Latest Videos

വര്‍ഷത്തിലൊരിക്കല്‍ മാത്രം ബെഡ് ഷീറ്റ് കഴുകിയിടുന്നവര്‍; രസകരമായ സര്‍വേ

By Web TeamFirst Published Oct 17, 2020, 12:46 PM IST
Highlights

ആഴ്ചയിലൊരിക്കലെങ്കിലും കിടക്കവിരിയും പുതപ്പുമെല്ലാം അലക്കിയിടണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. അതുപോലെ മാസത്തിലൊരിക്കലെങ്കിലും കര്‍ട്ടനുകളും അലക്കിയിടണം. അല്ലാത്ത പക്ഷം അലര്‍ജി, സ്‌കിന്‍ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പതിവാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്
 

മിക്കവര്‍ക്കും മടിയുള്ള ഒരു വീട്ടുജോലിയാണ് അലക്ക്. വാഷിംഗ് മെഷീന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ പോലും അലക്ക് ഒരു കടുകട്ടി ജോലിയായി കരുതുന്നവരുണ്ട്. ഇതില്‍ തന്നെ ബെഡ് ഷീറ്റുകള്‍, കര്‍ട്ടനുകള്‍, ബ്ലാങ്കറ്റ് എന്നിങ്ങനെയുള്ള സാധനങ്ങളാണെങ്കില്‍ മടിയുടെ കാര്യം പറയാനുമില്ല എന്ന അവസ്ഥയാണ്. 

എങ്കിലും ഇടയ്‌ക്കെങ്കിലും ഇവയെല്ലാം കഴുകിയിട്ടില്ലെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. ആഴ്ചയിലൊരിക്കലെങ്കിലും കിടക്കവിരിയും പുതപ്പുമെല്ലാം അലക്കിയിടണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. 

അതുപോലെ മാസത്തിലൊരിക്കലെങ്കിലും കര്‍ട്ടനുകളും അലക്കിയിടണം. അല്ലാത്ത പക്ഷം അലര്‍ജി, സ്‌കിന്‍ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പതിവാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

എന്നാല്‍ ബെഡ് ഷീറ്റ് അലക്കുന്ന കാര്യത്തില്‍ ഈ ചിട്ടവട്ടങ്ങളെല്ലാം പാലിക്കുന്നവര്‍ കുറവാണ്. അവിവാഹിതരായ- ചെറുപ്പക്കാരാണ് ഇക്കൂട്ടത്തില്‍ ഏറെയുമുള്ളത്. എങ്കിലും വര്‍ഷത്തിലൊരിക്കലേ ബെഡ് ഷീറ്റ് അലക്കാറുള്ളൂ എന്നെല്ലാം പറഞ്ഞാല്‍ നമുക്കത് വിശ്വസിക്കാനാകുമോ! സത്യമാണ്, കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ പുറത്തുവന്നൊരു സര്‍വേ ഫലം വ്യക്തമാക്കുന്നത് ഇതാണ്. 

മൂന്നിലൊരാള്‍ വര്‍ഷത്തിലൊരിക്കലേ ബെഡ് ഷീറ്റ് കഴുകിയിടാറുള്ളൂ എന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. 'ഹാമ്മണ്ട്‌സ് ഫര്‍ണിച്ചര്‍' എന്ന പ്രമുഖ വ്യാപാര ശൃംഖലയാണ് സര്‍വേ സംഘടിപ്പിച്ചത്. ഏതാണ്ട് രണ്ടായിരത്തിലധികം പേരെ ഉള്‍ക്കൊള്ളിച്ചായിരുന്നുവത്രേ സര്‍വേ. ആധികാരികമായ വിവരം എന്ന നിലയ്ക്ക് എടുക്കാനാകില്ലെങ്കില്‍ പോലും രസകരമായ നിരീക്ഷണം എന്ന തലത്തില്‍ സര്‍വേ ഫലം വ്യാപകമായ വാര്‍ത്താശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്. 

വാര്‍ത്ത ചര്‍ച്ചയായതോടെ ഗൗരവതരമായ നിര്‍ദേശങ്ങളുമായി ആരോഗ്യ വിദഗ്ധരും ബ്രിട്ടനില്‍ സജീവമായിട്ടുണ്ട്. വിട്ടുപോകാത്ത അലര്‍ജി, ചര്‍മ്മരോഗങ്ങള്‍, അസ്വസ്ഥത, 'മൂഡ് ഡിസോര്‍ഡര്‍' തുടങ്ങി ഒരുപിടി പ്രശ്‌നങ്ങള്‍ ഈ മോശം ശീലമുണ്ടാക്കുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തീര്‍ച്ചയായും ആഴ്ചയിലൊരിക്കലെങ്കിലും ബെഡ്ഷീറ്റും പില്ലോ കവറും പുതപ്പുമെല്ലാം മാറ്റിയിരിക്കണമെന്നും ഇക്കാര്യത്തില്‍ അലസത കരുതരുതെന്നും ഇവര്‍ പ്രത്യേകം നിര്‍ദേശിക്കുന്നു. 

Also Read:- കൊവിഡ് പേടി; വമ്പന്‍ തുകയുടെ കറന്‍സികള്‍ വാഷിംഗ് മെഷീനിലിട്ട് അലക്കി!...

click me!