കൂലി ചോദിച്ച ഇലക്ട്രീഷ്യന് മുന്നിലേക്ക് പാക്കിസ്ഥാന്‍ സ്വദേശി സിംഹത്തെ തുറന്നുവിട്ടു

By Web TeamFirst Published Oct 18, 2019, 3:51 PM IST
Highlights

ജോലി തീര്‍ത്ത് കൂലി ചോദിച്ചപ്പോള്‍ കുറച്ച് ദിവസം കഴിഞ്ഞ് വരാന്‍ റാസ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് വന്നപ്പോഴായിരുന്നു സിംഹത്തെ അഴിച്ചുവിട്ടത്...

ഇസ്ലാമാബാദ്: ജോലിക്ക് കൂലി ചോദിച്ചെത്തിയ ഇലക്ട്രീഷ്യന് മുന്നിലേക്ക് വളര്‍ത്തുസിംഹത്തെ അഴിച്ചുവിട്ടു. പാക്കിസ്ഥാനിലാണ് ഒരു മതസ്ഥാപനത്തില്‍ ജോലി ചെയ്തതിന്‍റെ കൂലി ചോദിച്ചെത്തിയ ഇലക്ട്രീഷ്യന് മുന്നിലേക്ക് ഉടമ സിംഹത്തെ തുറന്നുവിട്ടത്. 

പാക്കിസ്ഥാനിലെ പശ്ചാബ് പ്രവിശ്യയിലെ മദ്രസയുടെ നടത്തിപ്പുകാരനായ അലി റാസയാണ് സിംഹത്തെ തുറന്നുവിട്ടത്. മുഹമ്മദ് റഫീഖ് എന്ന ഇലക്ട്രീഷ്യന് നേരെയായിരുന്നു ക്രൂരമായ നടപടി.  സിംഹത്തിന്‍റെ ആക്രമണത്തില്‍ ഇയാളുടെ മുഖത്തിനും കയ്യിനും പരിക്കേറ്റുവെന്നും പൊലീസ് അറിയിച്ചതായി ഡോണ്‍ ന്യൂസ് പേപ്പര്‍ വ്യക്തമാക്കി. 

റാസയ്ക്കെതിരെ കൊലപാതകക്കുറ്റത്തിന് പൊലീസ് കേസെടുത്തു. മദ്രസയിലെ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട പണികള്‍ക്കായാണ് റഫീഖിനെ റാസ വിളിച്ചുവരുത്തിയത്. ജോലി തീര്‍ത്ത് കൂലി ചോദിച്ചപ്പോള്‍ കുറച്ച് ദിവസം കഴിഞ്ഞ് വരാന്‍ റാസ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് വന്നപ്പോഴായിരുന്നു സിംഹത്തെ അഴിച്ചുവിട്ടത്. 

റാസ അടക്കം നാല് പേര്‍ അവിടെ ഉണ്ടായിരുന്നു. ആരും തന്നെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് റഫീഖ് പറഞ്ഞു. ഇയാളുടെ കരച്ചില്‍ കേട്ട് എത്തിയ യാത്രക്കാരാണ് ഒടുവില്‍ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 

click me!