ഫെയ്‌സ്ബുക്കില്‍ 'കുത്തി' ഇരിക്കല്ലേയെന്ന് ഉപദേശിക്കുന്നവര്‍ അറിയാന്‍...

By Web TeamFirst Published Aug 4, 2019, 10:58 PM IST
Highlights

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പലതാണെങ്കിലും ഫെയ്‌സ്ബുക്കാണ് നമ്മള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഇടം. ഫെയ്‌സ്ബുക്കില്‍ സജീവമാകുന്നത്, പോസ്റ്റുകളിടുകയും ചര്‍ച്ചകളിലേര്‍പ്പെടുകയും ചെയ്യുന്നത്, പുതിയ സൗഹൃദങ്ങളുണ്ടാക്കുന്നത്- എല്ലാം പ്രശ്‌നമാണെന്ന തരത്തില്‍ സംസാരിക്കുന്നവരുണ്ട്

സോഷ്യല്‍ മീഡിയകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുളളൂ. ഇന്നാണെങ്കില്‍, ഒഴിച്ചുനിര്‍ത്താനാകാത്ത ഒന്നായി അത് മാറുകയും ചെയ്തിട്ടുണ്ട്. എങ്കിലും ചിലരെങ്കിലും ഇപ്പോഴും ഫോണില്‍ കുത്തി ഇരിക്കല്ലേയെന്ന് മറ്റുള്ളവരെ ഉപദേശിക്കുന്നത് കേള്‍ക്കാറില്ലേ? 

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പലതാണെങ്കിലും ഫെയ്‌സ്ബുക്കാണ് നമ്മള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഇടം. ഫെയ്‌സ്ബുക്കില്‍ സജീവമാകുന്നത്, പോസ്റ്റുകളിടുകയും ചര്‍ച്ചകളിലേര്‍പ്പെടുകയും ചെയ്യുന്നത്, പുതിയ സൗഹൃദങ്ങളുണ്ടാക്കുന്നത്- എല്ലാം പ്രശ്‌നമാണെന്ന തരത്തില്‍ സംസാരിക്കുന്നവരുണ്ട്. പ്രത്യേകിച്ച് ഫെയ്‌സ്ബുക്ക് കണ്ടെത്തിനല്‍കുന്ന സൗഹൃദങ്ങളോടാണ് മിക്കവാറും ഇവര്‍ക്ക് എതിര്‍പ്പ്. 

എന്നാല്‍ ഇക്കാര്യത്തില്‍ അഭിപ്രായം മാറ്റേണ്ട കാലമായിരിക്കുന്നുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതായത്, ആത്മവിശ്വാസമില്ലാത്ത കൗമാരക്കാരില്‍ ആത്മവിശ്വാസമുണ്ടാക്കാനും, കഴിവുകള്‍ പരിപോഷിപ്പിക്കാനും, കോളേജ് ജീവിതം മെച്ചപ്പെട്ടതാക്കാനുമെല്ലാം ഫെയ്‌സ്ബുക്ക് വളരെയധികം സഹായിക്കുന്നുവെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. ന്യൂയോര്‍ക്കിലെ ബ്രിംഗ്ഹാംടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായ ഇന്ത്യന്‍ വംശജന്‍ സൂരീന്ദര്‍ കഹായ് ആണ് പഠനത്തിന് നേതൃത്വം കൊടുത്തത്. 

'കൗമാരക്കാരുടെ കാര്യത്തില്‍ സംഭവിക്കുന്നത് എന്തെന്ന് വച്ചാല്‍, ദീര്‍ഘകാലമായി അവര്‍ പരിചയിക്കുന്ന സ്‌കൂള്‍ കാലം അവസാനിക്കുകയും കോളേജ് ജീവിതം ആരംഭിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ അവരില്‍ സാമൂഹികമായ പല പ്രശ്‌നങ്ങളും ഉണ്ടാകുന്നു. പുതിയ പരിസരത്തെ ആത്മവിശ്വാസത്തോടെ നേരിടാനും, കഴിവുകള്‍ ധൈര്യമായി പ്രകടിപ്പിക്കാനും പലപ്പോഴും കൗമാരക്കാര്‍ക്ക് കഴിയാത്തത് ഇത്തരം ആത്മസംഘര്‍ഷങ്ങള്‍ മൂലമാണ്. എന്നാല്‍ ഫെയ്‌സ്ബുക്ക് ഉപയോഗം വലിയ രീതിയിലാണ് കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നത്..' കഹായ് പറയുന്നു. 

പല തലത്തില്‍ പെടുന്ന പുതിയ സൗഹൃദങ്ങളുണ്ടാകുമ്പോള്‍, കൗമാരക്കാര്‍ക്ക് കുറേക്കൂടി എളുപ്പത്തില്‍ മുന്നേറാകാനാകുമെന്നും, അവന്റെ അല്ലെങ്കില്‍ അവളുടെ വ്യക്തിത്വ വികാസത്തെ ഇത് നല്ലരീതിയില്‍ സ്വാധീനിക്കുന്നുവെന്നും പഠനം പറയുന്നു. 

'സോഷ്യല്‍ മീഡിയ നല്ലതാണോ ചീത്തതാണോ എന്ന ചര്‍ച്ച തന്നെ ഉപേക്ഷിക്കേണ്ട കാലമായിരിക്കുന്നു. സോഷ്യല്‍ മീഡയകളേതും ഇപ്പോഴിവിടെ സജീവമാണ്. അത് സമൂഹത്തിന്റെ ഭാഗവും ആയിക്കഴിഞ്ഞിരിക്കുന്നു. വീണ്ടും ഇതേ ചര്‍ച്ചകളുമായി മുന്നോട്ടുപോകേണ്ടതില്ലല്ലേ...' കഹായ് കൂട്ടിച്ചേര്‍ക്കുന്നു.

click me!