'ആളുകള്‍ മാമ്പഴം മോഷ്ടിച്ചപ്പോള്‍ അതോടെ എല്ലാം തീര്‍ന്നെന്ന് കരുതി, നന്ദി...'

Web Desk   | others
Published : May 23, 2020, 07:09 PM IST
'ആളുകള്‍ മാമ്പഴം മോഷ്ടിച്ചപ്പോള്‍ അതോടെ എല്ലാം തീര്‍ന്നെന്ന് കരുതി, നന്ദി...'

Synopsis

ഒരു സ്‌കൂളിനടത്ത് ഉന്തുവണ്ടിയില്‍ മാമ്പഴം വച്ച് വില്‍പന നടത്തുകയായിരുന്നു ഫൂല്‍ മിയ എന്ന ഛോട്ടു. എന്നാല്‍ അവിടെ കച്ചവടം നടത്താന്‍ പാടില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ വന്ന് ഛോട്ടുവിനോട് വഴക്കുണ്ടാക്കി. തുടര്‍ന്ന് ഉന്തുവണ്ടി എത്രയും പെട്ടെന്ന് അവിടെ നിന്ന് മാറ്റാനും അവരാവശ്യപ്പെട്ടു. ലോക്ഡൗണ്‍ നിയമലംഘനം ആകുമോ എന്ന് ഭയന്ന ഛോട്ടു വണ്ടി അവിടെ നിന്ന് മാറ്റിയിടാനും തീരുമാനിച്ചു  

ലോക്ഡൗണ്‍ കാലത്തെ വാര്‍ത്താപ്രളയത്തിനിടെ കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്ന് പുറത്തുവന്നൊരു വാര്‍ത്ത നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? വഴിയരികില്‍ മാമ്പഴക്കച്ചവടം നടത്തുന്നൊരാളുടെ മാമ്പഴക്കൂടകള്‍ പരസ്യമായി കൊള്ളയടിക്കുന്ന ആള്‍ക്കൂട്ടത്തെ കുറിച്ച് വന്ന വാര്‍ത്ത. 

ദില്ലിയിലെ ജഗത്പുരിയിലാണ് സംഭവം നടന്നത്. അവിടെ ഒരു സ്‌കൂളിനടത്ത് ഉന്തുവണ്ടിയില്‍ മാമ്പഴം വച്ച് വില്‍പന നടത്തുകയായിരുന്നു ഫൂല്‍ മിയ എന്ന ഛോട്ടു. എന്നാല്‍ അവിടെ കച്ചവടം നടത്താന്‍ പാടില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ വന്ന് ഛോട്ടുവിനോട് വഴക്കുണ്ടാക്കി. 

തുടര്‍ന്ന് ഉന്തുവണ്ടി എത്രയും പെട്ടെന്ന് അവിടെ നിന്ന് മാറ്റാനും അവരാവശ്യപ്പെട്ടു. ലോക്ഡൗണ്‍ നിയമലംഘനം ആകുമോ എന്ന് ഭയന്ന ഛോട്ടു വണ്ടി അവിടെ നിന്ന് മാറ്റിയിടാനും തീരുമാനിച്ചു. അങ്ങനെ വണ്ടിയുമായി അവിടെ നിന്ന് പോയി, തിരിച്ചുവന്ന സമയം കൊണ്ട് വഴിയാത്രക്കാരും കാല്‍നടയാത്രക്കാരും ചേര്‍ന്ന് ഛോട്ടുവിന്റെ 15 കൂട മാമ്പഴം മോഷ്ടിക്കുകയായിരുന്നു. 

ദൃക്‌സാക്ഷിയായ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടത്. വൈകാതെ തന്നെ ഛോട്ടുവിന്റെ ദുരനുഭവം വാര്‍ത്തയുമായി. 'എന്‍ഡിടിവി' ന്ല്‍കിയ വാര്‍ത്തയ്‌ക്കൊപ്പം ഛോട്ടുവിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളുമുണ്ടായിരുന്നു. 

ഇതുവഴി സഹായമെത്തിയതോടെ നന്ദി അറിയിക്കുകയാണ് ഛോട്ടുവിപ്പോള്‍. മുപ്പതിനായിരം രൂപയുടെ മാമ്പഴമാണ് മോഷ്ടിക്കപ്പെട്ടതെന്നും ഇപ്പോള്‍ അതിലധികം പണം തനിക്ക് സഹായമായി ലഭിച്ചുവെന്നും ഛോട്ടു പറയുന്നു. 

'എന്റെ മാമ്പഴം കുറേ പേര്‍ ചേര്‍ന്ന് എടുത്തോണ്ട് പോയി. പക്ഷേ ഇന്ന് എനിക്കതിന് പകരം സഹായം കിട്ടിയിരിക്കുന്നു. എന്നെ സഹായിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. എന്റെ ദുഖത്തില്‍ എന്നോടൊപ്പം നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ട്. ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ഇപ്പോള്‍. സത്യത്തില്‍ ഇന്നലെ അങ്ങനെയെല്ലാം സംഭവിച്ചപ്പോള്‍ അതോടെ എല്ലാം തീര്‍ന്നുവെന്ന് ഞാന്‍ കരുതി. ലോക്ഡൗണ്‍ ആയതോടെ കച്ചവടം തീരെ കുറഞ്ഞിരിക്കുകയായിരുന്നു. ഇതിനിടെ ഇങ്ങനൊരു പ്രശ്‌നം കൂടിയായപ്പോള്‍ നടുവൊടിഞ്ഞത് പോലെ ആയി. ഈദ് ഒന്നും ആഘോഷിക്കാന്‍ കഴിയുമെന്ന് വിചാരിച്ചതല്ല, പക്ഷേ ഇപ്പോ എനിക്കെന്റെ കുട്ടികളോടൊപ്പം ഈദ് ആഘോഷിക്കാനുള്ള അവസരമൊത്തു, നന്ദി...'- ഛോട്ടുവിന്റെ വാക്കുകള്‍. 

Also Read:- ഉന്തുവണ്ടിയില്‍ പഴങ്ങള്‍ കച്ചവടം ചെയ്യുന്നയാള്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന മാങ്ങകള്‍ മോഷ്ടിച്ച് നാട്ടുകാര്‍...

തന്റെ മാമ്പഴം ആള്‍ക്കൂട്ടം മോഷ്ടിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതും, പിന്നീട് ഇത് വലിയ വാര്‍ത്തയായതുമൊന്നും ഛോട്ടു അറിഞ്ഞിരുന്നില്ല. ബാങ്ക് അക്കൗണ്ടില്‍ പണം വന്നപ്പോള്‍ മാത്രമാണ് ഛോട്ടു എല്ലാം മനസിലാക്കിയത്. ഒരുപാട് നല്ല മനസുകള്‍ തനിക്ക് വേണ്ടി നിന്നത് കൊണ്ടാണ് ഈ നഷ്ടത്തില്‍ താന്‍ മുങ്ങിപ്പോകാതിരുന്നതെന്നും ഒരിക്കലും ഇത് മറക്കാനാകില്ലെന്നും അദ്ദേഹം നിറഞ്ഞ മനസോടെ പറയുന്നു. 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