപ്പ്' എന്നാണ് പൊതുവെ തമാശരൂപേണ മിക്കവരും വിളിക്കാറ്. പ്രണയത്തിലായാലും സൗഹൃദത്തിലായാലും വിവാഹബന്ധത്തിലായാലും ബന്ധത്തില്‍ നില്‍ക്കുന്നതും പോകുന്നതുമെല്ലാം തീര്‍ത്തും വ്യക്തികളുടെ തെരഞ്ഞെടുപ്പും അവരുടെ അവകാശവും ആണ്. 

പ്രണയബന്ധത്തില്‍ നിന്നോ വൈവാഹികജീവിതത്തില്‍ നിന്നോ ഇണ ഇറങ്ങിപ്പോകുമ്പോള്‍ ബാക്കിയാകുന്നയാള്‍ക്ക് അതില്‍ ദുഖം തോന്നാം, നിരാശയുണ്ടാകാം. ഇത് വളെ സ്വാഭാവികമായ അനുഭവമാണ്. എന്നാല്‍ ഉപേക്ഷിച്ചുപോയ ആളോട് തീരാത്ത പക തോന്നുന്നതും ആ പകയില്‍ അവരെ ഇല്ലാതാക്കാൻ വരെ ആലോചിക്കുന്നതും അത്ര സ്വാഭാവികമല്ല.

ഇത്തരത്തിലുള്ള എത്രയോ ദുരന്തകഥകള്‍ നാം കേട്ടിരിക്കുന്നു. പ്രണയമുപേക്ഷിച്ചതിന് കാമുകിയെ നടുറോഡില്‍ പോലും വെട്ടിയും തീയിട്ടും കൊന്നിട്ടുള്ള കാമുകന്മാര്‍. തിരിച്ച് കാമുകനെ കൊന്നിട്ടുള്ള കാമുകിമാര്‍. അങ്ങനെ എത്രയെത്ര ദാരുണമായ സംഭവങ്ങള്‍. ഇവയെല്ലാം തന്നെ മനുഷ്യന്‍റെ അനാരോഗ്യകരവും അപകടകരവുമായ മാനസികാവസ്ഥയെ ആണ് കാണിക്കുന്നത്. സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകള്‍ ഇപ്പോഴും ഇത്തരം പ്രവണതകളെ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നു എന്നതാണ് അതില്‍ ഏറ്റവും ദുഖകരമായ സംഗതി.

ഇവിടെയിതാ കാമുകി ഉപേക്ഷിച്ച് പോയതിന് പിന്നാലെ ഇതിന്‍റെ പേരില്‍ ജീവിതം പച്ച പിടിപ്പിച്ചിരിക്കുകയാണൊരു യുവാവ്. ഇതും കാമുകിയോടുള്ള പക കൊണ്ടുതന്നെ. എന്നാലീ പക ആ യുവതിയെയോ യുവാവിനെയോ തകര്‍ക്കുന്നതായിരുന്നില്ല. അതുകൊണ്ട് തന്നെ ഈ പകയ്ക്ക് നാം കയ്യടിച്ചേ മതിയാകൂ.

മദ്ധ്യപ്രദേശിലെ രാജ്ഘട്ട് സ്വദേശിയായ അന്തര്‍ ഗുജ്ജര്‍ എന്ന യുവാവാണ് ഈ കഥയിലെ നായകൻ. നായികയെ തല്‍ക്കാലം 'എം' എന്ന് വിശേഷിപ്പിക്കാം. ബന്ധുവിന്‍റെ വിവാഹത്തിന് തമ്മില്‍ പരിചയപ്പെട്ടതായിരുന്നുവത്രേ ഇരുവരും. പരിചയപ്പെട്ട് ഇരുവരും സംസാരം തുടങ്ങി. അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്ക് ഇവര്‍ പ്രണയത്തിലുമായി. തുടര്‍ന്ന് രണ്ട് വര്‍ഷം പ്രണയിച്ചു. ഒടുവില്‍ അന്തര്‍ ഇവരോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതോടെ ബന്ധം തകര്‍ന്നു.

ജോലിയില്ലാത്ത, സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന അന്തറിനെ വിവാഹം ചെയ്യാൻ തനിക്ക് സമ്മതമല്ല എന്നായിരുന്നു അവര്‍ അറിയിച്ചത്. ഇതോടെ ബന്ധവും തകര്‍ന്നു. അവര്‍ വൈകാതെ തന്നെ ജോലിയും സാമ്പത്തികനിലയുമുള്ളൊരു യുവാവിന് വിവാഹം ചെയ്യുകയും ചെയ്തു. 

ഇതിന് ശേഷം മരിക്കാൻ വരെ താൻ ആലോചിച്ചുവെന്നാണ് അന്തര്‍ പറയുന്നത്. അത്രയും നിരാശയിലേക്ക് ഇദ്ദേഹം വീണു. ബ്രേക്കപ്പിന് ശേഷം രണ്ട് വര്‍ഷത്തോളം കടന്നുപോയി. ഇതിന് ശേഷം അന്തര്‍ ഒരു ചായക്കട തുടങ്ങാൻ തീരുമാനിച്ചു. കാമുകിയോടുള്ളപക തന്നെ ഇന്ധനം. കടയ്ക്ക് പേരിട്ടപ്പോഴും ഇതേ പക തന്നെ അന്തറിന്‍റെ മനസില്‍ ആളിക്കത്തി. അങ്ങനെ 'എം ബേവഫാ' എന്ന് പേരിട്ടു.

'എം' എന്നാല്‍ കാമുകിയുടെ പേരിന്‍റെ ആദ്യാക്ഷരം. ബേവഫാ എന്നാല്‍ വിശ്വസിക്കാൻ കൊള്ളാത്തയാള്‍ എന്നര്‍ത്ഥം. സംഗതി അല്‍പം പിശക് പേരാണെങ്കിലും ഇതൊക്കെ എല്ലാവരും അങ്ങ് സമ്മതിച്ചുകൊടുത്തു. എന്തായാലും മുന്നോട്ട് പോകാൻ ഒരുപജീവനമാര്‍ഗം കണ്ടെത്തിയല്ലോ. 

ഇപ്പോള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നൊരു ടീസ്റ്റാള്‍ ആണിത്. ഒരു രസകരമായ സംഗതി കൂടി ഈ കടയ്ക്കുണ്ട്. പ്രണയം കൈവിട്ടുപോയതിന്‍റെ ദുഖത്തില്‍ നിന്ന് കരകയറാൻ ഇട്ട കടയായതിനാല്‍ തന്നെ ഇവിടെയെത്തുന്ന പ്രണയനഷ്ടം സംഭവിച്ചവര്‍ക്കെല്ലാം അമ്പത് ശതമാനം ഡിസ്കൗണ്ടും ഇവിടെ നല്‍കുമത്രേ. എന്തായാലും അന്തറിന്‍റെ വ്യത്യസ്തമായ സംരംഭം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെല്ലാം വൈറലാണ്.

 

Also Read:- ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോയി; പോകും മുമ്പ് ഭര്‍ത്താവിന് 'എട്ടിന്‍റെ പണി'?

click me!