ഉരുളക്കിഴങ്ങ് കൊണ്ടും ജ്യൂസ്; ഇത് പക്ഷേ, കുടിക്കാനല്ലെന്ന് മാത്രം!

By Web TeamFirst Published Apr 28, 2020, 9:11 PM IST
Highlights

മുഖക്കുരു അവശേഷിപ്പിക്കുന്ന പാടുകള്‍, മറ്റ് കറുത്ത പാടുകള്‍ എന്നിവയെ നീക്കാനും മുഖം തിളക്കമുള്ളതാക്കാനുമാണ് ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കുന്നത്. ഇനിയിത് എങ്ങനെയെല്ലാമാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം

ലഭ്യമായ പച്ചക്കറികള്‍ കൊണ്ടെല്ലാം നമ്മള്‍ ജ്യൂസ് തയ്യാറാക്കാറുണ്ട്. പച്ചക്കറി ജ്യൂസ് എന്തുകൊണ്ടും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. എന്നാല്‍ ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഈ ജ്യൂസ് ആരോഗ്യത്തിനല്ല, മറിച്ച് മുഖത്തിനാണ് ഗുണകരമാകുന്നത്. 

മുഖക്കുരു അവശേഷിപ്പിക്കുന്ന പാടുകള്‍, മറ്റ് കറുത്ത പാടുകള്‍ എന്നിവയെ നീക്കാനും മുഖം തിളക്കമുള്ളതാക്കാനുമാണ് ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കുന്നത്. ഇനിയിത് എങ്ങനെയെല്ലാമാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. 

ഒന്ന്...

ഉരുളക്കിഴങ്ങ് നീരും ചെറുനാരങ്ങാനീരും കൊണ്ടുള്ള പൊടിക്കൈ ആണ് ആദ്യം നോക്കുന്നത്. 

 

 

ഇവ രണ്ടും തുല്യമായ അളവിലെടുത്ത് നന്നായി യോജിപ്പിക്കുക. പഞ്ഞിയുപയോഗിച്ച് ഈ മിശ്രിതം മുഖത്ത് തേക്കാം. അഞ്ച് മിനുറ്റ് മാത്രം ഇത് മുഖത്ത് വച്ചാല്‍ മതി, ശേഷം വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം. 

രണ്ട്...

ഉരുളക്കിഴങ്ങ് ജ്യൂസുപയോഗിച്ച് ഫേസ്പാക്കും തയ്യാറാക്കാവുന്നതാണ്. അത്തരമൊരു ഫേസ്പാക്ക് തയ്യാറാക്കുന്ന വിധം നോക്കാം. ഇതിന് ആവശ്യമായ മറ്റൊരു ചേരുവ, മുള്‍ട്ടാനി മിട്ടിയാണ്. ഉരുളക്കിഴങ്ങ് നീരും മുള്‍ട്ടാനി മിട്ടിയും ചേര്‍ത്ത് അല്‍പം കട്ടിയുള്ള ഒരു പേസ്റ്റിന്റെ പരുവത്തിലേക്ക് യോജിപ്പിച്ചെടുക്കുക. ഇത് മുഖത്തിട്ട് ഉണങ്ങാന്‍ അനുവദിക്കാം. ശേഷം വെള്ളമുപയോഗിച്ച് കഴുകാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാം. 

മൂന്ന്...

ഉരുളക്കിഴങ്ങ് നീരുപയോഗിച്ച് സ്‌കിന്‍ ടോണര്‍ തയ്യാറാക്കുന്ന വിധമാണ് ഇനി വിശദീകരിക്കുന്നത്.

 

 

ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ. ഇടത്തരം വലിപ്പമുള്ള ഒരു ഉരുളക്കിഴങ്ങിന്റെ നീര് വെള്ളം ചേര്‍ക്കാതെ മാറ്റിയെടുക്കുക. ഇതിന് ശേഷം മാത്രം ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേര്‍ക്കുക. ഇനിയിത് പഞ്ഞിയുപയോഗിച്ച് മുഖത്ത് തേക്കാം.

Also Read:- വേനലിലെ 'സ്‌കിന്‍' പ്രശ്‌നങ്ങള്‍ വീട്ടില്‍ പരിഹരിക്കാം; തയ്യാറാക്കാം അല്‍പം ജ്യൂസ്...

click me!