അടുക്കള ജീവിതം വൃത്തിയും ഭംഗിയുമാക്കാൻ ചെയ്യേണ്ട എട്ട് കാര്യങ്ങൾ

By Web TeamFirst Published Sep 18, 2022, 7:58 PM IST
Highlights

അടിസ്ഥാനപരമായി അടുക്കളയോ വീടോ വൃത്തിയായി കൊണ്ടുനടക്കുന്നത് ഒരു കല ആണെന്ന് തന്നെ പറയാം. എല്ലാവർക്കും ഒരുപോലെ ഇതിൽ വാസന കാണില്ല. എങ്കിലും ചില കാര്യങ്ങളെല്ലാം പഠിച്ചെടുത്ത് പരിശീലിക്കുന്നതോടെ കുറെയെല്ലാം ഭംഗിയായി അടുക്കള ജീവിതം മുന്നോട്ട് കൊണ്ടുപോകാം

ഒരു വീടിന്‍റെ ഹൃദയമാണ് അടുക്കളയെന്നാണ് പറയപ്പെടാറ്. അത്രമാത്രം പ്രാധാന്യമാണ് അടുക്കളയ്ക്ക് നാം നൽകിപ്പോരുന്നത്. ഇന്ന് മിക്ക വീടുകളിലും ഏവരും ജോലി ചെയ്യുന്നവരോ പഠിക്കാൻ പോകുന്നവരോ എല്ലാമാകുമ്പോൾ പലപ്പോഴും അടുക്കള വൃത്തിയായും ഭംഗിയായും കൊണ്ടുനടക്കാൻ സാധിക്കാതെ വരുന്നത് കാണാറുണ്ട്. 

അടിസ്ഥാനപരമായി അടുക്കളയോ വീടോ വൃത്തിയായി കൊണ്ടുനടക്കുന്നത് ഒരു കല ആണെന്ന് തന്നെ പറയാം. എല്ലാവർക്കും ഒരുപോലെ ഇതിൽ വാസന കാണില്ല. എങ്കിലും ചില കാര്യങ്ങളെല്ലാം പഠിച്ചെടുത്ത് പരിശീലിക്കുന്നതോടെ കുറെയെല്ലാം ഭംഗിയായി അടുക്കള ജീവിതം മുന്നോട്ട് കൊണ്ടുപോകാം. അതിന് സഹായിക്കുന്ന എട്ട് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

അടുക്കളമാലിന്യമാണ് മിക്ക വീടുകളിലെയും ഒരു പ്രശ്നം. ഇതിൽ ഭക്ഷണാവശിഷ്ടങ്ങൾ വേറെ തന്നെ ഒരു ബിന്നിൽ സൂക്ഷിക്കണം. ഉള്ളിത്തൊലി പഴത്തൊലി പോലുള്ളവ മറ്റൊരു പാത്രത്തിലാക്കി ഇത് ചെറിയ ചട്ടികളിൽ ചെടി വച്ച ശേഷം അതിന് വളമാക്കി ഉപയോഗിക്കാം. പ്ലാസ്റ്റിക് മാലിന്യം ഭക്ഷണാവശിഷ്ടം നീക്കം ചെയ്ത ശേഷം വേണം മാറ്റാൻ അല്ലാത്ത പക്ഷം പല്ലി- പാറ്റ ശല്യം ഏറും. ചില വീടുകളിൽ എലികളുടെയും ശല്യം ഇങ്ങനെ വരാം. 

കഴിയുന്നതും പ്ലാസ്റ്റിക് ഒഴിവാക്കുന്നത് മാലിന്യസംസ്കരണം സംബന്ധിച്ച തലവേദന ഒഴിവാക്കും. ഇതിന് ആദ്യം പുറത്തുനിന്നുള്ള ഭക്ഷണം പരിമിതപ്പെടുത്തുകയാണ് വേണ്ടത്. അതുപോലെ വീട്ടുസാധനങ്ങൾ വാങ്ങിക്കാൻ സ്ഥിരമായി കഴുകി ഉപയോഗിക്കാവുന്ന തുണി സഞ്ചികൾ തന്നെ ഉപയോഗിക്കാം. ഇത്തരത്തിലൊരു സഞ്ചി എപ്പോഴും ബാഗിനകത്ത് കരുതണം. അത്യാവശ്യത്തിന് സാധനങ്ങൾ വാങ്ങുമ്പോൾ പ്ലാസ്റ്റിക് കൂടുകൾ എടുക്കാതിരിക്കാനും പൈസ കൊടുത്ത് വീണ്ടും സഞ്ചി വാങ്ങാതിരിക്കാനും ഈ ശീലം സഹായിക്കും. 

രണ്ട്...

അടുക്കളയ്ക്ക് അകത്ത് തന്നെ ചുരുക്കം ചില ഇലച്ചെടികൾ വളർത്താം. മല്ലിയില, ഇതിനുദാഹരണമാണ്.

അല്ലെങ്കിൽ അടുക്കളയോട് ചേർന്നുതന്നെ ഇവ പാത്രങ്ങളിൽ വയ്ക്കാവുന്നതാണ്. ഇത് അടുക്കളയ്ക്ക് ഭംഗിയും പോസിറ്റിവിറ്റിയും നൽകും. 

