
നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. എന്നാല്‍ ഇവയില്‍ തുച്ഛം വീഡിയോകള്‍ മാത്രമാണ് കണ്ടുകഴിഞ്ഞ് വീണ്ടും വീണ്ടും നമ്മളോര്‍മ്മിക്കാറുള്ളത്. മിക്കവാറും വൈകാരികമായി നമ്മെ സ്പര്‍ശിക്കുന്ന തരത്തിലുള്ള വീഡിയോകളായിരിക്കും ഇത്തരത്തില്‍ നമ്മുടെ മനസില്‍ വീണ്ടും തികട്ടിവന്നുകൊണ്ടിരിക്കുന്നവ.
സമാനമായ രീതിയിലുള്ള ഒരു വീഡിയോയിലേക്കാണിനി നിങ്ങളുടെ കാഴ്ചയെ ക്ഷണിക്കുന്നത്. ഇത് എപ്പോള്‍- എവിടെ വച്ച്, ആര് പകര്‍ത്തിയതാണെന്നതൊന്നും വ്യക്തമല്ല. ഇതിന്‍റെ ആധികാരികത പോലും വ്യക്തമല്ല. എന്നാല്‍ കാണുമ്പോള്‍ നമ്മുടെ മനസിനെ വലിയ രീതിയില്‍ സ്വാധീനിക്കുന്നൊരു കാഴ്ച തന്നെയിത് എന്ന് നിസംശയം പറയാം.
ലോകത്തെ പിടിച്ചുനിര്‍ത്തുന്നതും മുന്നോട്ട് നയിക്കുന്നതുമെല്ലാം മനുഷ്യരിലെ നന്മയും സ്നേഹവും കരുതലുമാണെന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഇത് വാക്കുകളിലൂടെ മാത്രം ആവര്‍ത്തിച്ചാല്‍ പോര. മറിച്ച് പ്രവര്‍ത്തിയിലും ഇത് കാണണമല്ലോ. അത്തരത്തില്‍ സ്വന്തം പ്രവര്‍ത്തിയിലൂടെ തന്നെ എന്താണ് കരുണയെന്ന് ഒരാള്‍ കാട്ടിത്തരുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
മഴ പെയ്തുകൊണ്ടിരിക്കെ കുഞ്ഞിനെയുമെടുത്ത് തെരുവിലൂടെ നടന്നുപോകുന്ന ഒരമ്മയെ ആണ് വീഡിയോയില്‍ കാണുന്നത്. പലരും ഇവരെ കടന്ന് നടന്നുപോകുന്നുണ്ട്. എന്നാല്‍ മഴ നനഞ്ഞ് നടക്കുന്ന ഇവരെ ആരും ശ്രദ്ധിക്കുന്നതേയില്ല. അതേസമയം അതുവഴി പോയ അപരിചിതനായ ഒരാള്‍ മാത്രം ഇവരെ ശ്രദ്ധിക്കുകയും തന്‍റെ കയ്യിലിരുന്ന കുട കരുണാപൂര്‍വം ഇവര്‍ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്.
കുട വാങ്ങിയ ശേഷം ആ അമ്മ നന്ദിസൂചകമായി അദ്ദേഹത്തിന് മുമ്പില്‍ കുനിഞ്ഞ് അഭിവാദ്യമര്‍പ്പിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അതൊന്നും അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹത്തിന്‍റെ ശരീരഭാഷ തന്നെ വ്യക്തമാക്കും.
മനുഷ്യര്‍ക്ക് എല്ലാക്കാലവും മാതൃകയാക്കാവുന്ന, ഒരിക്കലും മനുഷ്യര്‍ മറന്നുപോകരുതാത്ത അനുതാപത്തിന്‍റെയും ദയാവായ്പിന്‍റെയും പ്രതീകമാണ് ഈ മനുഷ്യനെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ധാരാളം പ്രതികരണങ്ങളും വീഡിയോയ്ക്ക് വരുന്നുണ്ട്.
വീഡിയോ കണ്ടുനോക്കൂ...