കോടികള്‍ വിലമതിക്കുന്ന 'കടല്‍വെള്ളരി'; ഇത് എന്താണെന്നറിയാത്തവര്‍ ഇപ്പോഴുമുണ്ട്

By Web TeamFirst Published Sep 20, 2021, 4:09 PM IST
Highlights

വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു വിഭവമാണ് കടല്‍വെള്ളരി. ഇന്ത്യയില്‍ ഇത് കാര്യമായി ഉപയോഗിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെല്ലാം വില കൂടിയ വിഭവമായി ഇതിനെ ഉപയോഗിച്ചുവരുന്നുണ്ട്

വെള്ളരി എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ കഴിക്കുന്ന വെള്ളരി തന്നെയേ ആര്‍ക്കും ഓര്‍മ്മ വരൂ. കടല്‍ വെള്ളരി എന്നാകുമ്പോള്‍ അത് കടലില്‍ വളരുന്ന പ്രത്യേകയിനം വെള്ളരിയെന്നോ മറ്റോ ചിന്തിക്കുന്നവരാണ് അധികവും. ഇടയ്ക്കിടെ വാര്‍ത്തകളിലിങ്ങനെ വന്നുപോകാറുള്ളൊരു വാക്കാണിത്. 

കോടികളുടെ കടല്‍വെള്ളരി പിടിച്ചു, അന്വേഷണം തുടങ്ങി എന്നെല്ലാം വാര്‍ത്തകളില്‍ തലക്കെട്ടുകളായി കാണാം. ഇന്നുതന്നെ തമിഴ്‌നാട്ടിലെ ഒരു തീരത്ത് നിന്ന് എട്ട് കോടിയുടെ കടല്‍വെള്ളരി കോസ്റ്റ് ഗാര്‍ഡും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് പിടിച്ചിട്ടുണ്ട്. 

ഇത്രമാത്രം വിലമതിക്കാന്‍ ഇതെന്ത് സാധനമാണെന്ന് ചിന്തിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ആദ്യമേ സൂചിപ്പിച്ചത് പോലെ ഇത് പച്ചക്കറിയോ സസ്യമോ പോലെ എന്തോ ഒന്നാണെന്നും, കരയില്‍ വളരുന്നതിന് പകരം കടലില്‍ വളരുന്നു എന്നതാണ് വ്യത്യാസമെന്നും ചിന്തിക്കുന്നവര്‍ നിരവധിയാണ്. 

യഥാര്‍ത്ഥത്തില്‍ എന്താണ് കടല്‍വെള്ളരി?

കടല്‍വെള്ളരി ലളിതമായി പറഞ്ഞാല്‍ ഒരു കടല്‍ജീവിയാണ്. നമ്മള്‍ കഴിക്കാനുപയോഗിക്കുന്ന വെള്ളരിയുടെ ആകൃതിയും സാമ്യവുമാണ് ഇതിന് ഈ പേര് വരാന്‍ കാരണം. 

 

 

കടലിന്റെ ആവാസവ്യവസ്ഥയെ തകരാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നൊരു കടല്‍ജീവി. അതായത്, കടലില്‍ നിന്ന് പല മാലിന്യങ്ങളും അത് ഭക്ഷണമായി സ്വീകരിച്ച് വലിച്ചെടുക്കുകയും അങ്ങനെ ചുറ്റുപാടിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ധര്‍മ്മം. 

കടല്‍വെള്ളം വൃത്തിയായും സുതാര്യമായും സൂക്ഷിക്കുന്നതിനും മറ്റ് ജീവികളുടെ സൈ്വര്യജീവിതത്തിനും ആവാസവ്യവസ്ഥയ്ക്കുമെല്ലാം കടല്‍വെള്ളരി അത്യാവശ്യമാണ്. 

എന്നാല്‍ ഇന്ന് വംശനാശത്തിന്റെ ഭീഷണിയിലാണ്  കടല്‍വെള്ളരികള്‍. ഇവ കാര്യമായി കാണപ്പെട്ടിരുന്ന ആന്‍ഡമാനില്‍ നിന്നും ലക്ഷദ്വീപ് സമൂഹങ്ങളില്‍ നിന്നുമെല്ലാം വന്‍ തോതിലാണ് വേട്ട നടന്നത്. പോയ വര്‍ഷം തന്നെ ലക്ഷദ്വീപില്‍ കോടികളുടെ കടല്‍വെള്ളരി വേട്ടയാണ് നടന്നത്. ഇത് പക്ഷേ പിടിക്കപ്പെട്ടിരുന്നു. ദ്വീപില്‍ നിന്ന് ശേഖരിക്കുന്ന കടല്‍വെള്ളരി ശ്രീലങ്കയിലേക്ക് കടത്താനായിരുന്നു അന്ന് പ്രതികളുടെ ലക്ഷ്യം. 

എന്തിനാണ് കടല്‍വെള്ളരി...

വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു വിഭവമാണ് കടല്‍വെള്ളരി. ഇന്ത്യയില്‍ ഇത് കാര്യമായി ഉപയോഗിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെല്ലാം വില കൂടിയ വിഭവമായി ഇതിനെ ഉപയോഗിച്ചുവരുന്നുണ്ട്. 

 

 

സൂപ്പ്, പിക്കിള്‍സ്, അതുപോലെ സ്‌പൈസുകളും മറ്റ് മാംസങ്ങളും ചേര്‍ത്തുള്ള വിഭവങ്ങളെല്ലാം കടല്‍വെള്ളരി വച്ച് തയ്യാറാക്കപ്പെടുന്നു. ഇവിടങ്ങളിലെല്ലാം തന്നെ ഇതിനെ പാകം ചെയ്യാതെയാണ് അധികവും ഭക്ഷണത്തിനായി ഉപയോഗിക്കാറ് എന്നതും ശ്രദ്ധേയമാണ്. 

ഭക്ഷണത്തിന് പുറമെ നേരിട്ട് മരുന്നുകളില്‍ ചേര്‍ക്കാനും കടല്‍വെള്ളരി പലയിടങ്ങളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതും നിയമവിരുദ്ധമാണെന്നിരിക്കെ, കടലില്‍ നിന്ന് രഹസ്യമായി ഇവയെ പിടിച്ച് കടത്തുകയാണ് ചെയ്യുന്നത്. ബോട്ടുകളിലെത്തിച്ച ശേഷം പ്രത്യേകമായി ശീതീകരിച്ച് അതത് രാജ്യങ്ങളിലേക്ക് കടത്താനുള്ള മാര്‍ഗം കണ്ടെത്തും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കിലോയ്ക്ക് 50,000മോ അതിന് മുകളിലോ എല്ലാം കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

എന്നാല്‍ ഇവയെ കൂട്ടമായി പിടിച്ച് വില്‍പന നടത്തുമ്പോള്‍ ഇപ്പുറത്ത് പതിയെ പതിയെ കടലിന്റെ ആവാസവ്യവസ്ഥ തകര്‍ന്നുപോകവുകയാണ് ചെയ്യുന്നത്. ഒരുപക്ഷേ ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധമുള്ള മാറ്റങ്ങള്‍ കടല്‍ത്തട്ടുകളില്‍ ഇപ്പോള്‍ തന്നെ സംഭവിച്ചുതുടങ്ങിയുമിരിക്കാം...

Also Read:- കടല്‍ വെള്ളരി വേട്ട; പിടിച്ചത് 4.26 കോടിയുടെ കടല്‍ വെള്ളരി

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!