എന്താണ് 'പീഡോഫീലിയ'; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

By Web TeamFirst Published Jul 21, 2019, 2:13 PM IST
Highlights

പലപ്പോഴും പീഡോഫൈല്‍ നിയമത്തിന് മുന്നില്‍ വരുന്നത് അതിക്രമം ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാകും. ഇരയായ കുട്ടികള്‍ വലുതായി കഴിയുമ്പോഴാകും താന്‍ പണ്ട് ലൈംഗികമായി ഉപയോഗിക്കപ്പെടുകയായിരുന്നു എന്ന് തന്നെ മനസ്സിലാക്കുന്നത്‌. 

പ്രായപൂർത്തിയാവാത്ത കുട്ടിയോട് പ്രായപൂർത്തിയായ ആൾക്ക് തോന്നുന്ന ലൈംഗിക ആസക്തിയാണ് ‘പീഡോഫീലിയ’. ഇത്തരം വികലമായ മാനസികാവസ്ഥയുള്ള ആളെ ‘പീഡോഫൈല്‍’ എന്നു പറയുന്നു. പതിനാറ് വയസിൽ കുറയാതെ പ്രായവും, ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന കുട്ടികളെക്കാള്‍ അഞ്ചു വയസ്സെങ്കിലും
കൂടുതലുമായിരിക്കും പീഡോഫൈലുകള്‍ക്ക്.

13 വയസ്സില്‍ താഴെയുള്ള കുട്ടികളെക്കുറിച്ച് ചിന്തിക്കുമ്പോഴും അവരെ കാണുമ്പോഴും ഇവരില്‍ ലൈംഗിക ഉത്തേജനം അനുഭവപ്പെടുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് പീഡോഫീലിയ കൂടുതലായി കണ്ടുവരുന്നത്‌. യൗവനാരംഭത്തില്‍ തുടക്കം കുറിക്കുന്ന ഇത്തരം വികലമായ ലൈംഗിക ആസക്തി മാറ്റം വരാതെ കാലങ്ങളോളം
പീഡോഫൈലുകളില്‍ നിലനില്‍ക്കുന്നു.

പീഡോഫൈലുകള്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍...

തന്നില്‍ വിശ്വാസ്യത ഉണ്ടാക്കി എടുക്കാന്‍ ആദ്യം തന്നെ ശ്രമിക്കുന്ന ഇവര്‍ കുട്ടികളെ തങ്ങളെ ഏല്‍പ്പിച്ചു പോകുന്നത് സുരക്ഷിതമാണ് എന്ന ചിന്ത മാതാപിതാക്കളില്‍ ഉണ്ടാക്കുന്നു. വളരെ സന്തോഷമുള്ളവരും, നല്ല പ്രകൃതക്കാരുമായി എല്ലാവരുടെയും മുന്‍പില്‍ പ്രത്യക്ഷപെടുന്ന ഇവര്‍ ഉള്ളില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന മൃഗീയ വാസന കുട്ടി ഒറ്റയ്ക്കാവുന്ന അവസരത്തില്‍ മാത്രമാണ് പ്രകടമാക്കുന്നത്.

 മാതാപിതാക്കള്‍ പിരിഞ്ഞു കഴിയുന്ന കുട്ടികളുടെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ മാതാവിനോ പിതാവിനോ മാത്രമായി ഒറ്റയ്ക്ക് കഴിയാതെ വരുന്ന സാഹചര്യങ്ങളില്‍ കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊള്ളം എന്ന പേരില്‍ ഇവര്‍ പ്രത്യക്ഷപ്പെടുന്നു. കുട്ടികളോടും കുട്ടിത്തം നിറഞ്ഞ പ്രവര്‍ത്തികളോടും പ്രത്യേക ആകര്‍ഷണം തോന്നുന്ന വ്യക്തിത്തിത്വമാണ് ഇവര്‍ക്ക്. വ്യത്യസ്ഥ പ്രായത്തിലുള്ള കുട്ടികളെ ലക്ഷ്യം വയ്ക്കുന്ന ഇവര്‍ ആ പ്രായത്തിലുള്ള കുട്ടികളെ ആകര്‍ഷിക്കും വിധം തങ്ങ ളുടെ വീടും മുറികളും എല്ലാം സജ്ജീകരിക്കും. 

