രാജ്യത്ത് ആവശ്യത്തിലധികം ഓക്‌സിജന്‍ സ്‌റ്റോക്കുണ്ട്, ആരും ആശങ്കപ്പെടേണ്ടെന്ന് കേന്ദ്രം

By Web TeamFirst Published Apr 26, 2021, 8:21 PM IST
Highlights

രാജ്യത്ത് പലയിടങ്ങളിലായി ഓക്‌സിജന്‍ ലഭിക്കാതെ മാത്രം നിരവധി പേരാണ് മരിച്ചത്. ഇന്ന് ഹരിയാനയില്‍ അഞ്ച് രോഗികള്‍ ഇത്തരത്തില്‍ മരിച്ചിരുന്നു. ഇന്നലെ ഗുഡ്ഗാവില്‍ നാല് രോഗികളും ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചിരുന്നു. ഛണ്ഡീഗഢിലും നാല് രോഗികള്‍ സമാനമായ രീതിയില്‍ മരിച്ചു

ദില്ലി: കൊവിഡ് 19 രണ്ടാം തരംഗം ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നതിനിടെ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ കുറിച്ച് പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ആവശ്യത്തിലധികം ഓക്‌സിജന്‍ സ്‌റ്റോക്ക് ഉണ്ടെന്നും അതിനാല്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ അറിയിക്കുന്നത്. 

ഓക്‌സിജന്‍ സ്‌റ്റോക്ക് ആവശ്യത്തിലധികം ഉണ്ടെങ്കിലും അത് രാജ്യത്ത് എല്ലായിടത്തേക്കും എത്തിക്കാനുള്ള ഗതാഗത സംവിധാനങ്ങളുടെ കാര്യത്തിലാണ് പ്രശ്‌നം നേരിടുന്നതെന്നും അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ സര്‍ക്കാരെന്നും അദ്ദേഹം പറയുന്നു. 

'മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേക്ക് അത് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഞങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുന്നത്. അതിനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും നോക്കുന്നുണ്ട്. കാലിയായ ടാങ്കറുകള്‍ വിമാനങ്ങള്‍ വഴി തിരിച്ചെത്തിക്കുന്നുണ്ട്. അതുവഴി വീണ്ടും ഓക്‌സിജന്‍ നിറച്ച് ടാങ്കറുകള്‍ വേണ്ട സ്ഥലങ്ങളിലെത്തിക്കാനുള്ള സമയം ലാഭിക്കാനാകും...'- പീയുഷ് ഗോയല്‍ പറയുന്നു. 

രാജ്യത്ത് പലയിടങ്ങളിലായി ഓക്‌സിജന്‍ ലഭിക്കാതെ മാത്രം നിരവധി പേരാണ് മരിച്ചത്. ഇന്ന് ഹരിയാനയില്‍ അഞ്ച് രോഗികള്‍ ഇത്തരത്തില്‍ മരിച്ചിരുന്നു. ഇന്നലെ ഗുഡ്ഗാവില്‍ നാല് രോഗികളും ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചിരുന്നു. ഛണ്ഡീഗഢിലും നാല് രോഗികള്‍ സമാനമായ രീതിയില്‍ മരിച്ചു. ദില്ലി അടക്കം പ്രമുഖ നഗരങ്ങളില്‍ നിന്ന് പോലും ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് കൊവിഡ് രോഗികള്‍ മരണത്തിന് കീഴടങ്ങുന്നതായ റിപ്പോര്‍ട്ടുകള്‍ പല തവണ വന്നിരുന്നു. 

ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപകമായി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതിനിടെയാണ് രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമമില്ല എന്ന വിശദീകരണവുമായി കേന്ദ്ര മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Also Read:- ഹരിയാനയിൽ ഓക്സിജൻ കിട്ടാതെ 5 പേർ കൂടി മരിച്ചെന്ന് പരാതി, 24 മണിക്കൂറിൽ 12 മരണം

click me!