Latest Videos

Weightloss : എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഒഴിവാക്കാം ഈ ഏഴ് തെറ്റുകള്‍...

By Web TeamFirst Published Aug 28, 2022, 9:02 AM IST
Highlights

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.

അമിത വണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ഇന്ന് പലരും ശ്രമിക്കുന്നുണ്ട്. അത്തരത്തില്‍ വണ്ണം കുറയ്ക്കാനായി പല വഴികളും പരീക്ഷിച്ചു മടുത്തവരുണ്ടാകും. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരുത്തുന്ന ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാം എന്ന വലിയ തെറ്റ് ചെയ്യരുത്. ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ തന്നെ  ബാധിക്കും. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വിശപ്പ് കൂടുകയും ഊർജ്ജം കുറയുകയുമാണ് ചെയ്യുന്നത്. ഇത് വ്യായാമം ചെയ്യുന്നതില്‍ നിന്ന് വരെ നിങ്ങളെ പിന്തിരിപ്പിക്കും.

രണ്ട്...

പലരും കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി എത്രയാണെന്ന് നോക്കാറില്ല. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. ഒരു ദിവസം നിങ്ങള്‍ക്ക് വേണ്ട കലോറി എത്രയാണെന്നും ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കുമെന്നും അറിഞ്ഞ് വേണം ഡയറ്റ് ചിട്ടപ്പെടുത്താന്‍. 

മൂന്ന്...

പഞ്ചസാരയുടെ ഉപയോഗം ശരീരത്തിന് ഹാനികരമാണെന്ന് മാത്രമല്ല, അടിവയറ്റിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. അതിനാല്‍ ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കാം. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയോ തേനോ ഉപയോഗിക്കാം. 

നാല്...

വിശക്കുന്നത് വരെ കാത്തിരിക്കരുത്. കലോറി കുറഞ്ഞ ഡയറ്റ് പിന്തുടരുന്നവര്‍ വിശപ്പ് അനുഭവപ്പെടുന്നതിന് മുമ്പ് തന്നെ ഭക്ഷണം കഴിക്കുക. നല്ല വിശപ്പ് അനുഭവപ്പെട്ടാല്‍ നിങ്ങള്‍ ഭക്ഷണം അമിതമായി കഴിക്കാന്‍ സാധ്യതയുണ്ട്. അത് ഒഴിവാക്കാനായി വിശപ്പിന് മുമ്പുതന്നെ അളവ് കുറച്ച് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. 

അഞ്ച്...

വ്യായാമം ചെയ്യാന്‍ മടിയാണോ?  ഒരു വ്യായാമവുമില്ലാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല എന്ന് അറിയാമല്ലോ. പലര്‍ക്കും വ്യായാമം ചെയ്യാന്‍ മടിയാണ്. ഭക്ഷണം നിയന്ത്രിച്ചല്ലോ... പിന്നെ എന്തിനാ വ്യായാമം കൂടി ചെയ്യുന്നത് എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഡയറ്റ് മാത്രം പോരാ, വ്യായാമം നിര്‍ബന്ധമാണ്. ഡയറ്റിനോടൊപ്പം ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം. 

ആറ്...

സമ്മര്‍ദ്ദവും മോശം മാനസികാരോഗ്യവും ഭാരം കുറയ്ക്കാൻ നടത്തുന്ന ശ്രമങ്ങളെ താറുമാറാക്കും. അതിനാല്‍ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുക. 

ഏഴ്...

ഡയറ്റും വ്യായാമവും മാത്രം പോരാ, ഉറക്കവും വേണം.  ഉറക്കക്കുറവും ശരീരഭാരം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് അലസത, അമിതമായ വിശപ്പ് എന്നിവയ്ക്ക് കാരണമാകാം. അതിനാല്‍ കുറഞ്ഞത് ഏഴ്- എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കണം. 

Also Read: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍...

click me!