ദാമ്പത്യജീവിതം തകരാതിരിക്കാന്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാം...

By Web TeamFirst Published Jan 21, 2020, 9:33 AM IST
Highlights

പ്രണയമായാലും വിവാഹമായാലും ഏതൊരു ബന്ധവും നല്ലരീതിയില്‍ പോകുന്നതിന് ചില ഘടകങ്ങള്‍ അത്യാവശ്യമാണ്. പരസ്‌പരം മനസിലാക്കിയും വിശ്വാസത്തോടെയുമാണ് ഏതൊരു ബന്ധവും വിജയകരമായി മുന്നോട്ടുപോകുന്നത്

പ്രണയമായാലും വിവാഹമായാലും ഏതൊരു ബന്ധവും നല്ലരീതിയില്‍ പോകുന്നതിന് ചില ഘടകങ്ങള്‍ അത്യാവശ്യമാണ്. പരസ്‌പരം മനസിലാക്കിയും വിശ്വാസത്തോടെയുമാണ് ഏതൊരു ബന്ധവും വിജയകരമായി മുന്നോട്ടുപോകുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖനത്തിലും പറയുന്നത്. ഇവിടെയിതാ ഒരു ബന്ധം, അത് ദാമ്പത്യമായാലും പ്രണയമായാലും നന്നായി മുന്നോട്ടുപോകുന്നതിന് അത്യാവശ്യമായും വേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. 

ഒന്ന്...

പരസ്‌പരമുള്ള വിശ്വാസമാണ് ഏതൊരു ബന്ധത്തിന്റെയും ആണിക്കല്ല്. ഇത് നഷ്ടമാകുന്നതോടെ താളപ്പിഴകള്‍ തുടങ്ങുകയായി. പങ്കാളിയുടെ വിശ്വാസം നേടിയെടുക്കുന്ന രീതിയില്‍വേണം ഇരുവരും പെരുമാറേണ്ടത്. അതിന് എന്തും തുറന്ന് സംസാരിക്കുകയാണ് ആദ്യം വേണ്ടത്. 

രണ്ട്...

പങ്കാളികള്‍ അവരവരുടെ കരിയറില്‍ ഏറെ ബഹുമാനിക്കപ്പെടുന്നവരായിരിക്കും. അതില്‍ അഭിമാനിക്കുന്നവരുമാകും. അതുകൊണ്ടുതന്നെ ദാമ്പത്യത്തിലായാലും പ്രണയത്തിലായാലും, ഈ ബഹുമാനം അവര്‍ ഇരുവരും ആഗ്രഹിക്കുന്നുണ്ട്. പങ്കാളിയുടെ ശക്തി, ദൗര്‍ബല്യം എന്നിവ മനസിലാക്കി, കൂടുതല്‍ മെച്ചപ്പെടുത്താന്‍ പരസ്‌പരം ശ്രദ്ധിച്ചാല്‍തന്നെ ആ ബന്ധം കൂടുതല്‍ ദൃഢമാകും. പങ്കാളിയുടെ വ്യക്തിത്വം മനസ്സിലാക്കി ബഹുമാനം നല്‍കണം , അത് സ്ത്രീ ആയാലും പുരുഷനായാലും. 

മൂന്ന്...

ജോലിത്തിരക്ക് എല്ലാവര്‍ക്കും ഉണ്ടാകും. എന്നാല്‍ അതിനുവേണ്ടി, പങ്കാളിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോയാല്‍ ആ ബന്ധം പെട്ടെന്ന് തന്നെ തകര്‍ച്ചയിലേക്ക് പോകുമെന്നാണ് ലേഖനത്തില്‍ പറയുന്നത്. പങ്കാളിയ്‌ക്കുവേണ്ടി കുറച്ച് സമയം കണ്ടെത്താന്‍ മറക്കരുത്. അതുപോലെ തന്നെ പങ്കാളിയുടെ ജോലി തിരിക്കുകള്‍ മനസ്സിലാക്കാനും ശ്രമിക്കണം. തിരക്കിനിടയിലും തനിക്ക് വേണ്ടി സമയം കണ്ടെത്തുന്ന പങ്കാളിയെയാണ് ആരും ആഗ്രഹിക്കുന്നതത്രേ. 

നാല്...

വ്യക്തിജീവിതം, കരിയര്‍ തുടങ്ങി നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ കൂട്ടായ തീരുമാനങ്ങളാണ് വേണ്ടത്. ഈ കൂട്ടായ്‌മ നിലനിര്‍ത്തുന്നത് ദാമ്പത്യവിജയത്തില്‍ ഏറെ പ്രധാനമാണ്. സ്വന്തമായി തീരുമാനവും നിലപാടുകളും ഉണ്ടെങ്കിലും പങ്കാളിയോട് കൂടി അക്കാര്യങ്ങള്‍ തുറന്നുസംസാരിച്ച് ഒരുമിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുക. 

അഞ്ച്...

കുടുംബജീവിതത്തിലും പ്രണയത്തിലുമൊക്കെ പങ്കാളികള്‍ പരസ്‌പരം പ്രകടിപ്പിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് സത്യസന്ധത. ജീവിതത്തില്‍ ദോഷകരമല്ലാത്ത കള്ളങ്ങള്‍ പരസ്‌പരം പറയുന്നവരാണ് മിക്ക ഭാര്യഭര്‍ത്താക്കന്‍മാരും കമിതാക്കളുമൊക്കെ. എന്നാല്‍ ഈ നിര്‍ദ്ദോഷ കള്ളങ്ങള്‍ പോലും പങ്കാളി അറിയുന്നതോടെ പരസ്‌പര വിശ്വാസത്തില്‍ തകര്‍ച്ച ഉണ്ടാകും. അതുകൊണ്ടുതന്നെ പങ്കാളിയോടുള്ള ഇടപെടലും പെരുമാറ്റവും സംസാരവുമൊക്കെ തികച്ചും സത്യസന്ധതയോടുകൂടി വേണം.

click me!