മൂന്ന്...

അരി കഴുകിയ വെള്ളം, ധാന്യങ്ങൾ കുതിർത്താൻ വയ്ക്കുന്ന വെള്ളം എന്നിവയൊന്നും വെറുതെ ഒഴിച്ച് കളയാതെ ഇലച്ചെടികൾക്ക് നൽകിയാൽ വെള്ളവും ലാഭിക്കാം. അത് ചെടികൾക്കും നല്ലതാണ്. 

നാല്...

ചിലർക്ക് കുക്കറിൽ ഭക്ഷണം പാകം ചെയ്യുന്നത് ഇഷ്ടമല്ല. ഇത് ശീലത്തിന്‍റെ ഒരു പ്രശ്നം മാത്രമാണ്. കുക്കറിൽ ഭക്ഷണം പാകം ചെയ്ത് ശീലിക്കുന്നത് ഗ്യാസ്- സമയം എന്നിവ ലാഭിക്കാൻ വലിയ രീതിയിൽ സഹായിക്കും. മാസത്തിൽ എത്ര ഗ്യാസ്- എത്ര സമയം എന്നിങ്ങനെ കണക്കാക്കി നോക്കിയാലേ കുക്കറിന്‍റെ ഗുണം അറിയാൻ സാധിക്കൂ. അതിനാൽ കുക്കറിനെ വെറുക്കേണ്ടതില്ല. 

അഞ്ച്...

മാലിന്യം കുറയ്ക്കാനും പണം ലാഭിക്കാനുമുള്ള മറ്റൊരു മാർഗമാണിനി പങ്കുവയ്ക്കുന്നത്. എളുപ്പത്തിൽ കേടാകുന്ന സാധനങ്ങൾ - അത് പഴങ്ങളോ, പച്ചക്കറിയോ, പാലുത്പന്നങ്ങളോ, മാംസമോ എന്തുമാകട്ടെ അത് അമിതമായി വാങ്ങി വയ്ക്കാതിരിക്കുക. ചിലർക്ക് ഇത് നിയന്ത്രിക്കാൻ കഴിയാത്ത പ്രവണതയാണ്. അത്തരക്കാർ ബോധപൂർവം ആ ശീലത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കണം. അങ്ങനെയെങ്കിൽ മാലിന്യവും കുറയും പോക്കറ്റും സുരക്ഷിതമാക്കാം. 

ആറ്...

കാപ്പിപ്പൊടി, ചായപ്പൊടി - ചണ്ടിയെല്ലാം വെറുതെ കളയുന്നതിന് പകരം അത് ചെടികൾക്ക് നൽകാം. ഇത് സിങ്കിലിട്ട് സിങ്ക് ബ്ലോക്ക് ആക്കുകയോ വേസ്റ്റ് ബിന്നിലിട്ട് അത് നിറയ്ക്കുകയോ ചെയ്യേണ്ട. മറ്റൊരു പാത്രത്തിലാക്കി വച്ച് അത് പിന്നീട് ചെടികൾക്ക് ഇട്ടാൽ മതി.

ഏഴ്...

അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയാണെങ്കിൽ ഇടയ്ക്കിടെ കൂടുതൽ പരിശ്രമിച്ച് വൃത്തിയാക്കൽ നടത്തേണ്ട ആവശ്യമില്ല.

അപ്പപ്പോൾ സ്ലാബുകൾ തുടയ്ക്കുക, പാത്രങ്ങൾ കഴുകുക, എടുത്ത സാധനങ്ങൾ തിരിച്ചുവയ്ക്കുക എന്നിവ ചെയ്താൽ തന്നെ അടുക്കള ജോലി സിമ്പിളാകും. 

എട്ട്...

അടുക്കളിൽ എപ്പോഴും ആവശ്യത്തിന് വെളിച്ചമെത്തണം. അല്ലാത്ത അടുക്കളകളിൽ നിന്ന് ജോലി ചെയ്യുമ്പോൾ മനസിന് വിരസത തോന്നുകയും ചെയ്യാം, ഒപ്പം തന്നെ അടുക്കളയിൽ രോഗാണുക്കൾ കൂടാനും സാധ്യതയുണ്ട്. അതിനാൽ അടുക്കള ജനാലകൾ പകലെല്ലാം തുറന്നുവയ്ക്കാം. അടുക്കള വൃത്തിയാക്കാൻ സുഗന്ധമുള്ള ലോഷനുകൾ ഉപയോഗിക്കാം. മറ്റ് സുഗന്ധദ്രവ്യങ്ങൾ സ്വീകരണമുറിയിലേത് പോലെ തന്നെ അടുക്കളയിലും വയ്ക്കാം. ഒപ്പം എക്സ്ഹോസ്റ്റ് ഫാനും അടുക്കളയിൽ നിർബന്ധമാണ്. 

Also Read:- വീടിന് നല്‍കാം 'കിടിലന്‍ ലുക്ക്'; ചിലവ് കുറച്ചുതന്നെ...

click me!