15 ദിവസം കൊണ്ട് കുറച്ചത് 5 കിലോ ശരീരഭാരം; ഡയറ്റ് പ്ലാന്‍ പങ്കുവച്ച് ഡിംപിൾ റോസ്

By Web TeamFirst Published Oct 28, 2021, 9:46 AM IST
Highlights

15 ദിവസം ഡയറ്റ് ചെയ്ത് 5 കിലോ ശരീരഭാരം വരെ കുറഞ്ഞെന്നും ഡിംപിൾ പറയുന്നു. വീഡിയോ ആരംഭിക്കുന്ന ദിവസം ഡിംപിളിന്‍റെ ശരീരഭാരം 78 കിലോ ആയിരുന്നു. 

പ്രസവശേഷം തന്‍റെ ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് പറയുകയാണ് നടി ഡിംപിൾ റോസ് (dimple rose). തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് (video) താരം ഡയറ്റും (diet) മറ്റും ആരാധകരുമായി പങ്കുവയ്ക്കുന്നത്. ഇതിന് വേണ്ടി ഒരു ഓൺലൈൻ പ്രോഗ്രാമിൽ (online program) ചേർന്നു എന്നും ഡിംപിൾ പറയുന്നു. 

15 ദിവസം ഡയറ്റ് ചെയ്ത് 5 കിലോ ശരീരഭാരം വരെ കുറഞ്ഞെന്നും ഡിംപിൾ പറയുന്നു. വീഡിയോ ആരംഭിക്കുന്ന ദിവസം ഡിംപിളിന്‍റെ ശരീരഭാരം 78 കിലോ ആയിരുന്നു. 'എന്റെ ഐെഡിയൽ വെയ്റ്റ് 64 ആണ്. ഗർഭിണി ആയിരുന്ന സമയത്ത് 76 കിലോ ഉണ്ടായിരുന്നു. പ്രസവം കഴിഞ്ഞ് ഇപ്പോൾ 3 മാസം ആയി. നോർമൽ ഡെലിവറി ആയിരുന്നതു കൊണ്ട് വ്യായാമം ചെയ്യുന്നതു കൊണ്ടോ ഡയറ്റ് ചെയ്യുന്നതു കൊണ്ടോ ബുദ്ധിമുട്ടില്ല'-  ഡിംപിൾ വ്യക്തമാക്കി. 

രാവിലെ പ്രാതലിനു മുൻപായി, തലേ ദിവസം ഒരു ഗ്ലാസ്സ് ചെറു ചൂടു വെള്ളത്തിൽ ഇട്ടു വച്ച ഒരു പിടി ഉണക്കമുന്തിരി കഴിക്കും. ആദ്യം ഉണക്കമുന്തിരി ഇട്ടു വച്ച വെള്ളം കുടിക്കും. അതിനു ശേഷം ഉണക്ക മുന്തിരി കഴിക്കുമെന്നും ഡിംപിൾ പറയുന്നു. ഉണക്ക മുന്തിരി കഴിച്ചതിനു ശേഷം ഏകദേശം രണ്ട് ഗ്ലാസ്സ് ചെറുചൂടു വെള്ളവും കൂടി കുടിക്കും. ചൂടു വെള്ളം കുടിച്ച് പതിനഞ്ച് മിനിറ്റിന് ശേഷം ഒരു റോബസ്റ്റ പഴം കഴിക്കും.  15 മിനിറ്റ് കഴിയുമ്പോൾ ഒരു മണിക്കൂര്‍ വർക്കൗട്ട്. ശേഷം ബ്രേക്ക് ഫാസ്റ്റ് കഴിക്കും. രണ്ട് ഗോതമ്പ് ദോശയും പയറും ഒക്കെയാണ് പ്രാതലിന് കഴിക്കുന്നതെന്നും ഡിംപിൾ പറയുന്നു. 

