
ചര്‍മ്മത്തിന്‍റെ നിറം കറുപ്പോ, വെളുപ്പോ, ഇടത്തരമോ ആയിരിക്കുന്നതിലൊന്നും ഇന്ന് പ്രാധാന്യമില്ല. എന്നാല്‍ വൃത്തിയും ആരോഗ്യവുമുള്ള ചര്‍മ്മം, ഒപ്പം തിളക്കമുള്ള ചര്‍മ്മം എന്നതാണിപ്പോഴത്തെ സങ്കല്‍പങ്ങളില്‍ ഏറെയും വരുന്നത്.
തിളക്കമുള്ള ചര്‍മ്മമെന്നത് അത്ര എളുപ്പത്തില്‍ നേടിയെടുക്കാവുന്നതല്ല. മേക്കപ്പിലൂടെ താല്‍ക്കാലികമായി ഒരുപക്ഷെ ഈ ലുക്ക് ഉണ്ടാക്കിയെടുക്കാം. എന്നാല്‍ ചര്‍മ്മം സ്വാഭാവികമായി ഇരിക്കുമ്പോള്‍ ഇതുപോലെ തിളക്കമുള്ളതായിരിക്കാൻ ചില കാര്യങ്ങള്‍ പതിവായി ശ്രദ്ധിച്ചേ മതിയാകൂ.
വേരില്‍ നിന്നേ തുടങ്ങേണ്ടുന്ന സ്കിൻ കെയര്‍ ഇതിനാവശ്യമാണ്. എന്തായാലും ഇതിനായി പതിവായി ചെയ്യേണ്ടുന്ന മൂന്ന് പ്രധാന കാര്യങ്ങള്‍ ഏതെല്ലാമാണെന്ന് മനസിലാക്കാം...
ഒന്ന്...
സ്കിൻ നന്നാക്കാൻ ആദ്യമായി ഭക്ഷണത്തില്‍ തന്നെയാണ് കാര്യമായ ശ്രദ്ധ ചെലുത്തേണ്ടത്. പ്രോസസ്ഡ് ഫുഡ്സ്, ഫ്രൈഡ് ഫുഡ്സ് പോലുള്ളവയെല്ലാം പരമാവധി ഒഴിവാക്കുകയോ നന്നായി നിയന്ത്രിക്കുകയോ വേണം. ഒപ്പം തന്നെ ആന്‍റി-ഓക്സിഡന്‍റുകളടങ്ങിയ അവക്കാഡോ, ഗ്രീൻ ടീ, ക്യാരറ്റ്, മുട്ട, ചീര, സാല്‍മണ്‍ മത്സ്യം തുടങ്ങിയ ഭക്ഷണങ്ങളും ബദാം പോലുള്ള നട്ട്സും കഴിക്കാം.
ബദാമില്‍ മാത്രം വൈറ്റമിൻ-ഇ, മഗ്നീഷ്യം, പ്രോട്ടീൻ, റൈബോഫ്ളാവിൻ, സിങ്ക് തുടങ്ങി ഒരുപാട് ഗുണകരമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മം പെട്ടെന്ന് പ്രായമായതായി തോന്നിപ്പിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നൊരു ഭക്ഷണമാണ് ബദാം.
ഡയറ്റില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് ഒപ്പം തന്നെ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. ദിവസവും രണ്ട്- മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും (10-12 ഗ്ലാസ്) കുടിക്കുക.
രണ്ട്..
സ്കിൻ കെയറുമായി ബന്ധപ്പെട്ട് ചില ഉത്പന്നങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുണ്ട്. ക്ലെന്‍സേഴ്സ്, സിറം, മോയിസ്ചറൈസര്‍, ഫേഷ്യല്‍ ഓയിലുകള്‍, സണ്‍ബ്ലോക്ക് എന്നിവയാണിതില്‍ പ്രധാനപ്പെട്ട ഉത്പന്നങ്ങള്‍.
സ്കിൻ തിളക്കമുള്ളതാക്കാൻ ക്ലെന്‍സിംഗ് നിര്‍ബന്ധമായും ചെയ്യണം. അതുപോലെ തന്നെ നല്ലൊരു മോയിസ്ചറൈസറും ഉപയോഗിച്ച് ശീലിക്കുക. സിറം ഉപയോഗിക്കുന്നത് മൂലം ചര്‍മ്മത്തില്‍ ജലാംശം നിലനില്‍ക്കുകയും തിളക്കം വര്‍ധിക്കുകയും ചെയ്യാം. കുറഞ്ഞത് SPF 30 ഉള്ള സണ്‍ബ്ലോക്കാണ് തെരഞ്ഞെടുക്കേണ്ടത്. പുറത്താണെങ്കില്‍ എല്ലാ മൂന്ന് മണിക്കൂറിലും ഇത് വീണ്ടും അപ്ലൈ ചെയ്യാൻ ശ്രദ്ധിക്കണം.
മൂന്ന്...
ചര്‍മ്മം ഭംഗിയായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടൊരു കാര്യമാണ് മാനസികസമ്മര്‍ദ്ദങ്ങള്‍ അകറ്റുക എന്നത്. മാനസികസമ്മര്‍ദ്ദങ്ങള്‍ അഥവാ സ്ട്രെസ് ഉണ്ടെങ്കില്‍ അത് ചര്‍മ്മത്തില്‍ എളുപ്പത്തില്‍ തന്നെ പ്രതിഫലിക്കും. അതിനാല്‍ ഇക്കാര്യം നിര്‍ബന്ധമായും സൂക്ഷിക്കുക.