ആണ്‍കുട്ടികളോട് പറയേണ്ടതും പറയരുതാത്തതും; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

By Web TeamFirst Published Aug 19, 2019, 12:05 PM IST
Highlights

അഞ്ച് വയസ് കഴിയുമ്പോഴേക്ക് ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുഞ്ഞ് കൗതുകം കാണിച്ചുതുടങ്ങിയേക്കാം. ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും പല തരം അന്വേഷണങ്ങളും ചോദ്യങ്ങളും തുടങ്ങും...

സമൂഹത്തിന് മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ ഒരുത്തമ പൗരനോ പൗരയോ ആയി തന്റെ കുഞ്ഞ് വളരണമെന്നാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കാറ്. എന്നാല്‍ ഇതിനായി, കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്ന കാര്യത്തില്‍ നമുക്ക് വലിയ ധാരണകള്‍ ഇല്ലെന്നത് ഖേദകരമാണ്.

മൂന്ന് വയസിന് ശേഷമാണ് കുട്ടികള്‍ സാമൂഹികമായ കാര്യങ്ങള്‍ മനസിലാക്കിത്തുടങ്ങുന്നത്. പ്രധാനമായും വീട്ടിലെ അന്തരീക്ഷം തന്നെയാണ് അവരെ സ്വാധീനിക്കുന്നത്. അമ്മയും അച്ഛനും വീട്ടില്‍ എന്തെല്ലാം ചെയ്യുന്നു, അവര്‍ പരസ്പരം എങ്ങനെയെല്ലാം പെരുമാറുന്നു, അവര്‍ക്ക് തന്നോടുള്ള പെരുമാറ്റം, അവര്‍ മറ്റുള്ളവരോട് എങ്ങനെയെല്ലാം ഇടപെടല്‍ നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ കുട്ടി ശ്രദ്ധിച്ചുതുടങ്ങുന്നു. 

ഇക്കാര്യങ്ങളെല്ലാം തന്റേതായ നിലയില്‍ അനുകരിക്കലാണ് അടുത്ത പടിയായി കുട്ടി ചെയ്യുക. അതിനാല്‍ത്തന്നെ ഇത്തരം വിഷയങ്ങളിലെല്ലാം മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതോടൊപ്പം തന്നെ വളരെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ് കുട്ടികളെ ലിംഗപരമായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത്. 

ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും കൃത്യമായി രണ്ട് തട്ടിലാക്കിയാണ് നമ്മള്‍ വളര്‍ത്തുന്നത്. എന്നാല്‍ ഈ ശിക്ഷണരീതി പുതിയ കാലത്തെ സംബന്ധിച്ചിടത്തോളം തികച്ചും അശാസ്ത്രീയമാണ്. വ്യക്തിയെന്ന നിലയില്‍ അവര്‍ പിന്നെയും പരമ്പരാഗത രീതികളിലേക്ക് ചുരുങ്ങിപ്പോകാന്‍ മാത്രമേ ഇതുപകരിക്കൂ. അതിനാല്‍ ചില കാര്യങ്ങള്‍ മാതാപിതാക്കള്‍ തീര്‍ച്ചയായും കരുതിയേ തീരൂ. അവയേതെല്ലാമെന്ന് വിശദീകരിക്കാം...

ഒന്ന്...

വീട്ടില്‍ അമ്മ പാചകം ചെയ്യാനുള്ളയാളാണ് എന്ന ചിന്ത വളരെ ചെറുപ്പത്തില്‍ത്തന്നെ കുട്ടികളിലുറച്ച് പോകുന്നുണ്ട്. അതുകൊണ്ടാണല്ലോ ഓരോ സമയത്തും വിശക്കുമ്പോള്‍ അവര്‍ കൃത്യമായി അമ്മയെത്തന്നെ സമീപിക്കുന്നത്. ഇത് എല്ലാക്കാലത്തേക്കുമായി സ്ത്രീകളോടുള്ള ഒരു കാഴ്ചപ്പാടായി കുട്ടിയില്‍ ഊട്ടിയുറപ്പിക്കപ്പെടും. ഭാവിയില്‍ തനിയെ ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ താല്‍പര്യമില്ലായ്മയും നാണക്കേട് തോന്നാനും അതോടൊപ്പം തന്നെ പങ്കാളിയെ തനിക്ക് ഭക്ഷണം വച്ചുതരാനുള്ള ആളായി അധികാരപൂര്‍വ്വം കാണാനുമെല്ലാം ഇത് കാരണമാകും. 

