കൗതുകമായി യൂട്യൂബറുടെ പരീക്ഷണം; വീഡിയോ കാണാം...

By Web TeamFirst Published Jul 7, 2021, 8:07 PM IST
Highlights

'പവര്‍ വിഷന്‍' എന്ന യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോയ്ക്ക് വന്‍ വരവേല്‍പാണ് ലഭിച്ചിരിക്കുന്നത്. ഒരാഴ്ച തികയും മുമ്പ് തന്നെ ഇരുപത് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞിട്ടുണ്ട്. നിരവധി പേര്‍ ഇത് സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കുന്നുമുണ്ട്

വൈവിധ്യമാര്‍ന്ന ധാരാളം വീഡിയോകള്‍ ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി നമുക്ക് മുന്നിലെത്താറുണ്ട്. ചെറിയ കുഞ്ഞുങ്ങളുടെ കളിയും ചിരിയും വികൃതിയുമെല്ലാം അടങ്ങിയ നുറുങ്ങ് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, സൗന്ദര്യസംരക്ഷണം, വീട് പരിപാലനം തുടങ്ങി പല തരത്തിലുള്ള വീഡിയോകളും നമ്മെ തേടിയെത്താറുണ്ട്. 

ഇക്കൂട്ടത്തില്‍ വളരെ വ്യത്യസ്തമായ ചിലയിനം വീഡിയോകളും ഇടയ്ക്ക് നാം കാണാറുണ്ട്. നിത്യജീവിതത്തില്‍ കണ്ടോ, ഉപയോഗിച്ചോ എല്ലാം നമുക്ക് പരിചിതമായ സാധനങ്ങള്‍ കൊണ്ട് തന്നെ മറ്റെന്തെങ്കിലും പരീക്ഷണം നടത്തുകയും അതുവച്ച് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന തരം വീഡിയോകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 

അത്തരമൊരു പുതിയ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ്. മെന്റോസ് മിഠായിയും കാര്‍ബണേറ്റഡ് പാനീയങ്ങളും പെട്ടെന്ന് കൂടിച്ചേര്‍ന്നാല്‍ എന്താണ് സംഭവിക്കുകയെന്നാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഇതിനായി ആദ്യം സുതാര്യമായ ഒരു പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ കാല്‍ഭാഗം പോലും വരാത്ത അത്രയും നിരപ്പില്‍ മെന്റോസ് മിഠായി നിറച്ചിരിക്കുന്നു. ശേഷം മൂന്ന് ബലൂണുകളിലായി വിവിധ ബ്രാന്‍ഡുകളുടെ കാര്‍ബണേറ്റഡ് പാനീയങ്ങളും നിറച്ചുവച്ചിരിക്കുന്നു. 

ശേഷം പതിയെ ഓരോ ബലൂണുകളായി പൊട്ടിച്ചുകളയുകയാണ്. ഇതോടെ ബലൂണുകളില്‍ നിറച്ചുവച്ചിരുന്ന പാനീയം കണ്ടെയ്‌നറിലെ മിഠായികള്‍ക്ക് മുകളിലേക്ക് വീഴുന്നു. സെക്കന്‍ഡുകള്‍ക്കകം തന്നെ ചെറിയൊരു അഗ്നിപര്‍വത സ്‌ഫോടനം പോലെയാണ് സംഭവിക്കുന്നത്. പതഞ്ഞ് പൊങ്ങി കണ്ടെയ്‌നറും കവിഞ്ഞ് ഇത് ഒഴുകുകയാണ്. കാഴ്ചക്കാരെ ശരിക്കുമൊന്ന് അമ്പരപ്പിക്കുന്നതാണ് ഈ പരീക്ഷണം. മുമ്പും ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. 

എങ്കിലും ഇപ്പോള്‍ 'പവര്‍ വിഷന്‍' എന്ന യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോയ്ക്ക് വന്‍ വരവേല്‍പാണ് ലഭിച്ചിരിക്കുന്നത്. ഒരാഴ്ച തികയും മുമ്പ് തന്നെ ഇരുപത് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞിട്ടുണ്ട്. നിരവധി പേര്‍ ഇത് സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കുന്നുമുണ്ട്. 

വീഡിയോ കാണാം...

 

Also Read:- പൊള്ളുന്ന വെയിലില്‍ ബുള്‍സൈ തയ്യാറാക്കുന്ന യുവതി!; വീഡിയോ

click me!