മുഖക്കുരുവും കറുത്ത പാടുകളും മാറാന്‍ ആര്യവേപ്പ്; ഉപയോഗിക്കേണ്ടതിങ്ങനെ...

By Web TeamFirst Published Oct 31, 2019, 9:37 PM IST
Highlights

മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകള്‍ മായാനും മുഖം തിളക്കമുള്ളതാക്കാനുമെല്ലാം ആര്യവേപ്പ് ഏറെ സഹായിക്കും. ഇനിയിത് എത്തരത്തിലാണ് ഉപയോഗിക്കേണ്ടത് എന്ന ശങ്കയാണോ? എങ്കില്‍ നോക്കാം, ആര്യവേപ്പിന്‍ ഇലകള്‍ എങ്ങനെ മുഖത്ത് പ്രയോഗിക്കണമെന്നതിന് മൂന്ന് മാര്‍ഗങ്ങള്‍...

മുഖകാന്തിക്കായി വിപണിയിലിറങ്ങുന്ന ഒരുവിധം ഉത്പന്നങ്ങളുടെയെല്ലാം പരസ്യങ്ങളില്‍ കാണാം ആര്യവേപ്പിന്റെ ഇലകളുടെ ചിത്രം. ചര്‍മ്മസംരക്ഷണത്തിനായി അത്രമാത്രം കാര്യങ്ങള്‍ ചെയ്യാനാകുന്ന പ്രകൃതിദത്തമായ ഘടകമായതിനാല്‍ തന്നെയാണിത്. 

എന്നാല്‍ വിവിധ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിനെക്കാളൊക്കെ എത്രയോ നല്ലതല്ലേ, ആര്യവേപ്പിന്‍ ഇലകള്‍ നേരിട്ട് ഉപയോഗിക്കുന്നത്. മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകള്‍ മായാനും മുഖം തിളക്കമുള്ളതാക്കാനുമെല്ലാം ഇത് ഏറെ സഹായിക്കും. ഇനിയിത് എത്തരത്തിലാണ് ഉപയോഗിക്കേണ്ടത് എന്ന ശങ്കയാണോ? എങ്കില്‍ നോക്കാം, ആര്യവേപ്പിന്‍ ഇലകള്‍ എങ്ങനെ മുഖത്ത് പ്രയോഗിക്കണമെന്നതിന് മൂന്ന് മാര്‍ഗങ്ങള്‍...

ഒന്ന്...

ബാക്ടീരിയയ്ക്കും ഫംഗസിനുമെതിരായി പോരാടാന്‍ ആര്യവേപ്പ് കഴിഞ്ഞേ പ്രകൃതിയിലിന് മറ്റൊരു മരുന്നുള്ളൂ എന്ന് വേണമെങ്കില്‍ പറയാം. അതിനാല്‍ത്തന്നെ മുഖക്കുരുവിനെ ചെറുത്തുതോല്‍പിക്കാനും ഇതിന് പ്രത്യേക കഴിവാണ്. ഇതിനായി ഒരുപിടി ആര്യവേപ്പില അരച്ച് പേസ്റ്റ് പരുവത്തിലാക്കാം. ഇനി, ഇതിലേക്ക് അല്‍പം കടലമാവും റോസ് വാട്ടറും ചേര്‍ക്കുക. 

 

 

നന്നായി ചേര്‍ത്ത് യോജിപ്പിച്ച ഈ മിക്‌സ് മുഖത്ത് പുരട്ടി, ഉണങ്ങും വരെ സൂക്ഷിക്കുക. ഉണങ്ങിക്കഴിഞ്ഞ് നേരിട്ട് കഴുകിക്കളയാതെ, അല്‍പം വെള്ളം തൊട്ട് മുഖത്ത് അധികം ബലം കൊടുക്കാതെ തേച്ചുകൊണ്ടിരിക്കണം. ഒരു സ്‌ക്രബിന്റെ ഗുണം കൂടി കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. 

രണ്ട്...

മുഖത്തെ കറുത്ത കുത്തുകളും പാടുകളും പോകാനായി, ആര്യവേപ്പില അരച്ച് ഇതില്‍ അല്‍പം കട്ടത്തൈര് കൂടി ചേര്‍ത്ത് മുഖത്ത് തേക്കാം. നന്നായി ഉണങ്ങിയ ശേഷം പച്ചവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. 

മൂന്ന്...

മുഖകാന്തി വര്‍ധിപ്പിക്കുന്നതിനായി ആര്യവേപ്പിലകളെ 'സ്‌കിന്‍ ടോണര്‍' ആയും ഉപയോഗിക്കാം. ഇതിനായി ഒരുപിടി ഇലകള്‍ നന്നായി തിളപ്പിക്കുക. ഇനി ഈ വെള്ളമാണ് 'ടോണര്‍' ആയി ഉപയോഗിക്കേണ്ടത്. അല്‍പം പഞ്ഞി ബോളുകളായി ചുരുട്ടിയെടുത്ത് ഈ വെള്ളത്തില്‍ മുക്കി മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക.

 

 

ഇനി ഇത് രാത്രി മുഴുവന്‍ മുഖത്ത് പിടിക്കാനായി വിട്ടുകൊടുക്കുക. ശ്രദ്ധിക്കണം, ഒരിക്കല്‍ ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം, രണ്ടാമതും ഉപയോഗിക്കരുത്. അതിനായി വീണ്ടും പുതിയ ഇലയിട്ട് തിളപ്പിക്കണം.

click me!