വാര്‍ധക്യത്തിലും വിശ്രമമില്ല; വൈറലായി ജ്യൂസ് വില്‍പന നടത്തുന്ന വൃദ്ധ

By Web TeamFirst Published Jul 30, 2021, 5:27 PM IST
Highlights

ഇന്‍സ്റ്റഗ്രാമില്‍ ദശലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ഇതിന് ശേഷം ട്വിറ്ററില്‍ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രാദേശികമായ ഭരണാധികാരികള്‍ വൃദ്ധയെ ഏറ്റെടുക്കണമെന്നും ഇത്തരത്തില്‍ പ്രായമായിട്ടും വിശ്രമമില്ലാതെ ജോലിയെടുക്കേണ്ടി വരുന്ന വൃദ്ധര്‍ക്കെല്ലാം സര്‍ക്കാരുകള്‍ തണല്‍ ഏകണമെന്നും നിരവധി പേരാണ് ആവശ്യപ്പെടുന്നത്

പ്രായമായവര്‍ക്ക് ശാരീരികമായ പല അവശകളും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ വാര്‍ധക്യത്തില്‍ ജോലി ചെയ്യുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ തന്നെ പല തരത്തിലുള്ള ജോലികളും ചെയ്ത് ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്ന എത്രയോ വൃദ്ധരുണ്ട്. ഇവരുടെ ദുരിതപൂര്‍ണമായ ജീവിതത്തിലേക്ക് വെളിച്ചം പകരുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ. 

ജീവിതത്തിന്റെ അവസാനഘട്ടത്തിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന വൃദ്ധയാണ് വീഡിയോയിലുള്ളത്. വഴിയരികില്‍ ചെറിയൊരു ജ്യൂസ് സ്റ്റാള്‍ ആണ് എണ്‍പത് വയസോളം പ്രായമുള്ള വൃദ്ധ നടത്തുന്നത്. അമൃത്സറിലെ റാണിദാ ബാഗിലാണ് ഇവരുടെ ജ്യൂസ് സ്റ്റാള്‍. ഫുഡ് ബ്ലോഗറായ ഗൗരവ് വസന്‍ ആണ് വീഡിയോ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

നിറഞ്ഞ പുഞ്ചിരിയോടെ മുസമ്പി ജ്യൂസ് തയ്യാറാക്കുന്ന വൃദ്ധയെ ആളുകള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പ്രായമേറെ ആയിട്ടും അധ്വാനിക്കാനുള്ള മനസ് ഉപേക്ഷിക്കാത്തതിന് വൃദ്ധയ്ക്ക് അഭിനന്ദനങ്ങള്‍ നല്‍കുന്നവര്‍ ഏറെയാണ്. എന്നാല്‍ ഒപ്പം തന്നെ വാര്‍ധക്യത്തിന്റെ അവശതകള്‍ അവരെ അലട്ടുന്നുണ്ടാകണമെന്നും അത് ദുഖമുണ്ടാക്കുന്ന ചിന്തയാണെന്നും പ്രതികരിക്കുന്നവരുമുണ്ട്. 

ഇന്‍സ്റ്റഗ്രാമില്‍ ദശലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ഇതിന് ശേഷം ട്വിറ്ററില്‍ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രാദേശികമായ ഭരണാധികാരികള്‍ വൃദ്ധയെ ഏറ്റെടുക്കണമെന്നും ഇത്തരത്തില്‍ പ്രായമായിട്ടും വിശ്രമമില്ലാതെ ജോലിയെടുക്കേണ്ടി വരുന്ന വൃദ്ധര്‍ക്കെല്ലാം സര്‍ക്കാരുകള്‍ തണല്‍ ഏകണമെന്നും നിരവധി പേരാണ് ആവശ്യപ്പെടുന്നത്. പലരും വ്യക്തിപരമായി ഇവരെ സഹായിക്കാനുള്ള താല്‍പര്യവും അറിയിക്കുന്നുണ്ട്. 

മുമ്പ് ഇത്തരത്തില്‍ സൗത്ത് ദില്ലിയില്‍ ചായക്കട നടത്തുന്ന വൃദ്ധരായ ദമ്പതികളുടെ വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് സഹായവും എത്തിയിരുന്നു. സമാനമായി അമൃത്സറിലെ ജ്യൂസ് വില്‍പനക്കാരിയായ 'ദാദി'ക്കും സഹായമെത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. 

വീഡിയോ കാണാം...

 

Also Read:- ഒറ്റരാത്രി കൊണ്ട് പ്രശസ്തി, പണം; ഇപ്പോള്‍ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍...

click me!