രാവിലെ ഉറക്കം ഉണരാന്‍ പാടാണോ? ഈ മൂന്ന് കാര്യങ്ങള്‍ പരീക്ഷിക്കാം....

By Web TeamFirst Published Jun 6, 2019, 9:34 PM IST
Highlights

ചിലര്‍ക്ക് രാവിലെ ഉറക്കമുണരാന്‍ വലിയ മടിയായിരിക്കും. ഉണര്‍ന്നയുടനെ കാപ്പി കഴിക്കുന്നത് തന്നെ പലരും ഈ ഉറക്കച്ചടവൊന്ന് മാറ്റിയെടുക്കാനാകും. എന്നാല്‍ എഴുന്നേറ്റയുടനെ കാപ്പി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നന്നല്ലതാനും. അപ്പോള്‍ ഉറക്കമുണരാനും, ഉണര്‍ന്നുകഴിഞ്ഞാല്‍ ഉറക്കം തൂങ്ങാതിരിക്കാനും രാവിലെകളില്‍ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ച് ഒന്നറിഞ്ഞ് വയ്ക്കാം

രാവിലെ ഉറക്കമുണരാന്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണം മിക്കവാറും വളരെ കുറവായിരിക്കും. മതിയാകും വരെ ഉറങ്ങിയെഴുന്നേല്‍ക്കാന്‍ തന്നെയാണ് അധികമെല്ലാവരും താല്‍പര്യപ്പെടുന്നത്. എങ്കിലും ജോലി, പഠനം, മറ്റ് വീട്ടുകാര്യങ്ങള്‍- ഇതെല്ലാം നടത്തേണ്ടത് അത്യാവശ്യമാണല്ലോ, 

എങ്കിലും ചിലര്‍ക്ക് രാവിലെ ഉറക്കമുണരാന്‍ വലിയ മടിയായിരിക്കും. ഉണര്‍ന്നയുടനെ കാപ്പി കഴിക്കുന്നത് തന്നെ പലരും ഈ ഉറക്കച്ചടവൊന്ന് മാറ്റിയെടുക്കാനാകും. എന്നാല്‍ എഴുന്നേറ്റയുടനെ കാപ്പി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നന്നല്ലതാനും. അപ്പോള്‍ ഉറക്കമുണരാനും, ഉണര്‍ന്നുകഴിഞ്ഞാല്‍ ഉറക്കം തൂങ്ങാതിരിക്കാനും രാവിലെകളില്‍ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ച് ഒന്നറിഞ്ഞ് വയ്ക്കാം. 

ഇക്കാര്യങ്ങളെല്ലാം, ഉറക്കമുണരാന്‍ മടിയുള്ളവര്‍ക്ക് സ്വയം മാറ്റത്തിന് വേണ്ടി പരീക്ഷിക്കാവുന്ന ചില രസകരമായ കാര്യങ്ങള്‍ മാത്രമാണ്. എല്ലാവര്‍ക്കും ഒരുപോലെ ഫലപ്രദമായിരിക്കണമെന്നില്ലെന്ന് ആദ്യമേ സൂചിപ്പിക്കാം. എങ്കിലും അരക്കൈ നോക്കാമെന്ന് തോന്നുന്നവര്‍ക്ക് തീര്‍ച്ചയായും ചെയ്തുനോക്കാവുന്നതാണ്...

ഒന്ന്...

രാവിലെ, അലാം അടിച്ചാലും അത് ഓഫ് ചെയ്ത് കിടന്നുറങ്ങുന്നവര്‍ നിരവധിയാണ്. പെട്ടെന്ന് ഉറക്കമുണരാനുള്ള മടിയാണ് ഇതിന് കാരണം. അപ്പോള്‍, അത്തരത്തില്‍ ഒറ്റയടിക്ക് ഉറക്കമുണരുന്ന പതിവ് വേണ്ടെന്ന് വയ്ക്കാം. പതിയെ ഘട്ടം ഘട്ടമായി ഉണരാം. ഇതിനായി ആദ്യ അലാം അടിക്കുമ്പോള്‍ തന്നെ എഴുന്നേറ്റ് ഫാനോ, എസിയോ ഓഫ് ചെയ്ത്, മുറിയിലെ ലൈറ്റ് ഓണ്‍ ചെയ്ത് വയ്ക്കാം. കൂട്ടത്തില്‍ കിടക്കയില്‍ നിന്ന് മാറിക്കിടക്കുകയുമാകാം. അല്‍പനേരം അങ്ങനെ കിടക്കുമ്പോഴേക്ക് രണ്ടാമത്തെ അലാം അടിക്കട്ടെ. ഇനി അടുത്ത ഘട്ടം. 

രണ്ട്...

രണ്ടാമത്തെ അലാം അടിക്കുന്നതോടെ എഴുന്നേറ്റിരിക്കാന്‍ ശ്രമിക്കണം. ഇരുന്ന ശേഷം തലമുടിയില്‍ അല്‍പം ബലം പ്രയോഗിച്ച് ചെറുതായി വലിക്കുക. ഇത് തലയിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കും. ആകെയൊരു ഉണര്‍വ്വ് തോന്നാന്‍ ഇത് സഹായിച്ചേക്കും. 

മൂന്ന്...

മൂന്നാം ഘട്ടമാകുമ്പോഴേക്ക് പതിയെ മുറിയിലെ കസേരയിലേക്കോ സോഫയിലേക്കോ മാറിയിരിക്കണം. നല്ലരീതിയില്‍ തണുപ്പുള്ള ഒരു ഗ്ലാസ് വെള്ളം കൂടി കഴിക്കാം. ഇതും ഉറക്കച്ചടവ് മാറാന്‍ സഹായിച്ചേക്കും. ഈ ഘട്ടത്തില്‍ തന്നെ പുറമെയുള്ള വെളിച്ചം കാണാനോ, അത് കൊള്ളാനോ ശ്രമിക്കാം. ഇതിനായി ബാല്‍ക്കണിയിലേക്കോ സിറ്റൗട്ടിലേക്കോ സൗകര്യാനുസരണം മാറിയിരിക്കാം. 'എനര്‍ജറ്റിക്' ആയി ഒരു പ്രഭാതത്തെ വരവേല്‍ക്കാന്‍ ഇത്രയെല്ലാം ചെയ്തുനോക്കാം. പക്ഷേ, ഒരുകാര്യം ഇതിന് മുമ്പ് തീര്‍ച്ചപ്പെടുത്തണം. രാത്രിയില്‍ കൃത്യസമയത്ത് തന്നെ കിടന്നിരിക്കണം. കിടക്കും മുമ്പ് മദ്യമോ മറ്റ് ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുകയും അരുത്. എങ്കില്‍ മാത്രമേ, സ്വന്തം താല്‍പര്യത്തില്‍ ഉണരാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്താന്‍ നമുക്ക് കഴിയുകയുള്ളൂ. 

click me!