ഒരിക്കല്‍ 'സോള്‍മേറ്റ്' ആയിരുന്നവര്‍ പിന്നീട് പിരിയുന്നതെങ്ങനെ?

By Web TeamFirst Published Jul 5, 2020, 10:31 PM IST
Highlights

പ്രണയിച്ച്, വലിയ വഴക്കും പ്രശ്‌നങ്ങളുമെല്ലാം ഉണ്ടാക്കി വിവാഹിതരായവര്‍ പിന്നീട് പിരിയുകയാണെന്ന് കേള്‍ക്കുമ്പോള്‍ സുഹൃത്തുക്കളിലും ചുറ്റുമുള്ളവരിലുമെല്ലാം ഒരു അമ്പരപ്പ് ഉണ്ടാകാറില്ലേ, എന്തായിരിക്കും അവര്‍ക്കിടയില്‍ സംഭവിച്ചിരിക്കുക എന്ന സംശയം അല്ലെങ്കില്‍ ആകാംക്ഷ

''ഒടുവില്‍ എനിക്കെന്റെ സോള്‍മേറ്റിനെ കിട്ടി. ഞാനെന്താണ് എന്ന് മുഴുവനായി മനസിലാക്കുന്ന ഒരാള്‍. ഞാന്‍ പറയാന്‍ വരുന്ന കാര്യങ്ങളെ പറയാതെ തന്നെ പൂരിപ്പിച്ചെടുക്കുന്നയാള്‍. എന്റെ ചിന്തകളെപ്പോലും വളരെ എളുപ്പത്തില്‍ വായിച്ചെടുക്കാനാകുന്നയാള്‍...'' ഒരിക്കല്‍ സന്തോഷത്തോടെ ഈ വാക്കുകള്‍ പറഞ്ഞ യുവതി ഇന്ന് വിവാഹമോചനത്തിന്റെ വക്കിലാണെങ്കിലോ!

ഇങ്ങനെയും അനവധി ബന്ധങ്ങള്‍ നമുക്കിടയില്‍ കൂടിച്ചേരുകയും വേര്‍പിരിയുകയും ചെയ്യുന്നുണ്ടെന്നാണ് പ്രമുഖ 'ഡേറ്റിംഗ് കോച്ച്' ആയ സിമ്രാന്‍ മംഗാരം ചൂണ്ടിക്കാട്ടുന്നത്. തന്റെ ആത്മമിത്രമെന്ന് വിശ്വസിച്ച ഒരാളില്‍ നിന്ന് വേര്‍പിരിയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് എന്താകാം! 

പ്രണയിച്ച്, വലിയ വഴക്കും പ്രശ്‌നങ്ങളുമെല്ലാം ഉണ്ടാക്കി വിവാഹിതരായവര്‍ പിന്നീട് പിരിയുകയാണെന്ന് കേള്‍ക്കുമ്പോള്‍ സുഹൃത്തുക്കളിലും ചുറ്റുമുള്ളവരിലുമെല്ലാം ഒരു അമ്പരപ്പ് ഉണ്ടാകാറില്ലേ, എന്തായിരിക്കും അവര്‍ക്കിടയില്‍ സംഭവിച്ചിരിക്കുക എന്ന സംശയം അല്ലെങ്കില്‍ ആകാംക്ഷ. 

 

 

സത്യത്തില്‍ ഒരിക്കല്‍ 'സോള്‍മേറ്റ്' ആണെന്ന് തിരിച്ചറിഞ്ഞവര്‍ പിന്നീടുള്ള കാലം മുഴുവന്‍ അതേ ധാരണയില്‍ തുടരുക എന്നത് അത്ര 'സിമ്പിള്‍' അല്ലെന്നാണ് സിമ്രാന്‍ വാദിക്കുന്നത്. ഓരോ വ്യക്തിക്കും കാലം ചെല്ലും തോറും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഘട്ടം, ഘട്ടമായി നമ്മള്‍ മുന്നോട്ടുപോകുന്നുണ്ട്. ഇതിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ക്കനുസരിച്ച് മനപ്പൂര്‍വ്വമായോ അല്ലാതെയും പരസ്പരം ധാരണ ഉണ്ടായില്ലെങ്കില്‍ സ്വാഭാവികമായും 'സോള്‍മേറ്റ്' എന്ന സ്ഥാനത്തില്‍ വ്യതിയാനം വരുമെന്നാണ് ഇവര്‍ പറയുന്നത്. 

