'എന്റെ ഇക്കാക്ക മരിച്ചതല്ല, മോഹനൻ എന്ന കൊലയാളി കൊന്നതാണ്': വെളിപ്പെടുത്തലുമായി യുവതി

By Web TeamFirst Published Sep 4, 2019, 5:44 PM IST
Highlights

ഇക്കാക്ക മരിച്ചത് പാൻക്രിയാസ് കാൻസർ ബാധിച്ചാണ്. മരിച്ചതല്ല, മോഹനൻ എന്ന കൊലയാളി കൊന്നതാണ്. എന്റെ അക്കുക്കാക്കയും മോഹനൻ വൈദ്യരുടെ വ്യാജചികിത്സയുടെ ഇരയാണ്. 

മോഹനന്‍ വൈദ്യരുടെ ചികിത്സയെ കുറിച്ച് പലതരത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഇയാളുടെ ചികിത്സയിൽ അകപ്പെട്ട് പോയവർ നിരവധി പേരാണ്. ഇവരുടെ വ്യാജ ചികിത്സകളെ കുറിച്ചുള്ള അനുഭവങ്ങൾ നിരവധിപേർ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നുമുണ്ട്. കഴിഞ്ഞാഴ്ച്ചയാണ് ക്യാന്‍സര്‍ എന്ന മാഹാവ്യാധിയെ പൊരുതി ജയിച്ച നന്ദു മഹാദേവ മോഹനന്‍ വൈദ്യരുടെ വ്യാജ ചികിത്സയെ കുറിച്ച് പറയുന്ന ഫേസ്ബുക്ക് വെെറലായിരുന്നു. 

അത്തരത്തിലൊരു പോസ്റ്റാണ് സച്ചു ആയിഷ എന്ന യുവതി പങ്കുവച്ചിരിക്കുന്നത്. പാൻക്രിയാസ് കാൻസർ ബാധിച്ച് തന്റെ കൂടെപ്പിറപ്പ് മോഹനന്റെ നാട്ടുവൈദ്യം തേടിപ്പോയി അവസാനം മരണത്തിന് കീഴടങ്ങേണ്ടി വന്ന അവസ്ഥയെ കുറിച്ചാണ് യുവതി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ഇക്കാക്ക മരിച്ചത് പാൻക്രിയാസ് കാൻസർ ബാധിച്ചാണ്. മരിച്ചതല്ല, മോഹനൻ എന്ന കൊലയാളി കൊന്നതാണ്. എന്റെ അക്കുക്കാക്കയും മോഹനൻ വൈദ്യരുടെ വ്യാജചികിത്സയുടെ ഇരയാണ്. ആശുപത്രി കിടക്കയിൽ നിന്നു പോലും അക്കുക്കാക്ക പറഞ്ഞത് എന്നെങ്കിലും ഞാനീ ബെഡ്ഡീന്നു എണീക്കാണെങ്കിൽ ആദ്യം പോവുക അയാളുടെ അടുത്തേക്കായിരിക്കുമെന്നാണെന്ന്  യുവതി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മോഹനൻവൈദ്യരുടെ കെണിയിൽ പെട്ടില്ലായിരുന്നെങ്കിൽ ഇന്നും അല്ലെങ്കിൽ കുറച്ചുകാലം കൂടിയെങ്കിലും അക്കുക്കാക്ക ഞങ്ങളെ കൂടെയുണ്ടാവുമായിരുന്നുവെന്നും യുവതി പോസ്റ്റിൽ പറയുന്നു. 

സച്ചു ആയിഷയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു...

എന്റെ ഇക്കാക്ക മരിച്ചത് പാൻക്രിയാസ് കാൻസർ ബാധിച്ചാണ്. മരിച്ചതല്ല, മോഹനൻ എന്ന കൊലയാളി കൊന്നതാണ്. എന്റെ അക്കുക്കാക്കയും മോഹനൻ വൈദ്യരുടെ വ്യാജചികിത്സയുടെ ഇരയാണ്. ആശുപത്രി കിടക്കയിൽ നിന്നു പോലും അക്കുക്കാക്ക പറഞ്ഞത് എന്നെങ്കിലും ഞാനീ ബെഡ്ഡീന്നു എണീക്കാണെങ്കിൽ ആദ്യം പോവുക അയാളുടെ അടുത്തേക്കാണെന്നായിരുന്നു.