പതിനൊന്ന് മണി ആകുമ്പോൾ ബ്രഞ്ച് കഴിക്കും. ഒരു ഓറഞ്ച് ആണ് ഞാൻ കഴിക്കുന്നത്. ഉച്ചഭക്ഷണത്തിനു മുൻപായി എന്തെങ്കിലും കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ലഞ്ചിന് രണ്ട് ചപ്പാത്തിയോ ഗോതമ്പ് ദോശയോ കഴിക്കാം. കൂടെ ഫിഷ് അല്ലെങ്കില്‍ ചിക്കൻ കറിയായി കഴിക്കാം. ചിക്കൻ 3 കഷണം. ഇതിന്റെ കൂടെ സാലഡ് നിർബന്ധമായും കഴിക്കണം. വെജിറ്റേറിയൻ ആണെങ്കിൽ എഗ്ഗ് വൈറ്റ് കഴിക്കാം. ഗോതമ്പ് തിരഞ്ഞെടുക്കാൻ കാരണം അത് പെട്ടെന്ന് ദഹിക്കില്ല എന്നതു കൊണ്ടാണെന്നും ഡിംപിൾ പറയുന്നു. 

നാല് മണിക്ക് ഡയറ്റ് പ്രകാരം ഏതെങ്കിലും ഒരു ഫ്രൂട്ട് കഴിക്കാം. ആപ്പിൾ അല്ലെങ്കില്‍ ഓറഞ്ച് അല്ലെങ്കിൽ  ഒരു പിടി നട്സ് കഴിക്കാം. 4.30 ആകുമ്പോൾ നടക്കാൻ പോകും. 3000 മുതല്‍ 4000 അടി ഒരു ദിവസം നടക്കണം. രാത്രി ഏഴര ആകുമ്പോൾ അത്താഴം കഴിക്കും. എട്ട് മണിക്ക് മുൻപായി ഡിന്നർ കഴിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. പെട്ടെന്ന് ദഹിക്കുന്ന അരി ആഹാരം കഴിക്കാനാണ് ഡയറ്റിൽ പറഞ്ഞിട്ടുള്ളത്. കഞ്ഞിയോ ഓട്സോ അല്ലെങ്കിൽ ദോശയോ കഴിക്കാം. കിടക്കുന്നതിനു മൂന്ന് മണിക്കൂർ  മുൻപെങ്കിലും ഡിന്നർ കഴിക്കണം. 

കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിച്ചില്ലെങ്കിൽ അതെല്ലാം കാലറി  ആയി അടിയും. കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് പാലിൽ ഒരു നുള്ള്  മഞ്ഞൾപൊടി, ഒരു നുള്ള് ചുക്ക് പൊടി, ഒരു നുള്ള് കാഷ്യു പൗഡർ എന്നിവ ഇട്ട് കുടിക്കും. അതിനു ശേഷം നന്നായി ഉറങ്ങണം. ഫിറ്റ്നസ്സിൽ ഏറ്റവും പ്രധാനമായിട്ട് പറയുന്ന ഒരു കാര്യമാണ് ഉറക്കം. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നന്നായിട്ട് ഉറങ്ങണം. 

ഇങ്ങനെ 7 ദിവസം കൃത്യമായി ഡയറ്റ് നോക്കിയതിനു ശേഷം ശരീരഭാരം നോക്കണം. 78 കിലോ ഉണ്ടായിരുന്ന തന്‍റെ വെയ്റ്റ് രണ്ട് കിലോ കുറഞ്ഞു 76 കിലോയിൽ എത്തി. അതായത് 7 ദിവസം കൊണ്ട് 2 കിലോ കുറഞ്ഞു. 15 ദിവസം കൃത്യമായി ഡയറ്റ് നോക്കിയപ്പോൾ  5 കിലോ വരെ കുറഞ്ഞ് 73 കിലോ ആയെന്നും ഡിംപിൾ പറയുന്നു.

 

Also Read: ‘പ്രസവശേഷം മുഖം തിളങ്ങാൻ’; ഫേസ് പാക്കുമായി ഡിംപിൾ റോസ്

click me!