കുട്ടികളെ ശാരീരികമായി ശിക്ഷിക്കാറുണ്ടോ? എങ്കില്‍ മാതാപിതാക്കള്‍ അറിയേണ്ടത്...

By Web TeamFirst Published Jul 13, 2021, 8:18 PM IST
Highlights

പലപ്പോഴും അനുസരണക്കേട് കാണിക്കുന്ന കുട്ടികളോട് അവരുടെ തരത്തിലേക്ക് ചെന്നിടപെടുന്നതിന് പകരം ശാരീരികമായി ശിക്ഷിക്കാനാണ് മിക്ക മാതാപിതാക്കളും ശ്രമിക്കാറുള്ളത്. ലോകത്താകമാനം രണ്ടിനും നാലിനുമിടക്ക് പ്രായം വരുന്ന ഏതാണ്ട് 63 ശതമാനം കുട്ടികളും മാതാപിതാക്കളില്‍ നിന്നോ, അവരെ നോക്കാന്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്നോ കായികമായ ശിക്ഷാരീതികള്‍ നേരിടുന്നവരാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്

ഭാവിയിലെ സമൂഹമാണ് ഇന്നത്തെ കുട്ടികള്‍. ആരോഗ്യകരമായൊരു സമൂഹത്തെ വാര്‍ത്തെടുക്കണമെങ്കില്‍ ഇന്ന് നമുക്ക് നമ്മുടെ കുട്ടികളെയും ആരോഗ്യകരമായ രീതിയില്‍ മുന്നോട്ട് നയിക്കാന്‍ കഴിയേണ്ടതുണ്ട്. ശരി-തെറ്റുകളെ കുറിച്ച് അവര്‍ക്ക് അടിസ്ഥാനപരമായ ധാരണകള്‍ നല്‍കുന്നതിലും, മാര്‍ഗനിര്‍ദേശം നല്‍കുന്നതിലും രക്ഷിതാക്കളോളം പങ്ക് വഹിക്കുന്ന മറ്റാരുമില്ലെന്ന് തന്നെ പറയാം. 

എന്നാല്‍ പലപ്പോഴും അനുസരണക്കേട് കാണിക്കുന്ന കുട്ടികളോട് അവരുടെ തരത്തിലേക്ക് ചെന്നിടപെടുന്നതിന് പകരം ശാരീരികമായി ശിക്ഷിക്കാനാണ് മിക്ക മാതാപിതാക്കളും ശ്രമിക്കാറുള്ളത്. ലോകത്താകമാനം രണ്ടിനും നാലിനുമിടക്ക് പ്രായം വരുന്ന ഏതാണ്ട് 63 ശതമാനം കുട്ടികളും മാതാപിതാക്കളില്‍ നിന്നോ, അവരെ നോക്കാന്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്നോ കായികമായ ശിക്ഷാരീതികള്‍ നേരിടുന്നവരാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇത്തരത്തില്‍ കുട്ടികളെ ശിക്ഷിക്കുന്നതിലൂടെ അവരെ ഉത്തമരായ വ്യക്തികളാക്കി മാറ്റാമെന്നാണ് പലപ്പോഴും രക്ഷിതാക്കള്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത ശിക്ഷണരീതിയാണെന്നാണ് പുതിയൊരു പഠനവും ചൂണ്ടിക്കാട്ടുന്നത്. 

 

 

'യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനി'ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനം നടത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇതേ വിഷയവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ഗവേഷണങ്ങളെല്ലാം ഇതിനായി സംഘം പഠനവിധേയമാക്കിയിട്ടുണ്ട്. 'ദ ലാന്‍സെറ്റ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. 

'കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് മൂലം അവരില്‍ എന്തെങ്കിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാകുന്നതായോ, കുടുംബത്തിനോ നാടിനോ എന്തെങ്കിലും നല്ല ഫലം ഉണ്ടാകുന്നതായോ ഒരു പഠനവും ഇതുവരെ ചൂണ്ടിക്കാട്ടിയിട്ടില്ല. എന്ന് മാത്രമല്ല, ഇത്തരത്തില്‍ ശാരീരികമായ ശിക്ഷാരീതികള്‍ നേരിടുന്ന കുട്ടികളില്‍ സ്വഭാവവൈകല്യങ്ങള്‍ക്കുള്ള സാധ്യതകളും ഏറെയാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഞങ്ങളുടെ നിഗമനവും സമാനം തന്നെ...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അഞ്ജ ഹെയില്‍മാന്‍ പറയുന്നു. 

നിലവില്‍ 62 രാജ്യങ്ങള്‍ കുട്ടികള്‍ക്കെതിരായ ശാരീരിക ശിക്ഷാരീതികള്‍ നിരോധിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ ഇതിന് തയ്യാറകണമെന്നാണ് ഗവേഷകരുടെ ആവശ്യം. 

ശാരീരികമായ പീഡനമേറ്റുവാങ്ങുന്ന കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരില്‍ എത്രത്തോളം പീഡനമേറ്റിരുന്നുവോ അതിനനുസരിച്ച് സ്വഭാവ വൈകല്യങ്ങള്‍ കാണാന്‍ സാധ്യതകളേറെയാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അടിക്കുന്നത് കൊണ്ടോ, മറ്റ് ശാരീരികമായ ശിക്ഷാരീതികള്‍ കൊണ്ടോ കുട്ടികളിലെ ചീത്ത ശീലങ്ങള്‍ തിരുത്തപ്പെടുന്നതായോ, ബുദ്ധിയുടെ പ്രവര്‍ത്തനം സ്വാധീനിക്കപ്പെടുന്നതായോ, മറ്റുള്ളവരുമായും സമൂഹവുമായുമുള്ള ബന്ധം മെച്ചപ്പെടുന്നതായോ പഠനങ്ങള്‍ പറയുന്നില്ല. 

 


മറിച്ച് വലിയ തോതിലുള്ള വ്യക്തിത്വ വൈകല്യങ്ങളിലേക്ക് അവര്‍ എത്തിപ്പെട്ടേക്കാമെന്ന് പഠനം അടിവരയിട്ട് പറയുന്നു. അതിനാല്‍ തന്നെ 'പാരന്റിംഗ്' എന്ന വിഷയത്തില്‍ ആരോഗ്യകരമായ പരിശീലനരീതികള്‍ ഇനിയും വരേണ്ടതുണ്ടെന്നും അത് അതത് രാജ്യങ്ങളില്‍ നടപ്പിലാകേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.

Also Read:- കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണമോ നാണയമോ കുടുങ്ങിയാല്‍ എന്താണ് ചെയ്യേണ്ടത്...? ഡോക്ടർ പറയുന്നു

click me!