മുടിയുടെ അറ്റം പിളര്‍ന്നുപോരുന്നുണ്ടോ? പരീക്ഷിക്കാം ഈ മൂന്ന് മാര്‍ഗങ്ങള്‍...

By Web TeamFirst Published Dec 3, 2019, 10:10 PM IST
Highlights

കാലാവസ്ഥ, ആരോഗ്യപ്രശ്‌നങ്ങള്‍, മോശം ഡയറ്റ്- അതായത് മുടിക്ക് അവശ്യം വേണ്ട ഘടകങ്ങളൊന്നും ഭക്ഷണത്തിലൂടെ ലഭിക്കാതിരിക്കുന്ന സാഹചര്യം, സ്വതവേ മുടി 'ഡ്രൈ' ആയിരിക്കുന്ന പ്രകൃതം ഇങ്ങനെ ഒരുപിടി കാരണങ്ങളാണ് മുടിയുടെ അറ്റം പിളരുന്നതിന് പിന്നിലുണ്ടാവുക. എന്തായാലും ചില പൊടിക്കൈകള്‍ ഇതിനെ ചെറുക്കാനും നമുക്ക് പരീക്ഷിക്കാവുന്നതാണ്. മറ്റ് 'സൈഡ് എഫക്ടുകള്‍' ഒന്നുമില്ലെങ്കില്‍ പിന്നെ ധൈര്യമായി ഒരു കൈ നോക്കിയാലെന്താണ്. അത്തരത്തിലുള്ള മൂന്ന് മാര്‍ഗങ്ങളാണ് ഇനി വിശദീകരിക്കുന്നത്

മുടി അസാധാരണമാം വിധം 'ഡ്രൈ' ആവുകയും അറ്റങ്ങള്‍ പിളര്‍ന്നുപോവുകയും ചെയ്യുന്നതായി പലരും പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? എത്ര ശ്രദ്ധിച്ചിട്ടും ഇതില്‍ നിന്നൊരു മോചനമില്ലെന്ന് സങ്കടപ്പെടുന്നവരും കുറവല്ല. 

പല കാരണങ്ങളാകാം ഇതിന് പിന്നില്‍. മാറുന്ന കാലാവസ്ഥ, ആരോഗ്യപ്രശ്‌നങ്ങള്‍, മോശം ഡയറ്റ്- അതായത് മുടിക്ക് അവശ്യം വേണ്ട ഘടകങ്ങളൊന്നും ഭക്ഷണത്തിലൂടെ ലഭിക്കാതിരിക്കുന്ന സാഹചര്യം, സ്വതവേ മുടി 'ഡ്രൈ' ആയിരിക്കുന്ന പ്രകൃതം ഇങ്ങനെ ഒരുപിടി കാരണങ്ങള്‍ ഉണ്ടായേക്കാം. എന്തായാലും ചില പൊടിക്കൈകള്‍ ഇതിനെ ചെറുക്കാനും നമുക്ക് പരീക്ഷിക്കാവുന്നതാണ്. മറ്റ് 'സൈഡ് എഫക്ടുകള്‍' ഒന്നുമില്ലെങ്കില്‍ പിന്നെ ധൈര്യമായി ഒരു കൈ നോക്കിയാലെന്താണ്. അത്തരത്തിലുള്ള മൂന്ന് മാര്‍ഗങ്ങളാണ് ഇനി വിശദീകരിക്കുന്നത്. 

ഒന്ന്...

ആദ്യമായി പറയാന്‍ പോകുന്നത് ഒരു മാസ്‌കിനെ കുറിച്ചാണ്. തേന്‍ ഉപയോഗിച്ചാണ് ഈ മാസ്‌ക് തയ്യാറാക്കേണ്ടത്. നമുക്കറിയാം നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് തേന്‍. മുടിയുടെ ആരോഗ്യത്തിനും തേന്‍ വളരെ ഉത്തമമാണ്. നല്ലൊരു മോയിസ്ചറൈസറിന്റെ ഗുണമാണ് തേന്‍ മുടിക്ക് നല്‍കുക.  

