മുടി കേടുവരാതെ 'ഹെയർ ടൂൾസ്' ഉപയോഗിക്കാം; സ്റ്റൈലിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Dec 21, 2025, 12:38 PM IST
hair tools

Synopsis

പുറത്തൊരു പരിപാടിക്ക് പോകാൻ ഒരുങ്ങുമ്പോൾ മിനിറ്റുകൾക്കുള്ളിൽ മുടി സ്ട്രെയിറ്റൻ ചെയ്യാനോ നല്ല ക്യൂട്ട് ആയ ചുരുളുകൾ വരുത്താനോ നമുക്ക് ഇന്ന് ഹെയർ ടൂൾസുകൾ ഉണ്ട്. ഹെയർ ഡ്രയറുകൾ മുതൽ സ്റ്റൈലിംഗ് ബ്രഷുകൾ വരെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. 

ഭംഗിയുള്ള മുടി ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാൽ തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ മുടി സ്വാഭാവികമായി ഉണങ്ങുന്നതുവരെ കാത്തിരിക്കാൻ പലർക്കും സമയമില്ല. അതുകൊണ്ടുതന്നെ ഹെയർ ഡ്രയറുകൾ, സ്ട്രെയിറ്റനിംഗ് അയണുകൾ , കേളിംഗ് വാൻഡുകൾ എന്നിവ ഇന്ന് നമ്മുടെ സൗന്ദര്യ സംരക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഉപകരണങ്ങളായി മാറി. എന്നാൽ ഈ മെഷീനുകൾ ഉപയോഗിക്കുമ്പോൾ കാണിക്കുന്ന ചെറിയ അശ്രദ്ധ പോലും മുടിയുടെ ആരോഗ്യം എന്നെന്നേക്കുമായി നശിപ്പിച്ചേക്കാം. മുടി കേടുവരാതെ ഈ ഉപകരണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നോക്കാം.

1. മുടി ഉണങ്ങിയ ശേഷം മാത്രം സ്റ്റൈലിംഗ്

നനഞ്ഞ മുടിയിൽ ഒരിക്കലും സ്ട്രെയിറ്റനറോ കേളറോ ഉപയോഗിക്കരുത്. നനഞ്ഞ മുടിയിൽ ചൂട് ഏൽക്കുമ്പോൾ മുടിയിലെ ഈർപ്പം പെട്ടെന്ന് തിളച്ചു നീരാവിയായി മാറും. ഇത് മുടിയുടെ ഉൾഭാഗം പൊട്ടിപ്പോകാൻ കാരണമാകും. മുടി ഡ്രയർ ഉപയോഗിച്ചോ സ്വാഭാവികമായോ 100 ശതമാനം ഉണങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം സ്റ്റൈലിംഗ് ടൂൾസ് ഉപയോഗിക്കുക.

2. ഹെയർ ഡ്രയർ : ശരിയായ രീതി അറിയാം

നനഞ്ഞ മുടി വേഗത്തിൽ ഉണക്കാൻ നമ്മൾ ഡ്രയറുകളെ ആശ്രയിക്കാറുണ്ട്. പക്ഷേ, മുടിയോട് തീരെ അടുപ്പിച്ചു ഡ്രയർ ഉപയോഗിക്കുന്നത് മുടി കരിഞ്ഞുപോകാൻ കാരണമാകും. ഡ്രയർ എപ്പോഴും മുടിയിൽ നിന്നും കുറഞ്ഞത് 6 ഇഞ്ച് അകലത്തിൽ പിടിക്കുക. വായു ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കാതെ ഡ്രയർ ചലിപ്പിച്ചു കൊണ്ടിരിക്കണം. ഡ്രയറിലെ 'കൂൾ ഷോട്ട്' സെറ്റിംഗ് ഉപയോഗിക്കുന്നത് മുടിക്ക് കൂടുതൽ തിളക്കം നൽകാൻ സഹായിക്കും.

3. സ്ട്രെയിറ്റനിംഗ് & കേളിംഗ് അയൺ

മുടിക്ക് പുതിയ രൂപം നൽകാൻ അയൺ മെഷീനുകൾ ഉപയോഗിക്കുമ്പോൾ മുടി പൂർണ്ണമായും ഉണങ്ങിയിരിക്കണം. നനഞ്ഞ മുടിയിൽ അയൺ ഉപയോഗിക്കുന്നത് മുടിയുടെ ഉള്ളിലെ ഈർപ്പം പെട്ടെന്ന് നീരാവിയാക്കി മാറ്റുകയും മുടി പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്യും. സെറാമിക് കോട്ടിംഗ് ഉള്ള ടൂൾസുകൾ തിരഞ്ഞെടുക്കുന്നത് മുടിക്ക് നേരിട്ട് ലഭിക്കുന്ന ചൂട് കുറയ്ക്കാൻ നല്ലതാണ്.

