'ഹമ്മേ! കടുവയേയും കൊണ്ടാണോ നടക്കാനിറങ്ങുന്നത്'; വൈറലായി ചിത്രം

Web Desk   | others
Published : Nov 16, 2020, 06:14 PM IST
'ഹമ്മേ! കടുവയേയും കൊണ്ടാണോ നടക്കാനിറങ്ങുന്നത്'; വൈറലായി ചിത്രം

Synopsis

നിരത്തിലുണ്ടായിരുന്ന കാല്‍നടയാത്രക്കാര്‍ ഒന്നടങ്കം ഞെട്ടിനിന്ന ആ കാഴ്ച ആരോ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതാണ്. എന്തായാലും ഇത്ര അടക്കത്തോടും ഒതുക്കത്തോടും കൂടി പോകുന്നത് ഒരു കടുവ ആയിരിക്കില്ലെന്ന് വൈകാതെ തന്നെ കാഴ്ചക്കാര്‍ അനുമാനിച്ചു

വീട്ടില്‍ വളര്‍ത്തുന്ന വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം ആളുകള്‍ നടക്കാന്‍ പോകുന്നത് ഒരു സാധാരണ കാഴ്ചയാണ്, അല്ലേ? എന്നാല്‍ ഈ വളര്‍ത്തുമൃഗങ്ങള്‍ നമ്മള്‍ പതിവായി കാണുന്നത് പോലെ പട്ടിയോ, പൂച്ചയോ ഒന്നുമല്ലെങ്കിലോ! ഉദാഹരണത്തിന് കടുവയ്‌ക്കൊപ്പം നടക്കാനിറങ്ങുന്ന ഒരാളെ നമ്മള്‍ റോഡില്‍ വച്ച് കണ്ടാലോ!

ഏയ് അങ്ങനെയൊന്നും സംഭവിക്കില്ലല്ലോ, എന്നായിരിക്കും എല്ലാവരും ചിന്തിക്കുക. ശരിയാണ്, കടുവയെ പോലൊരു വന്യമൃഗത്തെ അങ്ങനെയൊന്നും വീട്ടില്‍ വളര്‍ത്താനുമാകില്ല, അതിനോടൊപ്പം തെരുവിലൂടെ നടക്കാന്‍ പോകാനുമാകില്ല. 

എന്നാല്‍ ഇത്തരമൊരു കാഴ്ച കഴിഞ്ഞ ദിവസം നോര്‍ത്ത് വെസ്‌റ്റേണ്‍ ചൈനയിലെ സാംഗ്യേ പട്ടണത്തില്‍ കാണാന്‍ കഴിഞ്ഞു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പിന്നീട് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഏറെ തരംഗവും സൃഷ്ടിച്ചു. തന്റെ വളര്‍ത്തുകടുവയ്‌ക്കൊപ്പം നടക്കാനിറങ്ങിയ ഒരാളാണ് വീഡിയോയിലുള്ളത്. ലക്ഷണമൊത്ത അസ്സലൊരു കടുവയാണ് ഒറ്റനോട്ടത്തില്‍ അയാള്‍ക്കൊപ്പമുള്ളത്. 

നിരത്തിലുണ്ടായിരുന്ന കാല്‍നടയാത്രക്കാര്‍ ഒന്നടങ്കം ഞെട്ടിനിന്ന ആ കാഴ്ച ആരോ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതാണ്. എന്തായാലും ഇത്ര അടക്കത്തോടും ഒതുക്കത്തോടും കൂടി പോകുന്നത് ഒരു കടുവ ആയിരിക്കില്ലെന്ന് വൈകാതെ തന്നെ കാഴ്ചക്കാര്‍ അനുമാനിച്ചു. സംഗതി നേരായിരുന്നു, തന്റെ വളര്‍ത്തുപട്ടിയെ പെയിന്റടിച്ച്, കൃത്രിമ വാലും ഫിറ്റ് ചെയ്ത് കടുവയുടെ രൂപത്തിലാക്കി 'ചുമ്മാ ഒരു രസത്തിന്' നടക്കാനിറങ്ങിയതായിരുന്നു അയാള്‍. 

 

 

പിന്നീട് ഈ വളര്‍ത്തുപട്ടിയുടെ ചിത്രം സഹിതം സംഭവം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ വളര്‍ത്തുപട്ടികളെ ഇത്തരത്തില്‍ വിഷമയമായ പെയിന്റുകളില്‍ കുളിപ്പിച്ച് 'താമശ'യുണ്ടാക്കുന്നത് അത്ര നന്നല്ലെന്നാണ് മൃഗസ്‌നേഹികളുടെ വാദം. പട്ടികള്‍ പാവം, അറിയാതെ ഈ പെയിന്റ് നക്കി വായിലാക്കുമെന്നും അത് അവയുടെ മരണത്തിലേക്ക് വരെയെത്തിക്കാമെന്നുമാണ് ഇവരുടെ വാദം. 

അടുത്തിടെയായി വളര്‍ത്തുപട്ടികളെ പെയിന്റടിച്ച് മറ്റ് മൃഗങ്ങളുടെ രൂപത്തിലാക്കി ഇത്തരത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കുന്നത് ചൈനയില്‍ വ്യാപകമായിട്ടുണ്ട്. തിരക്കുള്ള റോഡിലൂടെ ഒരു പാണ്ടയേയും കൊണ്ട് നടന്നുപോകുന്ന സ്ത്രീയുടെ ചിത്രങ്ങള്‍ വൈറലായ സംഭവം ഓര്‍ക്കുന്നുണ്ടോ? അതും വളര്‍ത്തുപട്ടിയെ പെയിന്റടിച്ചത് തന്നെയായിരുന്നു. എന്തായാലും ഇത്തരം പ്രവണതകള്‍ അത്ര ആരോഗ്യകരമല്ലെന്ന അഭിപ്രായമാണ് പരക്കെ ഉയരുന്നത്. ഇതെല്ലാം ഒരു തമാശയായി മാത്രമെടുത്താല്‍ മതിയെന്നും, ജീവികളുടെ പുറത്ത് പെയിന്റ് ചെയ്യുമ്പോള്‍ 'ക്വാളിറ്റി'യുള്ള പെയിന്റ് ഉപയോഗിച്ചാല്‍ മതിയെന്ന് വാദിക്കുന്നവരും ഉണ്ട്. 

Also Read:- നെയ്യാർ സഫാരി പാർക്കിൽ കടുവ ചാടിപ്പോയ സംഭവം; കൂട് പഴക്കമുള്ളതാണെന്ന് വനം മന്ത്രി...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