ക്രോണിക് ബാച്ചിലര്‍ രാഹുല്‍ ഗാന്ധിക്ക് കല്യാണമെന്ന് ?

By Web TeamFirst Published Jun 19, 2019, 2:43 PM IST
Highlights

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ന് 49-ാം പിറന്നാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ നേതാക്കളും  രാഹുലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ട്വീറ്റ് ചെയ്തു. ആയുരാരോഗ്യമുണ്ടായിരിക്കട്ടെ എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ന് 49-ാം പിറന്നാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ നേതാക്കളും  രാഹുലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ട്വീറ്റ് ചെയ്തു. ആയുരാരോഗ്യമുണ്ടായിരിക്കട്ടെ എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ഇന്ത്യക്കാര്‍ക്ക് പ്രചോദനമായ രാഹുലിന്‍റെ അഞ്ച് നിമിഷങ്ങള്‍ ചേര്‍ത്തുള്ള വീഡിയോയാണ് രാഹുലിന് പിറന്നാള്‍ ആശംസയ്‌ക്കൊപ്പം കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രാഹുലിന്‍റെ ഓരോ പിറന്നാളിനും ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമാണ് ' എന്നാണ് രാഹുല്‍ ഗാന്ധിയുടെ വിവാഹം?' എന്നത്. എന്നാല്‍ ഗണപതിയുടെ വിവാഹം പോലെ അതുനീണ്ടുപോകുന്നു എന്ന് മാത്രം. 

 

രാഹുല്‍ ഗാന്ധി വിവാഹിതനാകണമെന്ന് അനേകം കോണ്‍ഗ്രസുകാര്‍ക്ക് ആഗ്രഹമുണ്ടങ്കിലും, അത് പലരും തുറന്ന് പറയാറില്ല. മാത്രമല്ല രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യ ജീവിതത്തെകുറിച്ച് അടുത്ത കാലത്ത് വരെ ഇന്ത്യക്കാര്‍ ഒരു നിശബ്ദത പാലിച്ചിരുന്നു. രാഷ്ട്രീയത്തില്‍ താമസിച്ച് വിവാഹം കഴിച്ചവരായി പലരുമുണ്ട്. ഇടതുമുന്നണിയുടെ നേതാവായ സാക്ഷാല്‍  വി എസ് അച്യുതാനന്ദൻ ഒക്കെ അതിനൊരു ഉദാഹരണമാണ്. താമസിച്ച് വിവാഹം കഴിച്ചാലും കുഴപ്പമില്ല വിവാഹം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യമാണ് എന്നാണ്  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ മീഡിയ സെല്ലിന്‍റെ കണ്‍വീനറായ അനില്‍ ആന്‍റണി പറയുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റിനിര്‍ത്താനാകാത്ത വ്യക്തിയും  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്‍റണിയും താമസിച്ച്  വിവാഹം കഴിച്ചയാളാണ്. 'തന്‍റെ പിതാവ് എ കെ ആന്‍റണി വിവാഹം ചെയ്തത് 45-ാം വയസ്സിലാണ്'-  അനില്‍ ആന്‍റണി പറഞ്ഞു. എ കെ ആന്‍റണിയെ വെച്ചുനോക്കുമ്പോള്‍ നാല് വര്‍ഷം കടന്നെങ്കിലും ഇനിയും രാഹുല്‍ ഗാന്ധിക്ക് സമയമുണ്ട്. അദ്ദേഹത്തിന് ഇപ്പോഴും ഒരു യൂത്ത് ഐക്കണ്‍ ഇമേജാണ്. രാഷ്ട്രീയജീവിതത്തിനിടയിലും അദ്ദേഹത്തിന്‍റെ വിനയവും ജനങ്ങളോടുളള ഇടപഴകലും യുവനേതാക്കള്‍ കണ്ടുപഠിക്കേണ്ടതാണെന്നാണ് അനില്‍ ആന്‍റണി അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് പ്രതികരിച്ചത്. വിവാഹം രാഹുല്‍ ഗാന്ധിയുടെ  സ്വകാര്യജീവിതമാണ്.  താന്‍ അദ്ദേഹത്തിന്‍റെ രാഷ്ട്രീയജീവിതത്തെയാണ് നോക്കികാണുന്നതെന്നും അനില്‍ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

എങ്കിലും എന്തുകൊണ്ട് ഗാന്ധികുടുംബത്തിലെ ഇളമുറക്കാരന്‍  അവിവാഹിതനായി തുടരുന്നു?  വര്‍ഷങ്ങളായി പലരും അദ്ദേഹത്തോട് ചോദിച്ച ചോദ്യമാണിത്. സാധാരണ രാഹുല്‍ ഈ ചോദ്യത്തോട് പ്രതികരിക്കാറില്ല.  എന്നാല്‍  ചിലപ്പോഴൊക്കെ രാഹുല്‍ മറുപടി പറഞ്ഞിട്ടുണ്ട്. ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെയാണെന്ന്. എന്നിട്ടും ഈ ചോദ്യത്തില്‍ നിന്ന് രാഹുലിന് രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇനി രാഹുല്‍ ഗാന്ധിക്ക് പ്രണയനൈരാശ്യമാണോ? രാഹുലിന്  പ്രണയമുണ്ടായിരുന്നോ? ആരായിരുന്നു രാഹുലിന്‍റെ കാമുകി? 

