Postpartum Weight Loss: പ്രസവ ശേഷം വണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

By Web TeamFirst Published Oct 7, 2022, 10:21 PM IST
Highlights

പ്രസവത്തിന് ശേഷമുള്ള ഭക്ഷണ രീതി വളരെയധികം ശ്രദ്ധിച്ചു തിരഞ്ഞെടുക്കണം. കുഞ്ഞിന് ആവശ്യമായ മുലപ്പാല്‍ ഉദ്പാദിപ്പിക്കാനും കുഞ്ഞിനെ പരിപാലിക്കാനുള്ള ഊര്‍ജ്ജം ലഭിക്കാനും നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് പോഷകങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്.

പ്രസവ ശേഷം ശരീരത്തെ പഴയ ഗതിയിലേയ്ക്ക് കൊണ്ടുവരേണ്ടത് സെലിബ്രിറ്റികളുടെ മാത്രം ആവശ്യമാണെന്ന് തെറ്റിദ്ധരിച്ചിരുന്ന കാലമൊക്കെ മാറി. ഇന്ന് പ്രസവ ശേഷം എത്രയും പെട്ടെന്ന് ശരീര ഭാരം കുറയ്ക്കണം എന്ന ചിന്തയാണ് പലര്‍ക്കും. എന്നാല്‍ പ്രസവ ശേഷം കുറഞ്ഞത് നാല് മുതല്‍ ആറ് മാസങ്ങള്‍ക്ക് ശേഷം മാത്രം വണ്ണം കുറയ്ക്കാന്‍ തുടങ്ങുന്നതാണ് മുലയൂട്ടുന്ന അമ്മമാര്‍ക്ക് നല്ലത്. 

പ്രസവത്തിന് ശേഷമുള്ള ഭക്ഷണ രീതി വളരെയധികം ശ്രദ്ധിച്ചു തിരഞ്ഞെടുക്കണം. കുഞ്ഞിന് ആവശ്യമായ മുലപ്പാല്‍ ഉദ്പാദിപ്പിക്കാനും കുഞ്ഞിനെ പരിപാലിക്കാനുള്ള ഊര്‍ജ്ജം ലഭിക്കാനും നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് പോഷകങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്.

പ്രസവ ശേഷമുള്ള വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്.

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. എന്നാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും വേണം.

രണ്ട്...

പഞ്ചസാരയുടെ ഉപയോഗം, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം എന്നിവ കുറയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. 

മൂന്ന്...

കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുകയാണ് വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. അതിനാല്‍ ഉച്ചയ്ക്ക് ചോറിന്‍റെ അളവ് കുറയ്ക്കാം. പകരം പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്...

നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. 

അഞ്ച്...

ഗ്രീന്‍ ടീ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങൾ വരെ വ്യക്തമാക്കുന്നുണ്ട്. അഞ്ചില്‍ താഴെ മാത്രം കലോറി അടങ്ങിയിട്ടുള്ള ഗ്രീന്‍ ടീ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. 

ആറ്...

പ്രസവ ശേഷം ഉറക്ക കുറവ് പലരിലും കാണാറുണ്ട്. എന്നാല്‍ ഉറക്കവും വണ്ണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരിയായി ഉറക്കം ലഭിക്കാതെ  വരുമ്പോള്‍ വിശപ്പ്‌ അനുഭവപ്പെടും. ഇത്‌ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും വണ്ണം കൂടാന്‍ കാരണമാവുകയും ചെയ്യും. ഉറക്കം വേണ്ടത്ര ഇല്ലാത്തവരില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പ്രയാസമാണ്. അതിനാൽ, പറ്റുന്നയത്രയും ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.

ഏഴ്...

വ്യായാമം ഇല്ലാതെ ഒന്നും നടക്കില്ല. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമ മുറകള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചെയ്യാം. 

Also Read: എണ്ണമയമുളള ചര്‍മ്മത്തിനും വരണ്ട ചര്‍മ്മത്തിനും പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...

click me!