'വ്യക്തിപരമായി മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ പങ്കാളിയും അതിനോടൊപ്പം മാറിയെന്ന് വരില്ല. അത്തരത്തില്‍ മാറ്റം സംഭവിക്കുന്നുണ്ട് എങ്കില്‍, ആ മാറ്റം നമ്മളുടേതിന് സമാനമാണെങ്കില്‍ ജൈവികമായിത്തന്നെ ബന്ധം എപ്പോഴും പഴയ കെട്ടുറപ്പിലും സന്തോഷത്തിലും ആയിരിക്കും. ഇനി പങ്കാളി നമ്മുടെ മാറ്റത്തിന് അനുസരിച്ച് മാറുന്നില്ലെങ്കില്‍ അയാളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്താം. അതല്ലെങ്കില്‍ നമ്മള്‍ എന്താണ് എന്ന് മനസിലാക്കിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ ആവാം. അങ്ങനെയും ബന്ധത്തിനെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാം. എന്നാല്‍ എല്ലായ്‌പോഴും സാഹചര്യങ്ങള്‍ ഇങ്ങനെയെല്ലാം ആകണമെന്നില്ല...'- സിമ്രാന്‍ പറയുന്നു. 

പ്രമുഖ അമേരിക്കന്‍ എഴുത്തുകാരനായ റിച്ചാര്‍ഡ് ബക്ക് റിലേഷന്‍ഷിപ്പിനെ നിര്‍വചിച്ച രീതിയെക്കുറിച്ചും സിമ്രാന്‍ സൂചിപ്പിക്കുന്നു.

 

 

'നമ്മുടെ താക്കോലുകള്‍ക്ക് അനുയോജ്യമായ പൂട്ടുകളോ, അതല്ലെങ്കില്‍ നമ്മുടെ പൂട്ടുകള്‍ക്ക് അനുയോജ്യമായ താക്കോലുകളോ കൈവശമുള്ള ആളെ വേണം നമ്മള്‍ സോള്‍മേറ്റ് ആക്കാന്‍ എന്നാണ് റിച്ചാര്‍ഡ് ബക്ക് പറയുന്നത്. നമുക്കിതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താം. അതായത്, പൂട്ടുകളും താക്കോലുകളുമെല്ലാം പരസ്പരം പാകമാകുന്ന തരത്തില്‍ ചെറിയ മാറ്റങ്ങള്‍ ബോധപൂര്‍വ്വം വരുത്തുക. ബന്ധത്തിനെ നിലനിര്‍ത്താന്‍ ഈ ശ്രമങ്ങള്‍ അനിവാര്യമാണ്. വ്യക്തിപരമായി നമുക്ക് സംഭവിക്കുന്ന പരിവര്‍ത്തനങ്ങളെ പറ്റി എപ്പോഴും ബോധ്യത്തിലായിരിക്കുക. ആ സൂക്ഷ്മത തീര്‍ച്ചയായും ബന്ധത്തില്‍ ഉപകരിക്കും...'- സിമ്രാന്‍ പറയുന്നു. 

ജൈവികമായി സംഭവിക്കുന്ന പരസ്പരധാരണയെക്കാളധികം, അറിഞ്ഞുകൊണ്ട് നമ്മള്‍ ചെയ്യേണ്ട ചില ഇടപെടുകളാണ് ബന്ധങ്ങളെ ശക്തമായി പിടിച്ചുനിര്‍ത്തുകയെന്നാണ് സിമ്രാന്റെ കാഴ്ചപ്പാട്. ഇത്തരത്തില്‍ മുന്നോട്ടുപോകാനായാല്‍ 'സോള്‍മേറ്റ്' എന്ന സ്ഥാനത്ത് ഒരിക്കല്‍ സ്ഥാപിച്ച ഒരു വ്യക്തിയെ പിന്നീട് വെറുക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനാകുമെന്നാണ് ഇവരുടെ വാദം.

Also Read:- കുട്ടിക്കാലത്ത് ബീച്ചിൽ വെച്ച് കണ്ടുപിരിഞ്ഞു, ഇരുപതു വർഷങ്ങൾക്ക് ശേഷം വിവാഹിതരായി, ഏറെ കാല്പനികം ഈ ബന്ധം...

click me!