1995ല്‍ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്നാണ് രാഹുല്‍ ഗാന്ധി എംഫില്‍ നേടിയത്. രാഹുല്‍ ഗാന്ധിയുടെ സ്വകാര്യ ജീവിതം പലപ്പോഴും രഹസ്യങ്ങള്‍ നിറഞ്ഞതായിരുന്നു എന്നാണ് ഔട്ട്  ലുക്ക് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകയായ ആരാതി രാമചന്ദ്രന്‍റെ ലേഖനത്തിലൂടെ മനസ്സിലാകുന്നത് . 1999 ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടയിലെ ഒരു ചിത്രം ആ സമയത്ത് ഏറെ ചര്‍ച്ചയായിരുന്നു. രാഹുല്‍ ഗാന്ധിയും ഒരു പെണ്‍കുട്ടിയും ഒരുമിച്ചുള്ളതായിരുന്നു ആ ചിത്രം. പിന്നീട് 1999ല്‍ ഇതേ പെണ്‍കുട്ടിയോടൊപ്പം രാഹുല്‍ ആന്‍ഡമാനില്‍ അവധിക്കാലം ചെലവഴിച്ചതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് 2003ല്‍ രാഹുലും പ്രിയങ്കയും മറ്റും അവധിക്കാലം ആഘോഷിക്കാന്‍ കേരളത്തിലും ലക്ഷദ്വീപിലും എത്തിയപ്പോഴും ഇതേ പെണ്‍കുട്ടി കൂടെ ഉണ്ടായിരുന്നു. രാഹുലിന്‍റെ 'ഗേള്‍ഫ്രണ്ട്' ആണിത് എന്നായിരുന്നു അന്നത്തെ വാര്‍ത്തകള്‍. 

കൊളംബിയക്കാരിയായ യുവാനിറ്റ എന്നായിരുന്നു ആ യുവതിയുടെ പേര് ആഘോഷിക്കപ്പെട്ടത്. എന്നാല്‍ രാഹുല്‍ ഇംഗ്ലണ്ടില്‍ പഠിക്കുമ്പോള്‍ മുതലുള്ള പ്രണയം ആണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.  സത്യത്തില്‍ ആ യുവതിയുടെ പേര് വെറോണിക്ക എന്നായിരുന്നു. യുവാനിറ്റ എന്നത് മാധ്യമങ്ങള്‍ പരത്തിയ തെറ്റിദ്ധാരണ ആയിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധി തന്‍റെ വ്യക്തമാക്കുകയായിരുന്നു. 2004ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമേഠിയില്‍ വെച്ച് ഇന്ത്യന്‍ എക്സ്പ്രസ്സിലെ മാധ്യമ പ്രവര്‍ത്തകയോടാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

"എന്‍റെ ഗേള്‍ ഫ്രണ്ടിന്‍റെ പേര് വെറോണിക്ക എന്നാണ്. അവള്‍ വെനസ്വേലക്കാരിയോ കൊളംബിയക്കാരിയോ അല്ല, സ്‌പെയിന്‍കാരിയാണ്"- രാഹുല്‍ വ്യക്തമാക്കി. വെറോണിക്ക ഒരു ആര്‍ക്കിട്ടെക്ട് ആണെന്നും അന്ന് രാഹുല്‍ വെളിപ്പെടുത്തി. എന്തായാലും ഉടന്‍ വിവാഹം ഉണ്ടാകില്ലെന്നായിരുന്നു ആ സമയത്ത് രാഹുല്‍ പറഞ്ഞത്. ഇന്ന് ഇത് 2004 അല്ല, 15 വര്‍ഷങ്ങള്‍ കടന്നുപോയി. പിന്നീട് ഒരിക്കല്‍ പോലും വെറോണിക്കയെ കുറിച്ച് രാഹുല്‍ പരാമര്‍ശിച്ചിട്ടില്ല. അതിന് ശേഷം വെറോണിക്കയുടെ ഒരു ചിത്രം പോലും ലോകം കണ്ടിട്ടും ഇല്ല. ഇപ്പോഴും അവിവാഹിതനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി അദ്ദേഹം തുടരുന്നു. 


 

click me!