Vipin Suicide: 'മകളുടെ കല്യാണത്തിന്‍റെ ഉത്തരവാദിത്തം എന്തിനാണ് ആൺമക്കൾക്ക് മേൽ കെട്ടിവെക്കുന്നത്'; കുറിപ്പ്

By Web TeamFirst Published Dec 8, 2021, 2:35 PM IST
Highlights

പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിന്‍റെയോ കല്യാണത്തിന്‍റെയോ ഉത്തരവാദിത്തം എന്തിനാണ് ആൺമക്കൾക്ക് മേൽ കെട്ടിവയ്ക്കുന്നത് എന്നും അന്‍സി കുറിപ്പിലൂടെ ചോദിക്കുന്നു. 

വായ്പ (Bank loan) കിട്ടാത്തതിന്റെ പേരില്‍ സഹോദരിയുടെ വിവാഹം (marriage)  മുടങ്ങുമോ എന്ന ആശങ്കയില്‍ ജീവനൊടുക്കിയ വിപിന്‍ (vipin) ഇന്ന് സമൂഹത്തിന്‍റെ വേദനയായി മാറിയിരിക്കുകയാണ്. മകളുടെ ഭാവി സുരക്ഷിതമാക്കാൻ മകന്റെ സ്വപ്‌നങ്ങൾ നശിപ്പിക്കേണ്ടതില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് അന്‍സി വിഷ്ണു (ancy vishnu) എന്ന യുവതി തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. 

പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിന്‍റെയോ കല്യാണത്തിന്‍റെയോ ഉത്തരവാദിത്തം എന്തിനാണ് ആൺമക്കൾക്ക് മേൽ കെട്ടിവയ്ക്കുന്നത് എന്നും അന്‍സി കുറിപ്പിലൂടെ ചോദിക്കുന്നു. 

കുറിപ്പ് വായിക്കാം...

ആണിന് വേണ്ടിയും സംസാരിക്കണം... ഈ വാർത്ത കണ്ടപ്പോൾ തൊട്ട് അടുത്ത വീടുകളിലേക്ക്, നമ്മുടെ തന്നെ സമൂഹത്തിലേക്ക് ആണ് എന്റെ നോട്ടം പോയത്...

വീട് പണിക്ക് എടുത്ത വായ്പ അടക്കാൻ, വണ്ടിക്ക് എടുത്ത വായ്പ അടക്കാൻ, പെങ്ങളുടെ കല്യാണം നടത്താൻ ആയി കരുതി വെച്ച ചിട്ടി കാശ് അടക്കാൻ, വീട്ടിലേക്ക് ഉപ്പ് മുതൽ കർപ്പൂരം വരെ വാങ്ങിക്കാൻ, കല്യാണം വന്നാൽ വിഷു വന്നാൽ ഓണം വന്നാൽ വീട്ടുകാർക്ക് വസ്ത്രം എടുക്കാൻ... ഒക്കെയും ഓടുന്ന ആണുങ്ങളെ കുറിച്ചും എനിക്ക് വേവലാതിയുണ്ട്.. ഈ ആൺ കേന്ദ്രികൃത സമൂഹം തന്നെയല്ലേ ആണിന്റെ സ്വാതന്ത്ര്യവും സമാധാനവും കളയുന്നത്...

പെങ്ങളുടെ വിദ്യാഭ്യാസത്തിന്‍റെയോ കല്യാണത്തിന്‍റെയോ ഉത്തരവാദിത്തം എന്തിനാണ് ആൺമക്കൾക്ക് മേൽ കെട്ടിവെക്കുന്നത് അതൊരു കൂട്ടുന്തരവാദിത്തം അല്ലേ? അച്ഛനും അമ്മയും മക്കൾ എല്ലാവരും കൂടിയല്ലേ സാമ്പത്തിക ഉത്തരവാദിത്തം പങ്ക് വെക്കേണ്ടത്. മകന് മീൻ വറുത്തതും മകൾക്ക് മീൻ ചാറും നൽകി അവൻ ആണല്ലേ അത്കൊണ്ട് അവന് എപ്പോഴും സ്പെഷ്യൽ എന്ന് പറയുന്നിടത്ത് നിന്ന്, മാറണം, കുടുംബത്തിൽ നിന്ന് മാറ്റം തുടങ്ങണം....

