Latest Videos

കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് സ്‍നേഹാദരം; ഈ 43കാരി ഇപ്പോള്‍ ആഗോള ഹീറോ

By Web TeamFirst Published May 3, 2020, 3:07 PM IST
Highlights

കൊവിഡ് പോരാട്ടത്തിന്‍റെ മുന്‍നിരയില്‍ അണിനിരന്നവര്‍ക്ക് ഈ ഹെയര്‍ സ്റ്റൈലിസ്റ്റില്‍ നിന്ന് സൗജന്യമായി മുടിമുറിക്കാം. ഇവരിപ്പോള്‍ ആഗോളപ്രസിദ്ധയായി മാറിക്കഴിഞ്ഞു. 

ബാങ്കോക്ക്: ലോക്ക് ഡൗണില്‍ മൊട്ടയടിക്കുക എന്നതായിരുന്നു ട്രെന്‍ഡ് എങ്കില്‍ കൊവിഡാനന്തര കാലത്ത് അതാവില്ല സാഹചര്യം. ആളുകള്‍ വീണ്ടും സലൂണുകളും ബ്യൂട്ടി പാര്‍ലറുകളും തേടിയിറങ്ങും. അങ്ങനെയിറങ്ങുമ്പോള്‍ ബാങ്കോക്കുകാര്‍ക്ക് ധൈര്യമായി പോകാന്‍ കഴിയുന്ന ഒരു ഇടമുണ്ട്. കൊവിഡുകാല പോരാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ മുടി സൗജന്യമായി മുറിച്ച് ലോകമെങ്ങും ഹീറോയായി മാറിയ 43കാരി പോന്‍സുപയാണത്. 

കൊവിഡ് 19 വ്യാപനം ചെറുക്കുന്നതിന്‍റെ ഭാഗമായി തായ്‌ലന്‍ഡിലെ സലൂണുകള്‍ ഒരു മാസത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്. തിരക്കിപിടിച്ച സേവനത്തിനിടയില്‍ ഇതോടെ മുടി മുറിക്കാനോ വൃത്തിയായി സംരക്ഷിക്കാനോ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലാതെയായി. ഇതോടെ മുടി മുറിക്കുന്നയാളുകളെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി. ബാങ്കോക്കിലെ വിവിധ ആശുപത്രികളില്‍ എത്തിയ ഹെയര്‍ സ്റ്റൈലിസ്റ്റുകളില്‍ പോന്‍സുപയുമുണ്ടായിരുന്നു. 

ആദ്യദിനം പോന്‍സുപയ്ക്ക് മുന്നിലെത്തിയത് 30 പേര്‍, രണ്ടാം ദിനം 50 പേര്‍. വന്നവരില്‍ ഭൂരിഭാഗം പേരും മെഡിക്കല്‍ സുരക്ഷാ കവചങ്ങള്‍ അണിഞ്ഞാണ് എത്തിയതെന്നും മുടി മുറിച്ച് വേഗം അവര്‍ക്ക് ജോലിയിലേക്ക് മടങ്ങേണ്ടിരുന്നെന്നും പോന്‍സുപ പറയുന്നു. മാര്‍ച്ച് അവസാനമാണ് സൗജന്യമായി മുടി മുറിക്കാന്‍ പോന്‍സുപ ആശുപത്രികളില്‍ എത്തിത്തുടങ്ങിയത്. സാനിറ്റൈസറുകള്‍ അടക്കമുള്ള സുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ച് മാസ്കും കൈയ്യുറകളും അണിഞ്ഞാണ് മുടി മുറിക്കുന്നത്. 

തന്‍റെയെടുത്ത് മുടിവെട്ടാനും അണിയിച്ചൊരുക്കാനും എത്തുന്ന ഡോക്ടര്‍മാരെല്ലാം സന്തോഷത്തോടെയാണ് മടങ്ങുന്നത് എന്ന് പോന്‍സുപ പറയുന്നു. അവധി ദിനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ മുടിയൊരുക്കാനാണ് തുടര്‍ന്നും ആഗ്രഹം. കഴിഞ്ഞ 20 വര്‍ഷമായി മുടി മുറിക്കുന്നു. അതില്‍ സന്തോഷമുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള കൊവിഡ് മുന്‍നിര പോരാളികളാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ ആളുകളെന്നും പോന്‍സുപ വ്യക്തമാക്കി. 

സാധാരണ ഒരാളില്‍ നിന്ന് 15 ഡോളറാണ് തന്‍റെ സേവനത്തിന് പോന്‍സുപ ഈടാക്കാറ്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം സൗജന്യ സേവനം നല്‍കി പോന്‍സുപ മാതൃകയാവുകയാണ്. ലോക്ക് ഡൗണ്‍ കഴിഞ്ഞ് പോന്‍സുപയുടെ സലൂണില്‍ നിന്ന് മുടിമുറിക്കണമെങ്കില്‍ ആളുകള്‍ നീണ്ട ക്യൂ നില്‍ക്കേണ്ടിവരുമെന്നുറപ്പ്. 
 

click me!