പൂച്ചയെ രക്ഷിക്കാന്‍ മരത്തില്‍ കയറി കുടുങ്ങി ഉടമസ്ഥന്‍; ഒടുവില്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായം

By Web TeamFirst Published Jul 2, 2021, 11:59 AM IST
Highlights

വളര്‍ത്തുപൂച്ച മരത്തില്‍ കയറിയതിന് പിന്നാലെ അതിനെ രക്ഷപ്പെടുത്താന്‍ ഉടമസ്ഥനും മരം കയറി, ഒടുവില്‍ മുകളില്‍ കുടുങ്ങിപ്പോയതാണ് വാര്‍ത്ത. യുഎസിലെ ഒക്ലഹോമയിലാണ് സംഭവം നടന്നിരിക്കുന്നത്

വളര്‍ത്തുമൃഗങ്ങളോട് ഉടമസ്ഥര്‍ക്കുള്ള സ്‌നേഹവും കരുതലും പലപ്പോഴും പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ല. അവയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള അസുഖങ്ങളോ അപകടങ്ങളോ സംഭവിച്ചാല്‍ എങ്ങനെയും അതില്‍ നിന്ന് അവയെ മോചിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ് മിക്കവരും. 

എന്നാല്‍ വളര്‍ത്തുമൃഗത്തിന്റെ രക്ഷയ്ക്കായി പരിശ്രമിച്ച് അതിനിടയില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാലോ! അത്തരത്തില്‍ കൗതുകകകരമായൊരു വാര്‍ത്തയും വീഡിയോയും ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

വളര്‍ത്തുപൂച്ച മരത്തില്‍ കയറിയതിന് പിന്നാലെ അതിനെ രക്ഷപ്പെടുത്താന്‍ ഉടമസ്ഥനും മരം കയറി, ഒടുവില്‍ മുകളില്‍ കുടുങ്ങിപ്പോയതാണ് വാര്‍ത്ത. യുഎസിലെ ഒക്ലഹോമയിലാണ് സംഭവം നടന്നിരിക്കുന്നത്. വീടിന് സമീപത്തുള്ള വന്‍ മരത്തിലേക്ക് വളര്‍ത്തുപൂച്ച കയറിപ്പോകുന്നത് ഉടമസ്ഥന്‍ കണ്ടു. പൂച്ച മരത്തില്‍ നിന്ന് താഴേക്ക് വീണ് അപകടം പറ്റുമെന്ന് ഭയന്ന അദ്ദേഹം പൂച്ചയ്ക്ക് പിന്നാലെ മരം കയറുകയായിരുന്നു. 

എന്നാല്‍ മുകളിലേക്ക് പോകുംതോറും അവിടെ നിന്ന് ഇറങ്ങാന്‍ സാധിക്കാത്ത വിധം കുടുങ്ങിപ്പോവുകയായിരുന്നു അദ്ദേഹം. ഒടുവില്‍ ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇദ്ദേഹത്തെയും പൂച്ചയെയും രക്ഷപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. 

ഈ വീഡിയോ പിന്നീട് ശ്രദ്ധിക്കപ്പെടുകയായിരുന്നു. പതിനായിരത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുന്നുമുണ്ട്. വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുള്ളവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ എന്ന പേരിലാണ് പലരും ഇത് പങ്കുവയ്ക്കുന്നത്. സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് ഇത്തരത്തിലുള്ള സാഹസികതകള്‍ക്ക് മുതിരരുതെന്ന് ഉപദേശിക്കുന്നവരാണ് വീഡിയോ കണ്ടവരില്‍ ഏറെ പേരും. അതേസമയം വളര്‍ത്തുമൃഗങ്ങളോടുള്ള കരുതല്‍ ഇങ്ങനെയും മനുഷ്യരെ അന്ധമായി മുന്നോട്ട് നയിക്കുമെന്ന് അഭിപ്രായപ്പെട്ടവരും ഏറെ. 

വീഡിയോ കാണാം...

 

Also Read:- പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷ; തുണയായത് കേക്ക്

click me!