അതേസമയം പങ്കാളിയായി വരുന്ന പെണ്‍കുട്ടി പുതിയകാലത്തിന്റെ സന്തതിയാണ്, അവള്‍ താന്‍ അടുക്കളയിലൊതുങ്ങേണ്ടയാള്‍ അല്ലെന്ന വ്യക്തമായ ബോധ്യമുള്ളവളാണെങ്കില്‍ തീര്‍ച്ചയായും അവന്‍ കുരുക്കിലാകുക തന്നെ ചെയ്യും. ആ സാഹചര്യം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. ഏത് ഘട്ടത്തിലും സംതൃപ്തിയോടെ മികച്ചുനില്‍ക്കാന്‍ അവനെ പ്രാപ്തനാക്കണം. അതിനാല്‍, അമ്മയും അച്ഛനും ഒരുമിച്ച് അടുക്കളയില്‍ ജോലി ചെയ്യുന്നത് കണ്ട് ആണ്‍മക്കള്‍ വളരട്ടെ. 

രണ്ട്...

വൈകാരികമായ വിഷയങ്ങളെ പുറത്തുകാണിക്കുന്നതില്‍ നിന്ന് ആണ്‍മക്കളെ മാതാപിതാക്കള്‍ നിരന്തരം വിലക്കുന്നത് കാണാറുണ്ട്. കരയാന്‍ അനുവദിക്കാതിരിക്കുക, ദുഖത്തോടെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക, അമ്മയോടോ അച്ഛനോടോ കൂടുതല്‍ ലാളനകള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കാതിരിക്കുക- എന്നിങ്ങനെ പോകുന്നു വിലക്കുകള്‍. 

നീ ഒരാണാണ്, നീ കരയാന്‍ പാടില്ല, തളരാന്‍ പാടില്ല തുടങ്ങിയ ഡയലോഗുകള്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ തന്നെ ആണ്‍കുഞ്ഞുങ്ങളുടെ ഉള്ളിലുറച്ചുപോകുന്നു. പുരുഷനാകേണ്ടവന്‍ മൃദുലഭാവങ്ങള്‍ കാണിച്ചുകൂടാ, അതെന്തോ തെറ്റാണ് എന്ന ബോധം അവനിലുണ്ടാകുന്നു. സത്യത്തില്‍ വൈകാരികതയെ ഒളിപ്പിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിനാണ് വഴിയൊരുക്കുന്നത്. അതിനാല്‍ ആണ്‍കുഞ്ഞുങ്ങളെ കരയാനും സ്വതന്ത്രമായി വൈകാരിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കാനും ശീലിപ്പിക്കുക. അവരെ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തരാക്കുക. 

മൂന്ന്...

ചില ആണ്‍കുട്ടികളുണ്ട്, കളിപ്പാട്ടക്കടയില്‍ കയറിയാല്‍ പാവയെ തെരഞ്ഞെടുക്കും. എന്നാല്‍ ഉടന്‍ തന്നെ അമ്മമാര്‍ വിലക്കും. അയ്യേ, പാവ കൊണ്ട് കളിക്കാന്‍ നീ പെണ്‍കുട്ടിയാണോ എന്ന് ചോദിക്കും. രണ്ട് തരത്തിലാണ് ഈ ചോദ്യം അവനില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഒന്ന് അവന്- താല്‍പര്യപൂര്‍വ്വം ഒരു കളിപ്പാട്ടമെടുക്കാന്‍ സ്വാതന്ത്ര്യമില്ലയെന്നത്. രണ്ട് തന്റെ സഹജീവിയായ പെണ്‍കുട്ടികള്‍ എന്തോ മോശം മാനസികാവസ്ഥയുള്ളവരാണ് എന്ന ബോധം അവനില്‍ ഉണ്ടാകുന്നു. 

അതിനാല്‍ ഒരിക്കലും ആണ്‍കുട്ടികളുടെ തെരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യാതിരിക്കുക. അവന്‍ അവനിഷ്ടമുള്ള കളികള്‍ തെരഞ്ഞെടുക്കട്ടെ. ഒപ്പം, പെണ്‍കുട്ടികളെ തന്നില്‍ നിന്ന് താഴെയുള്ള വിഭാഗമായി കാണാതെ, തന്നോടൊപ്പം തന്നെ നില്‍ക്കുന്നവരായി കാണട്ടെ. 

നാല്...

അഞ്ച് വയസ് കഴിയുമ്പോഴേക്ക് ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുഞ്ഞ് കൗതുകം കാണിച്ചുതുടങ്ങിയേക്കാം. ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും പല തരം അന്വേഷണങ്ങളും ചോദ്യങ്ങളും തുടങ്ങും. ആരോഗ്യകരമായ കാര്യങ്ങള്‍ മാത്രമേ കുഞ്ഞ് ഇത്തരം വിഷയങ്ങളില്‍ നേടുന്നുള്ളൂ എന്ന് മാതാപിതാക്കള്‍ തീര്‍ച്ചയായും ഉറപ്പുവരുത്തണം. അവര്‍ കാണുന്ന കാര്‍ട്ടൂണുകളില്‍ വരെ മോശമായ രീതിയില്‍ ലൈംഗികതയെ വരച്ചുകാണിച്ചിട്ടുണ്ടാകാം. അതിനാല്‍ വലിയ രീതിയില്‍ത്തന്നെ ഇക്കാര്യം ശ്രദ്ധിക്കണം. അതൊടൊപ്പം തന്നെ കുഞ്ഞുമായി ഇടപഴകുന്ന മുതിര്‍ന്നവരുടെ സംഭാഷണവും അവരുടെ ഇടപെടലും കൂടി കരുതുക. ആരോഗ്യകരമല്ലെന്ന് കണ്ടാല്‍ ആരെയും തിരുത്താം. ആവശ്യമെങ്കില്‍ വിലക്കുകയും ആവാം. 