4. ഹീറ്റ് പ്രൊട്ടക്ഷൻ സെറം നിർബന്ധം

ഹെയർ ടൂൾസ് ഉപയോഗിക്കുന്നതിന് മുൻപായി ഒരു ഹീറ്റ് പ്രൊട്ടക്ഷൻ സ്പ്രേയോ സെറമോ മുടിയിൽ പുരട്ടുന്നത് ഒരു കവചം പോലെ പ്രവർത്തിക്കും. ഇത് ചൂട് കാരണം മുടിയുടെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുന്നത് തടയുന്നു. പലരും ഇത് ഒഴിവാക്കാറുണ്ട്, എന്നാൽ മുടിയുടെ ആരോഗ്യം നിലനിർത്താൻ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്.

5. താപനില ശ്രദ്ധിക്കുക

എല്ലാ ടൂൾസിലും താപനില ക്രമീകരിക്കാനുള്ള സംവിധാനം ഉണ്ടാകും. കട്ടികുറഞ്ഞ മുടിയാണെങ്കിൽ കുറഞ്ഞ ചൂടിലും, കട്ടിയുള്ള മുടിയാണെങ്കിൽ ഇടത്തരം ചൂടിലും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഒരിക്കലും ഏറ്റവും ഉയർന്ന ചൂടിൽ മുടി സ്റ്റൈൽ ചെയ്യരുത്.

6. ഹെയർ ബ്രഷുകൾ തിരഞ്ഞെടുക്കുമ്പോൾ

മുടി ചീകാൻ ഉപയോഗിക്കുന്ന ബ്രഷുകൾക്കും വലിയ പ്രാധാന്യമുണ്ട്.

  • ഡിറ്റാംഗ്ലർ ബ്രഷുകൾ: മുടിയിലെ കെട്ടുകൾ എളുപ്പത്തിൽ നീക്കാൻ ഇവ സഹായിക്കും.
  • പാഡിൽ ബ്രഷുകൾ: മുടി പരന്ന രീതിയിൽ സ്ട്രെയിറ്റ് ആയി ഇരിക്കാൻ ഇത് നല്ലതാണ്.
  • റൗണ്ട് ബ്രഷുകൾ: മുടിക്ക് നല്ല വോളിയം നൽകാനും അറ്റങ്ങൾ ഉള്ളിലേക്ക് മടക്കാനും ഇവ ഉപയോഗിക്കുന്നു. നനഞ്ഞ മുടി ചീകാൻ പല്ലുകൾ അകലമുള്ള ചീപ്പുകൾ മാത്രം ഉപയോഗിക്കുക.

7. ടൂൾസ് വൃത്തിയായി സൂക്ഷിക്കുക

നിങ്ങളുടെ ഹെയർ അയണിലും മറ്റും പഴയ സെറമിന്റെയോ എണ്ണയുടെയോ അംശം പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അത് മുടിക്ക് കൂടുതൽ ദോഷം ചെയ്യും. അതിനാൽ ഓരോ തവണ ഉപയോഗിച്ച ശേഷവും ഈ ഉപകരണങ്ങളുടെ പ്രതലങ്ങൾ വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക.

ഹെയർ ടൂൾസ് നമ്മുടെ ജോലി എളുപ്പമാക്കുന്നുണ്ടെങ്കിലും അവ അമിതമായി ഉപയോഗിക്കുന്നത് മുടിയുടെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം മെഷീനുകൾ ഉപയോഗിക്കുകയും ബാക്കി ദിവസങ്ങളിൽ മുടിയെ സ്വാഭാവികമായി ഇരിക്കാൻ അനുവദിക്കുകയും ചെയ്യുക. മാസം തോറും മുടിയുടെ അറ്റങ്ങൾ വെട്ടുന്നതും മുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതും എന്നും ഗുണം ചെയ്യും.

 

PREV
Read more Articles on
click me!

Recommended Stories

തിളങ്ങുന്ന ചർമ്മത്തിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന 7 ഫേസ് മസാജ് വിദ്യകൾ
തടിച്ച കവിളുകളും ഡബിൾ ചിന്നും ഉണ്ടോ? മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ 6 എളുപ്പവഴികൾ