സംസ്‌കരിക്കുന്നതിന് തൊട്ടുമുമ്പ് കണ്‍പോളകള്‍ ഇളകി; തിരിച്ച് ജീവിതത്തിലേക്ക്

By Web TeamFirst Published Oct 25, 2019, 5:44 PM IST
Highlights

മൂന്ന് ദിവസം നീളുന്ന ചടങ്ങുകളാണ് ഇവരുടേത്. ഇതിനായി നിരന്തരം തണുപ്പിച്ച്, മൂടി തറന്ന ശവപ്പെട്ടിയില്‍ മൂന്ന് ദിവസത്തോളം ഫിഞ്ചിയെ കിടത്തി. ചടങ്ങുകളെല്ലാം അവസാനിച്ച്, ശരീരം സംസ്‌കരിക്കാനായി എടുക്കും മുമ്പ് അവസാനമായി ഭര്‍ത്താവ് വെള്ളം കൊണ്ട് മുഖം തുടപ്പിക്കണം. അങ്ങനെ മുഖം തുടപ്പിച്ച ശേഷം, ഭാര്യയെ നോക്കിയ സൊപജോണിന് സംശയമായി. കണ്ണുകള്‍ ഇളകിയോ?
 

മരിച്ചെന്ന് കരുതി സംസ്‌കരിക്കാന്‍ തുടങ്ങിയ ശരീരത്തില്‍ അനക്കം കണ്ടെത്തുകയും, അങ്ങനെ അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തതായി അപൂര്‍വ്വം സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. സമാനമായ സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് തായ്‌ലാന്‍ഡിലെ ഒരു ബുദ്ധിസ്റ്റ് കുടുംബം. 

എഴുപതുകാരിയായ ഫിഞ്ചി സൊപജോണ്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. അങ്ങനെ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസം നിലച്ചതിനെ തുടര്‍ന്ന് ഫിഞ്ചി മരണപ്പെട്ടതായി ഭര്‍ത്താവ് സൊപജോണ്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചത്. 

വൈകാതെ തന്നെ വിശ്വാസപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിച്ചു. മൂന്ന് ദിവസം നീളുന്ന ചടങ്ങുകളാണ് ഇവരുടേത്. ഇതിനായി നിരന്തരം തണുപ്പിച്ച്, മൂടി തറന്ന ശവപ്പെട്ടിയില്‍ മൂന്ന് ദിവസത്തോളം ഫിഞ്ചിയെ കിടത്തി. ചടങ്ങുകളെല്ലാം അവസാനിച്ച്, ശരീരം സംസ്‌കരിക്കാനായി എടുക്കും മുമ്പ് അവസാനമായി ഭര്‍ത്താവ് വെള്ളം കൊണ്ട് മുഖം തുടപ്പിക്കണം. 

അങ്ങനെ മുഖം തുടപ്പിച്ച ശേഷം, ഭാര്യയെ നോക്കിയ സൊപജോണിന് സംശയമായി. കണ്ണുകള്‍ ഇളകിയോ? സംശയം അദ്ദേഹം മക്കളോട് രഹസ്യമായി പറഞ്ഞു. അച്ഛന് വെറുതെ ഓരോന്ന് ചിന്തിക്കുന്നത് കൊണ്ട് തോന്നുന്നതാണെന്ന് അവര്‍ മറുപടി പറഞ്ഞു. ചടങ്ങുകള്‍ക്കിടെ കുളിപ്പിക്കുമ്പോഴൊക്കെ ശരീരം മരവിക്കാതിരുന്നത് പ്രത്യേകം ശ്രദ്ധിച്ചിരുന്ന സൊപജോണിന് തന്റെ സംശയത്തില്‍ കഴമ്പുള്ളതായി തോന്നി. 

അവള്‍ പോയിട്ടില്ലെന്ന് സൊപജോണ്‍ പരസ്യമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടറെ വിവരമറിയിച്ചു. മരണവീട്ടിലെത്തി പരിശോധന നടത്തിയ ഡോക്ടറും പ്രഖ്യാപിച്ചു, ഫിഞ്ചി മരിച്ചിട്ടില്ല. ആദ്യം സിപിആര്‍ നല്‍കി. പിന്നാലെ നെഞ്ചിലും മറ്റും ചൂട് വച്ചു. ശവപ്പെട്ടിയില്‍ നിന്ന് ഫിഞ്ചിയെ മുറിയിലേക്ക് മാറ്റിക്കിടത്തി. എന്നാല്‍ ഇപ്പോഴും ഇവര്‍ക്ക് ബോധം വീണിട്ടില്ല. പള്‍സും വീക്കാണ്. 

 


(ഭാര്യയുടെ ഫോട്ടോയുമായി സൊപജോൺ...)

 

സമയമാകുമ്പോള്‍ അവള്‍ പോകട്ടേയെന്നാണ് സൊപജോണ്‍ പറയുന്നത്. ജീവനുണ്ട് എന്നതറിയാതെ സംസ്‌കരിച്ചിരുന്നെങ്കില്‍ അതെത്ര വലിയ പാപമാകുമായിരുന്നുവെന്നും അവള്‍ക്കനുവദനീയമായ സമയം വരെ അവള്‍ ഇവിടെ തുടരട്ടേയെന്നും സൊപജോണ്‍ പറയുന്നു. എന്തായാലും മൂന്ന് ദിവസം മുഴുവന്‍ ശവപ്പെട്ടിയില്‍ കഴിഞ്ഞ ശേഷം ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ മുത്തശ്ശി ഇപ്പോള്‍ തായ്‌ലാന്‍ഡിലാകെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഫിഞ്ചിയമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അവര്‍ക്ക് സ്‌നേഹമറിയിക്കുന്നതായും നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുകയും ചെയ്തു.

click me!