മകന്റെ കല്യാണ ചിലവ് എന്താണ് മകളോട് ഏറ്റെടുക്കാൻ പറയാത്തത്... സഹോദരന്റെ കല്യാണ ചിലവും വിദ്യഭാസ ചിലവും എന്ത് കൊണ്ട് സഹോദരി ഏറ്റെടുക്കുന്നില്ല.. അറിഞ്ഞോ അറിയാതെയോ ബാധ്യതകൾ ഒക്കെ എന്തിനാണ് ആണിന്റെ മേൽ വീഴുന്നത്... അങ്ങനെ ബാധ്യതകൾ ഉണ്ടെങ്കിൽ തന്നെ ഈ സാമ്പത്തിക ബാധ്യതകൾ നമ്മൾ ഒരുമിച്ച് പങ്ക് വെക്കണം എന്ന് പറയാൻ എന്താണ് നമ്മുടെ ആൺകുട്ടികൾക്ക് കഴിയാത്തത്...

ഈ ആണധികാരം മാറിയാൽ. സ്ത്രീയും പുരുഷനും സ്വാതന്ത്ര്യം നേടും. ആൺകുട്ടികളെ നിങ്ങളും സ്വാതന്ത്ര്യം അർഹിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ ഒരു ആൺകുട്ടിയെ പരിചയപെട്ടു. അവൻ ഒരു ബേക്കറിയിൽ ജോലി ചെയ്യുകയാണ്, ബികോം പകുതി വെച്ച് പഠനം നിർത്തി, കാരണം ചോദിച്ചപ്പോൾ പറഞ്ഞത് വീട്ടിൽ കുറച്ച് ബാധ്യതകൾ ഉണ്ടെന്നാണ്, ചേച്ചിക്ക് കല്യാണ ആലോചനകൾ വരുന്നുണ്ടെന്നാണ്,  ഞാൻ പഠിച്ചോട്ടിരുന്നാൽ ഒന്നും നടക്കില്ലെന്നാണ്....ആ ആൺകുട്ടിക്ക് വിദ്യാഭാസത്തിനുള്ള അവകാശം നിഷേധിച്ചത് അവന്റെ അച്ഛനും അമ്മയും തന്നെയാണ്, വീട്ടിലെ പ്രാരാബ്ദങ്ങളുടെ ഭാണ്ഡം അഴിച്ചിട്ട് നിങ്ങൾ നിങ്ങളുടെ ആൺമക്കളുടെ സ്വപ്നങ്ങൾ ഇല്ലാതാക്കുകയാണ്.... നിങ്ങൾ പെണ്മക്കളോട് പറയേണ്ടത് വിവാഹത്തിന് നിറയെ അഭരണങ്ങൾ ധരിക്കണമെങ്കിൽ നിങ്ങൾ സാമ്പാതിക്കണമെന്നാണ്. മകളുടെ ഭാവി സുരക്ഷിതമാക്കാൻ മകന്റെ സ്വപ്‌നങ്ങൾ നശിപ്പിക്കേണ്ടതില്ല.

ഭാര്യമാർ ജോലിക്ക് പോയാൽ അന്തസ് പോകും എന്ന് പറഞ്, ആ അധികാരം ആഘോഷിക്കുന്ന ഭർത്താക്കന്മാരോടാണ് ഭാര്യ വരുമാനം ഉള്ളവളായാൽ ദാമ്പത്യം കുറെ കൂടി ഭംഗിയാകും, സാമ്പത്തിക ഉത്തരവാദിത്തം പങ്ക് വെക്കേണ്ടത് തന്നെയാണ്... ആണിന് മാത്രമായി ഒരു ബാധ്യതകളും വേണ്ട.. ഭർത്താവിനെ അച്ഛനെ മകനെ സഹോദരനെയൊക്കെ ചേർത്ത് നിർത്താൻ, കൈത്താങ് ആകുവാൻ നമ്മൾ പെണ്ണുങ്ങൾക്കും കഴിയട്ടെ.

Also Read: വിദേശത്തെ ജോലി പോയാലുംവേണ്ടില്ല, വിവാഹം കഴിഞ്ഞേ മടങ്ങൂ; വിദ്യയെ ചേര്‍ത്തുപിടിച്ച് നിധിന്‍

click me!