കുട്ടികളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ജോലികളില്‍ ഏര്‍പ്പെടാന്‍ ഇവര്‍ ശ്രമിക്കും. ഇനി അതിന് സാധ്യമായില്ല എങ്കില്‍ സ്വമനസ്സാലെ സേവനമനുഷ്‌ഠിക്കാന്‍ തല്‍പരരാണ് എന്ന വ്യാജേന കുട്ടികളെ സൗജന്യമായി ട്യൂഷന്‍ പഠിപ്പിക്കുക, സ്പോര്‍ട്സ് ട്രെയിനിംഗ് നല്‍കുക എന്നിവയിലൂടെ കുട്ടികളുമായി അടുത്തിടപഴകാനുള്ള സാഹചര്യം ഇവര്‍ കണ്ടെത്തുന്നു.

 മാതാപിതാക്കളുടെ ശ്രദ്ധ കിട്ടാതെ വളരുന്ന കുട്ടികള്‍, ഉള്‍വലിഞ്ഞ സ്വഭാവക്കാരായ കുട്ടികള്‍, ശാരീരിക വൈകല്യമുള്ള കുട്ടികള്‍, സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന കുടുംബത്തിലെ കുട്ടികള്‍ എന്നിവരെയാണ് കൂടുതലായും ഇവര്‍ ലക്ഷ്യം വയ്ക്കുക. പിന്നീട് കുട്ടികള്‍ ആഗ്രഹിക്കുന്ന പോലെ സ്നേഹവും ശ്രദ്ധയും അവര്‍ക്കു കൊടുക്കുന്നു. അവര്‍ക്കൊപ്പം കളിച്ചും ചിരിച്ചും സമ്മാനങ്ങള്‍ നല്‍കിയും തങ്ങളിലേക്ക് അവരെ ആകര്‍ഷിക്കുന്നു. 

സാവധാനം കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയോ, അവരുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയോ, ലൈംഗികമായി അവരെ ഉപയോഗിക്കുകയോ ചെയ്യുന്നു. കുട്ടികള്‍ അതിക്രമത്തില്‍ നിന്നും രക്ഷപെടാതെയിരിക്കാനും, സംഭവിച്ചത് അവരുടെ ഓര്‍മ്മയില്‍ നിന്നു മായാനും ചില പീഡോഫൈലുകള്‍ കുട്ടികള്‍ക്ക് മദ്യമോ മയക്കുമരുന്നോ കൊടുക്കാനും ഇടയുണ്ട്.

കുട്ടി ലൈംഗികമായി അതിക്രമിക്കപ്പെടാന്‍ ഇടയുണ്ട് എന്നതിന്‍റെ അപകടസൂചനകള്‍...

1. കുട്ടിയുടെ പക്കല്‍ മറ്റാരെങ്കിലും കൊടുത്ത സമ്മാനപ്പൊതികളോ കളിപ്പാട്ടങ്ങളോ കണ്ടാല്‍ അത് ആരു തന്നു എന്ന് അന്വേഷിക്കുക.

2. കുട്ടികളെ ചില കാര്യങ്ങളില്‍ രഹസ്യം സൂക്ഷിക്കാന്‍ ആരെങ്കിലും  പ്രേരിപ്പിക്കുന്നുണ്ടെന്നു ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്‍റെ കുഴപ്പങ്ങള്‍ കുട്ടിയെ പറഞ്ഞു മനസിലാക്കുക.

3. ലൈംഗിക ചുവയുള്ള തമാശകള്‍ ആരെങ്കിലും കുട്ടിയോട് പറഞ്ഞതായി കുട്ടി പറഞ്ഞറിഞ്ഞാല്‍ പ്രതികരിക്കുക, അവരെ ഒഴിവാക്കാന്‍ കുട്ടിയെ പഠിപ്പിക്കുക.

4. കുട്ടികളെ നോക്കാന്‍ ആളെ നിയമിക്കുമ്പോള്‍ അവരുടെ വിശ്വാസ്യത ഉറപ്പു വരുത്തുക.

എഴുതിയത്: 

പ്രിയ വർ​ഗീസ് 
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Email: priyavarghese.cp@gmail.com

 

click me!