സെറിബ്രൽ പാൾസി രോ​ഗത്തെ അതിജീവിച്ച് മുപ്പത്തൊന്നുകാരൻ; പൂനെ സ്വദേശി ഇനി ന്യായാധിപന്‍

By Web TeamFirst Published Dec 31, 2019, 10:46 AM IST
Highlights

ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനിടെ പല തടസ്സങ്ങളും പ്രയാസങ്ങളും ഉണ്ടാകും എന്നാൽ, നിങ്ങൾക്ക് വേണ്ടത്ര നിശ്ചയ ​ദാർഢ്യമുണ്ടെങ്കിൽ, നിങ്ങളെ തടുക്കാൻ മറ്റൊന്നിനുമാകില്ലെന്ന് ബാജി പറയുന്നു.

സെറിബ്രല്‍ പാള്‍സി രോഗാവസ്ഥയോട് പടപൊരുതിയാണ് പൂനെ സ്വദേശി നിഖില്‍ പ്രസാദ് ബാജി ന്യായാധിപനാകാനുള്ള പരീക്ഷ പാസായിരിക്കുന്നത്. രോഗാവസ്ഥയോട് പടപൊരുതിയ നിഖില്‍ ഇനി നീതിക്കുവേണ്ടി പൊരുതുന്നവര്‍ക്കായി സേവനമനുഷ്ഠിക്കും. 

ഫസ്റ്റ് ക്ലാസ്സ് ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആന്റ് സിവില്‍ ജഡ്ജ് ജൂനിയര്‍ ഡിവിഷന്‍ പരീക്ഷ പാസ്സായാണ് നിഖിൽ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ലോക പ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്ന സ്റ്റീവന്‍ ഹോക്കിംഗിനെ ആരാധിക്കുന്ന നിഖിൽ ഒരു വ്യക്തിയും തനിക്ക് ഒരു കുറവുണ്ടെന്ന മട്ടില്‍ ലോകത്തില്‍ ജീവിക്കാനേ പാടില്ലെന്ന സന്ദേശമാണ് മറ്റുള്ളവർക്ക് നൽകുന്നത്.

'എനിക്ക് പൊളിറ്റിക്കൽ സയൻസ് തുടക്കം മുതൽ ഇഷ്ടമായിരുന്നു. അതോടൊപ്പം കോടതി വിഷയങ്ങളും എന്നെ ആകര്‍ഷിച്ചു. നിയമം പഠിക്കണമെന്നും കോടതി നടപടികള്‍ മനസിലാക്കണമെന്നും മാത്രമേ ഞാൻ ആ​ഗ്രഹിച്ചിരുന്നുള്ളു'നിയമം പഠിക്കാൻ ഇടയായതിനെ കുറിച്ച് നിഖിൽ പറയുന്നു.

കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് പരീക്ഷയിലൂടെ ബാജി ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ (ജി‌എൻ‌എൽ‌യു) പ്രവേശിച്ചു. ജൂനിയർ കോളേജിൽ പഠിക്കുന്ന സമയത്ത് ബാജിക്ക് കണ്ണിന് കാഴ്ചയില്ലാത്ത ഒരു സുഹൃത്തുണ്ടായിരുന്നു. ജി‌എൻ‌എൽ‌യുവിൽ തിരഞ്ഞെടുത്തപ്പോൾ വീട്ടിൽ നിന്ന് മാറി സ്വതന്ത്രമായി ജീവിക്കാൻ അവനാണ് തന്നെ പ്രേരിപ്പിച്ചതെന്ന് ബാജി പറയുന്നു.

ജി‌എൻ‌എൽ‌യുവിൽ നിന്ന് ബിരുദം നേടിയ ശേഷം ശിവാജിനഗർ ജില്ലാ കോടതിയിലും ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിലും 
ബാജി അഞ്ചുവർഷം നിയമം അഭ്യസിച്ചു. ഫസ്റ്റ് ക്ലാസ്സ് ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആന്റ് സിവില്‍ ജഡ്ജ് ജൂനിയര്‍ ഡിവിഷന്‍ പരീക്ഷ മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്. പ്രാഥമിക പരീക്ഷ, പ്രധാന പരീക്ഷ, അഭിമുഖം എന്നിങ്ങനെയായിരുന്നു ഘട്ടങ്ങൾ. 

Read Also: എന്താണ് സെറിബ്രൽ പാൾസി; ലക്ഷണങ്ങളും കാരണങ്ങളും

“ഞാൻ ദിവസവും മൂന്ന് മണിക്കൂർ പഠിക്കാറുണ്ടായിരുന്നു.  ട്രിബ്യൂണലിൽ ജോലി ചെയ്തിരുന്നതിനാൽ, നിയമങ്ങൾ നന്നായി മനസ്സിലാക്കാൻ സഹായിച്ചു. അതെന്ന പരീക്ഷയിൽ വളരെയധികം സഹായിച്ചു“ബാജി പറയുന്നു.

പ്രാഥമിക പരീക്ഷ കഴിഞ്ഞ് മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴായിരുന്നു ബെൽസ് പാൾസി പിടിപ്പെട്ടത്. ഇത് മുഖത്തിന്റെ പകുതിയും തളർത്തി. ബാജിയുടെ പഠനത്തെയും ഇത് സാരമായി ബാധിച്ചു. പിന്നീട് ഫിസിയോതെറാപ്പിയിലൂടെ ബാജി ഒരു മാസത്തിനുള്ളിൽ സുഖം പ്രാപിക്കുകയായിരുന്നു. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനിടെ പല തടസ്സങ്ങളും പ്രയാസങ്ങളും ഉണ്ടാകും എന്നാൽ, നിങ്ങൾക്ക് വേണ്ടത്ര നിശ്ചയ ​ദാർഢ്യമുണ്ടെങ്കിൽ, നിങ്ങളെ തടുക്കാൻ മറ്റൊന്നിനുമാകില്ലെന്ന് ബാജി പറയുന്നു.

click me!