ബൈക്ക് യാത്രികന്റെ കഴുത്ത് മുറിച്ചിട്ട പട്ടച്ചരട്; അറിയാം ഈ ആളെക്കൊല്ലിയെക്കുറിച്ച്....

By Web TeamFirst Published Aug 17, 2019, 12:12 PM IST
Highlights

ബൈക്കില്‍ സഹോദരിമാര്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഇരുപത്തിയെട്ടുകാരനായ മാനവ് ശര്‍മ്മയുടെ കഴുത്തില്‍ അബദ്ധത്തിലാണ് പട്ടച്ചരട് പിണഞ്ഞത്. രക്ഷപ്പെടാനുള്ള ഒരു ചെറിയ ശ്രമം പോലും മാനവിന് നടത്താനായില്ല

ബൈക്കില്‍ യാത്ര ചെയ്യവേ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ക്കുരുങ്ങി യുവാവ് മരിച്ചു. തെല്ല് അമ്പരപ്പോടെയായിരിക്കും മലയാളികള്‍ ഈ വാര്‍ത്ത കേട്ടിട്ടുണ്ടാവുക. ഇങ്ങനെയെല്ലാം ഒരാള്‍ മരിച്ചുപോകുമോയെന്നായിരിക്കും സാധാരണക്കാരുടെ സംശയം. പ്രത്യേകിച്ച്, പട്ടം പറത്തല്‍ ഒരു പ്രധാനവിനോദമായി കണക്കാക്കാത്ത മലയാളികളെ സംബന്ധിച്ച് ഇതൊരു വിചിത്രമായ ദുരന്തം തന്നെയാണ്. 

എന്നാല്‍ വടക്കേ ഇന്ത്യക്കാര്‍ക്ക് ഈ വാര്‍ത്ത പുതുമയുള്ളതൊന്നുമല്ല. ഒന്നാമത്, അവിടങ്ങളില്‍ പട്ടം പറത്തലെന്നാല്‍ ജനകീയമായ വിനോദം ആണെന്ന് മാത്രമല്ല, പലപ്പോഴും തര്‍ക്കവിഷയങ്ങളിലെ തീര്‍പ്പ് വരെ കണ്ടെത്തുന്ന മത്സരം പോലുമാണ് അവര്‍ക്ക് പട്ടം പറത്തല്‍. അത്രയും ഗൗരവമായി പട്ടം പറത്തലിനെ കാണുന്നത് കൊണ്ടായിരിക്കണം, അവര്‍ 'മാഞ്ച' എന്നറിയപ്പെടുന്ന ആളെക്കൊല്ലി പട്ടച്ചരട് തന്നെ ഇതിനുപയോഗിക്കുന്നത്. 

അപകടകാരിയായ പട്ടച്ചരട്...

ഗ്ലാസ് പൗഡര്‍ പൂശിയ പ്രത്യേകതരം പട്ടച്ചരടാണ് 'മാഞ്ച'. മറ്റ് പല പേരുകളിലും പ്രാദേശികമായി ഇത് അറിയപ്പെടുന്നുണ്ട്. ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു ഇത്. എങ്ങനെയും മുറിഞ്ഞുപോകില്ലെന്ന് മാത്രമല്ല, മറ്റ് പട്ടങ്ങളുടെ കഴുത്ത് മുറിച്ചെടുക്കാനും ഇതിനാകും. ഇക്കാരണം കൊണ്ടുതന്നെയാണ് ആളുകള്‍ 'മാഞ്ച' ഉപയോഗിക്കുന്നത്. 

മത്സരത്തില്‍ തോല്‍വിയുണ്ടാകില്ലെന്ന് മാത്രമല്ല, എതിരാളിയുടെ കഴുത്ത് മുറിച്ചെടുത്ത് വിജയം ഉറപ്പിക്കുകയും ചെയ്യാം. അതിനാല്‍ത്തന്നെ 'ഫൈറ്റര്‍ പട്ട'ങ്ങളുടെ ഗണത്തിലാണ് മാഞ്ച ഉപയോഗിച്ചുള്ള പട്ടം ഉള്‍പ്പെടുന്നത്. മാഞ്ച മൂലമുണ്ടായ അപകടങ്ങളെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവന്നിട്ടുണ്ട്. 

ഇത് വ്യാപകമായ തോതില്‍ പക്ഷികളുടെ ജീവന്‍ കവര്‍ന്നിട്ടുണ്ട്. ചണ്ഡീഗഡില്‍ നിന്ന് കഴിഞ്ഞ മാസം പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ 'മാഞ്ച' അപകടപ്പെടുത്തിയ പക്ഷികളുടെ ഭീമമായി കണക്കുണ്ടായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ മാത്രം ഒരു പ്രദേശത്ത് ഇരുപതോളം പരുന്തുകളുടെ കഴുത്താണ് ഇത് മുറിച്ചിട്ടത്. 

മനുഷ്യന്റെ കാര്യത്തിലും ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് എത്രയോ തവണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ്. മുമ്പും 'മാഞ്ച' മനുഷ്യജീവന്‍ കവര്‍ന്നെടുത്തിട്ടുണ്ട്. സൂക്ഷിച്ച് കൈകാര്യം ചെയ്യാത്തത് മൂലം എത്രയോ ആളുകളുടെ കൈവിരലുകള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എത്രയോ പേരുടെ കഴുത്ത് മുറിഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാലിത്തരം വാര്‍ത്തകളെല്ലാം തന്നെ ജനകീയമായി കണക്കാക്കപ്പെടുന്ന ഒരു വിനോദത്തിന്റെ പേരില്‍ ഒട്ടും ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയാണ് പതിവ്. ഇതില്‍ നിന്ന് വിരുദ്ധമായാണ് ഇപ്പോള്‍ ബുദ്ധവിഹാര്‍ സ്വദേശിയായ എഞ്ചിനീയറുടെ മരണവാര്‍ത്ത വലിയ ചര്‍ച്ചയാകുന്നത്. 

ബൈക്കില്‍ സഹോദരിമാര്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഇരുപത്തിയെട്ടുകാരനായ മാനവ് ശര്‍മ്മയുടെ കഴുത്തില്‍ അബദ്ധത്തിലാണ് 'മാഞ്ച' പിണഞ്ഞത്. രക്ഷപ്പെടാനുള്ള ഒരു ചെറിയ ശ്രമം പോലും മാനവിന് നടത്താനായില്ല. ശ്വാസനാളി മുറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ മാനവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

എന്നിട്ടും ഈ ആളെക്കൊല്ലിയെ ആരും തടയാത്തതെന്തേ?

ഇത്രമാത്രം അപകടകാരിയായതിനാല്‍ത്തന്നെ സുപ്രീംകോടതി മാഞ്ചയുടെ നിര്‍മ്മാണവും വിതരണവും രാജ്യത്ത് കര്‍ശനമായി നിരോധിച്ചതാണ്. ഇന്ത്യയിലാണെങ്കില്‍ പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വിപണിയില്‍ മാഞ്ച സുലഭമാണ്. ആര്‍ക്കും വാങ്ങി ഉപയോഗിക്കാവുന്നതേയുള്ളൂ. നോക്കൂ... എത്ര വലിയ നിയമനിഷേധവും നീതിനിഷേധവുമാണ്? ഒരു വിനോദത്തിന്റെ പേരിലാണ് ഈ മരണക്കുരുക്ക് ഇപ്പോഴും സ്വീകാര്യനായി തുടരുന്നത്.

click me!