അഞ്ച്...

ശരീരം സംരക്ഷിക്കാന്‍ പെണ്‍കുട്ടികളെ എത്തരത്തിലെല്ലാം പരിശീലിപ്പിക്കാറുണ്ട്, അത്തരത്തിലെല്ലാം ആണ്‍കുട്ടിയേയും പരിശീലിപ്പിക്കുക. നല്ലതും ചീത്തതുമായ സ്പര്‍ശനങ്ങളെ കുറിച്ച് അവരില്‍ അവബോധമുണ്ടാക്കാം. എന്നാല്‍ കുഞ്ഞുമനസുകളില്‍ പേടി നിറയ്ക്കും മട്ടില്‍ ഇവയൊന്നും അവതരിപ്പിക്കുകയുമരുത്. എന്തും തങ്ങളോട് തുറന്നുപറയാനുള്ള അവസരം അവന് വീട്ടില്‍ നല്‍കണം. പെണ്‍കുട്ടികള്‍ക്ക് വീട്ടിനകത്തുള്ള സ്വാതന്ത്ര്യവും പരിഗണനയുമെല്ലാം അവനും തുല്യമായി വീതിച്ചുനല്‍കുക. 

ആറ്...

വീട്ടില്‍ അവനെക്കൂടാതെ ഒരു പെണ്‍കുട്ടി കൂടിയുണ്ടെങ്കില്‍ അവളെയും അവനേയും എപ്പോഴും തുല്യമായിത്തന്നെ പരിഗണിക്കുക. ഭക്ഷണകാര്യത്തില്‍ ആണ്‍കുട്ടികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത് ഒഴിവാക്കുക. അതുപോലെ, കായികമായ വിനോദങ്ങളില്‍ അവനൊപ്പം പെണ്‍കുഞ്ഞിനേയും പങ്കാളിയാക്കുക. സഹോദരിയെ തോളോടുതോള്‍ - ഒരു സുഹൃത്തിനെയെന്ന പോലെ നിര്‍ത്താന്‍ അവനെ പരിശീലിപ്പിക്കുന്നതോടെ അവന്‍ ഒരു തികഞ്ഞ വ്യക്തിത്വമുള്ളയാളായി വളരുമെന്ന് ഉറപ്പിക്കുക. 

പെണ്‍കുട്ടിയുടെ ശരീരസൗന്ദര്യത്തിന് അമിതമായി പ്രാധാന്യം കൊടുക്കുകയും എപ്പോഴും അവളോട് അതെപ്പറ്റി മാത്രം സംസാരിക്കുകയും ചെയ്യരുത്. 

പെണ്‍കുട്ടികള്‍ ശരീരത്തിന്റെ അടിസ്ഥാനത്തില്‍ വച്ച് മാത്രം അളക്കാനുള്ളവരാണ് എന്ന ബോധം അവനിലുണ്ടാക്കാന്‍ ഇത് കാരണമാകും. പിന്നീടുള്ള ജീവിതത്തില്‍ വികലമായ പല മാനസികപ്രശ്‌നങ്ങളും ഇക്കാരണത്താല്‍ അവനിലുണ്ടായേക്കാം. 

ഏഴ്...

ആണ്‍കുട്ടികളെ രണ്ടുകാര്യങ്ങള്‍ പ്രത്യേകം പറഞ്ഞുപഠിപ്പിക്കുക. ഒന്ന് അനുവാദവും, രണ്ട് ബഹുമാനവും. സഹജീവികളോട് ബഹുമാനപൂര്‍വ്വം പെരുമാറുന്നതിനും അവരുടെ അനുവാദമില്ലാതെ അവരുടെ വിഷയങ്ങളില്‍ ഇടപെടാതിരിക്കുന്നതിനും അത് സഹായിക്കും. ഈ രണ്ട് കാര്യങ്ങളിലും മികച്ചുനിന്നാല്‍ തന്നെ നിങ്ങളുടെ ആണ്‍കുട്ടികള്‍ ഉത്തമരായ വ്യക്തികളായി വളരുമെന്നതിന് തര്‍ക്കമില്ല. അവര്‍ മറ്റുള്ളവരോട് പുലര്‍ത്തുന്ന ബഹുമാനം അവര്‍ക്ക് അളവ് കുറയാതെ തിരിച്ചുകിട്ടുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട.

click me!