ആ മനുഷ്യൻ കാരണം അത്രയേറെ വേദന തിന്നിട്ടുണ്ട് അക്കുക്കാക്ക. ചികിത്സക്ക് എത്തുന്നവർക്ക് ആദ്യം തന്നെ അയാളുടെ വക ഒരു ബോധവത്കരണ ക്ലാസുണ്ടാവും. വിലയേറിയ മരുന്നുകൾ അയാൾ പറയുന്ന സ്ഥലത്ത് നിന്ന് തന്നെ വാങ്ങണം. ഭക്ഷണരീതികളിലൊക്കെ പൂർണമായും മാറ്റം വരുത്തി. ഭക്ഷ്യവസ്തുക്കൾ പോലും അയാൾ പറയുന്ന കടയിൽ നിന്നായിരുന്നു വാങ്ങേണ്ടത്. കാൻസർ എന്നൊരു അസുഖമേ ഇല്ല എന്നായിരുന്നു അയാളുടെ വാദം.

നൂറു ശതമാനം അസുഖവും മാറ്റിത്തരാമെന്ന് അയാൾ ഉറപ്പ് പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും അസുഖം മാറട്ടെയെന്ന് കരുതി ഇയാൾ പറയുന്ന മരുന്നുകളൊക്കെ കഷ്ടപ്പെട്ട് രോഗി കഴിച്ചു തുടങ്ങും. യാതൊരുവിധ എഴുത്തോ ശീട്ടോ ഒന്നുമുണ്ടാവില്ല. വെറും വയറ്റിൽ എണ്ണയും മറ്റുമടങ്ങിയ പച്ച മരുന്നുകൾ ചവർപ്പോടു കൂടി ഒരു മാസത്തോളം കഴിച്ചതിന്റെ ഭാഗമായി ഇക്കാക്കാന്റെ വയറ്‌ വല്ലാതെ വീർത്ത് ശ്വാസം മുട്ടാൻ തുടങ്ങി. മോഹനനെ വിളിച്ചപ്പോൾ അയാൾ അമേരിക്കയിലാണെന്നും പറഞ്ഞു മുങ്ങി നടപ്പായിരുന്നു.

അപ്പോഴേക്കും രോഗം വല്ലാതെ മൂർച്ഛിച്ചിരുന്നു. വയറാകെ വീർത്ത് നീര് വെച്ചിരുന്നു. നീര് കുത്തിയെടുത്തതാണ് പിന്നീട്. തുടർന്ന് മിംസിൽ അഡ്മിറ്റ് ആവുകയും ഒരു മാസം കൊണ്ട് ഇക്കാക്ക മരിക്കുകയും ചെയ്തു. അക്കുക്കാക്കക്ക് 33 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. വയറുവേദന ആയിട്ട് ഗൾഫിന്നു നാട്ടിൽ വന്നതായിരുന്നു. വന്നതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ തന്നെ മരിക്കുകയും ചെയ്തു.

മോഹനൻവൈദ്യരുടെ കെണിയിൽ പെട്ടില്ലായിരുന്നെങ്കിൽ ഇന്നും അല്ലെങ്കിൽ കുറച്ചുകാലം കൂടിയെങ്കിലും അക്കുക്കാക്ക ഞങ്ങളെ കൂടെയുണ്ടാവുമായിരുന്നു.

ഇമ്മേമയുടെ കണ്ണീർ ഇതുവരെ തോർന്നിട്ടില്ല. 24 വയസ്സിൽ മോട്ടുവിനു ഭർത്താവിനെ നഷ്ടപ്പെട്ടു. ഒന്നര വയസ്സായ അമി മോളെയും നാല് വയസ്സായ അയ മോളെയും കണ്ണ് നിറച്ചൊന്നു കാണാൻ പോലും അക്കുക്കാക്കക്ക് കഴിഞ്ഞിട്ടില്ല. ഇതുപോലെ നമ്മൾ അറിഞ്ഞതും അറിയാത്തതുമായ ഒരുപാട് യാഥാർഥ്യങ്ങൾ മോഹനൻ എന്ന ചതിക്കപ്പുറമുണ്ട്. കൂടുതൽ ആളുകളിലേക്കെത്തിക്കേണ്ടതും അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കേണ്ടതും ഇത് പോലെ മരണപ്പെട്ടു പോയ ആളുകളോട് ചെയ്യേണ്ട നീതിയാണ്.

ഇപ്പോ അയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും ആ കേസ് ശക്തമായി മുമ്പോട്ട് പോവണമെങ്കിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയും പുറത്ത്‌ വരേണ്ടതായുണ്ട്. വ്യാജ വൈദ്യന്മാർ മോഹനൻ എന്ന ഒരാളിൽ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല. തുറന്നു കാണിക്കണം അത്തരം എല്ലാ കള്ളനാണയങ്ങളെയും. ചർച്ച ചെയ്യപ്പെടണം. ഇതെങ്കിലും എനിക്ക് അക്കുക്കാക്കക്ക് വേണ്ടി ചെയ്യേണ്ടതുണ്ട്.

click me!