
കോടികളുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ രാജ്യത്തുനിന്ന് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ ലണ്ടനിലെ ആഡംബരജീവിതം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ വലിയ രീതിയില്‍ ഇടം പിടിച്ചിരുന്നു. പുതിയ മുഖവും സ്റ്റൈലുമൊക്കെയായി ലണ്ടനില്‍ വിലസിനടക്കുന്ന നീരവ് മോദിയെ തെരുവില്‍ വച്ച് തിരിച്ചറിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും, മറുപടി പറയാനില്ലെന്ന് മോദി പറയുന്നതുമെല്ലാം വീഡിയോയിലൂടെ നമ്മള്‍ കണ്ടുകഴിഞ്ഞു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ മോദിയുടെ ലണ്ടനിലെ സമ്പന്നമായ ജീവിതരീതികളെക്കുറിച്ചും കഥകളോരോന്നായി വന്നു. 73 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്, ലണ്ടനിലും തുടരുന്ന വജ്രവ്യാപാരം, സുഖജീവിതം... അങ്ങനെ പോകുന്നു കഥകള്‍.
ഇതിനിടെയാണ് പുറത്തുവന്ന വീഡിയോയില്‍ മോദിയിട്ടിരിക്കുന്ന ജാക്കറ്റിനെ കുറിച്ചും അഭിപ്രായങ്ങള്‍ വന്നത്. 10,000 പൗണ്ട്, അതായത് ഏകദേശം 9 ലക്ഷം രൂപയുടെ ജാക്കറ്റാണത്രേ മോദി ധരിച്ചിരിക്കുന്നത്. അതും ഒട്ടകപ്പക്ഷിയുടെ തോലുകൊണ്ടുണ്ടാക്കിയത്. ലക്ഷങ്ങള്‍ വിലമതിക്കാനും മാത്രം എന്താണ് ഈ ജാക്കറ്റിലുള്ളതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ സാധാരണക്കാര്‍ ചോദിക്കുന്നത്.
എന്താണ് ഇതിനുമാത്രം ഈ ജാക്കറ്റിലുള്ളത്...?
മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും നിത്യവും ധരിക്കുന്ന വസ്ത്രങ്ങളുടെ ഭാഗമാണ് ജാക്കറ്റ്. തണുപ്പില്‍ നിന്ന് രക്ഷനേടാനാണ് പ്രധാനമായും ഇതുപയോഗിക്കുന്നത്. അതിനാല്‍ തന്നെ നല്ലരീതിയില്‍ ചൂട് പകരാന്‍ കഴിവുള്ള ജാക്കറ്റുകള്‍ക്ക് മാര്‍ക്കറ്റില്‍ നല്ല വിലയുമുണ്ടാകും.
തുകല്‍ ജാക്കറ്റുകള്‍ക്ക് സാധാരണഗതിയില്‍ അത്യാവശ്യം വില വരും. ഇതില്‍ത്തന്നെ വിലക്കൂടുതലാണ് ഒട്ടകപ്പക്ഷിയുടെ തോലുകൊണ്ടുണ്ടാക്കുന്ന കോട്ടുകള്‍. ലോകത്തിലേക്ക് വച്ചേറ്റവും വിലമതിക്കുന്ന തരം ജാക്കറ്റുകളിലൊന്നാണത്രേ ഇത്.
ഏറ്റവും കട്ടികൂടിയ തൊലിയാണത്രേ ഒട്ടകപ്പക്ഷിയുടേത്. അതേസമയം ഏത് രീതിയില്‍ വേണമെങ്കിലും ഇത് വളയ്ക്കാനും കഴിയും. അതായത്, ആവശ്യത്തിന് ചൂടും സുഖവും പകരാന്‍ ഇതിനോടൊക്കില്ല, മറ്റൊരു മെറ്റീരിയലും എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
തണുപ്പില്‍ നിന്നാശ്വാസം നല്‍കുമെന്ന് മാത്രമല്ല, തണുപ്പുകാലം ചര്‍മ്മത്തിലുണ്ടാക്കുന്ന വിവിധ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും ഈ ജാക്കറ്റിന് കഴിവുണ്ട്. തൊലിപ്പുറം വരളുന്നത്, വിണ്ടുകീറുന്നത്- തുടങ്ങിയ വിഷമതകളെല്ലാം പരിഹരിക്കാന്‍ ഈ മെറ്റീരിയലിനാവും. ഇതിലടങ്ങിയിരിക്കുന്ന ഒന്നിലധികം 'നാച്വറല്‍ ഓയില്‍' ആണ് ചര്‍മ്മം സംരക്ഷിക്കാന്‍ സഹായകമാകുന്നത്.
പ്രമുഖ ബ്രാന്‍ഡുകള്‍ മാത്രമാണ് നിലവില്‍ ഈ ജാക്കറ്റ് വിപണിയിലെത്തിക്കുന്നത്. ഇത് വാങ്ങി ഉപയോഗിക്കുന്നവരും ധനികരായിരിക്കും. കാരണം അത്ര ഉയര്‍ന്നതാണ് ജാക്കറ്റിന്റെ വിലനിലവാരം!
ഇനി സാധാരണക്കാര്‍ പറയണം, 13,000 കോടിയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യത്ത് നിന്ന് രക്ഷപ്പെട്ട് ലണ്ടന്‍ പോലുള്ള വലിയൊരു വിദേശനഗരത്തില്‍ സുഖജീവിതം നയിക്കുകയും വജ്രവ്യാപാരം നടത്തുകയും ചെയ്യുന്ന നീരവ് മോദിയെപ്പോലെ ഒരാള്‍ 9 ലക്ഷത്തിന്റെ ജാക്കറ്റിടുന്നതില്‍ എന്താണ് ഇത്ര അത്ഭുതം?