 

 

ഇനി എങ്ങനെയാണ് ഈ മാസ്‌ക് തയ്യാറാക്കേണ്ടത് എന്ന് നോക്കാം. ഇതിന് വേണ്ടി മൂന്നോ നാലോ സ്പൂണ്‍ നാടന്‍ തേനെടുക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ തേങ്ങാപ്പാലും മൂന്ന് സ്പൂണോളം പാലും ചേര്‍ക്കുക. നന്നായി ചേര്‍ത്തിളക്കിയ ശേഷം മുടിയില്‍ ഇത് തേച്ചുപിടിപ്പിക്കാം. അല്‍പസമയം അങ്ങനെ തന്നെ വച്ച ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യുകയാണെങ്കില്‍ മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാനാകും. മുടി 'ഡ്രൈ' ആകുന്നതും ഒരു പരിധി വരെ ഇതിലൂടെ പരിഹരിക്കാം. 

രണ്ട്...

രണ്ടാമതായി പറയാനുള്ളത് മറ്റൊന്നിനെ കുറിച്ചുമല്ല, വെളിച്ചെണ്ണയെ കുറിച്ചാണ്. മുടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരുവിധം പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള പരിഹാരമാണ് വെളിച്ചെണ്ണ. കാരണം മുടിക്കാവശ്യമായ പ്രകൃതിദത്തമായ പല ഘടകങ്ങളും വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്നു. 

അറ്റം പിളര്‍ന്നുപോകുന്നത് തടയാനാണെങ്കില്‍ മുടിയില്‍ നന്നായി വെളിച്ചെണ്ണ തേച്ച് രാത്രി മുഴുവന്‍ അത് മുടിയില്‍ പിടിക്കാന്‍ അനുവദിക്കണം. അറ്റത്ത് നല്ലപോലെ എണ്ണ പുരട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. മുടി പിളരുന്നതും, ഉണങ്ങുന്നതും തടയാന്‍ മാത്രമല്ല മുടി കൊഴിച്ചില്‍ തടയാനും ഇതുകൊണ്ട് ആയേക്കും. 

മൂന്ന്...

മൂന്നാമതായി മുട്ട കൊണ്ടുള്ള പ്രയോഗത്തെക്കുറിച്ചാണ് പറയുന്നത്. ഇതും പരമ്പരാഗതമായി മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആളുകള്‍ നിര്‍ദേശിക്കാറുള്ള മാര്‍ഗമാണ്. 

 

 

മുട്ടയിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മുടിയുടെ 'ഡ്രൈനെസ്' ഒഴിവാക്കാന്‍ സഹായിക്കും. എന്നുമാത്രമല്ല, മുടിക്ക് തിളക്കം വര്‍ധിപ്പിക്കാനും 'സില്‍ക്കി' ആയിക്കിടക്കാനുമെല്ലാം മുട്ട സഹായിക്കും. മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും ചേര്‍തത് അടിച്ചാണ് മുടിയില്‍ തേക്കേണ്ടത്. ഇത് മുടിയുടെ വേര് മുതല്‍ അറ്റം വരെ തേക്കാവുന്നതാണ്. ്ല്‍പസമയം അങ്ങനെ തന്നെ വച്ച ശേഷം ഷാമ്പൂ ഉപയോഗിച്ച് മുടി നല്ലവണ്ണം വൃത്തിയായി കഴുകാം. 

മുടിയുടെ അറ്റം പിളരുന്ന അവസ്ഥ ഒറ്റയടിക്ക് മാറ്റാന്‍ കഴിയുന്നതല്ല. മിക്കപ്പോഴും അത് ഓരോരുത്തരുടേയും മുടിയുടെ പ്രകൃതം അനുസരിച്ച് കൂടിയാണ് ഉണ്ടാകുന്നത്. അതിനാല്‍ ഏത് മാര്‍ഗം അവലംബിച്ചാലും അത് ഇടയ്ക്കിടെ ആവര്‍ത്തിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. 

click me!