Sex in Marriage : ഭർത്താവ് സെക്‌സ് ആവശ്യപ്പെട്ടാൽ നിഷേധിക്കാൻ ഭാര്യക്ക് അവകാശമുണ്ടോ? മലയാളികൾ കരുതുന്നത്

By Web TeamFirst Published Dec 4, 2021, 9:39 AM IST
Highlights

ഭാര്യ സെക്സ് നിഷേധിച്ചാൽ മറ്റൊരു സ്ത്രീയെ സെക്സിനായി സമീപിക്കാം എന്നാണ് കേരളത്തിലെ വിവാഹിതരായ പുരുഷന്മാരിൽ 13.4% പേരും വിശ്വസിക്കുന്നത്

വിവാഹിതയായ ഒരു സ്ത്രീക്ക്, സ്വന്തം ഭർത്താവ് സെക്സ്(Sex) ആവശ്യപ്പെട്ടുകൊണ്ട് വരുമ്പോൾ നിഷേധിക്കാൻ(deny sex) അവകാശമുണ്ടോ? അടുത്തിടെ പൂർത്തിയായ അഞ്ചാം ദേശീയ കുടുംബാരോഗ്യ സർവേയിലെ (National Family Health Survey - NFHS-5) ഒരു ചോദ്യം ഇതായിരുന്നു. അങ്ങനെ ചെയ്യാൻ അവർക്ക്, ക്ഷീണം, മൂഡ് ഇല്ലായ്ക, ഭർത്താവുമായുള്ള അസ്വാരസ്യം, അയാൾക്ക് ഗുഹ്യരോഗങ്ങളുണ്ട് എന്ന സംശയം, ഭർത്താവിന്റെ പരസ്ത്രീ ബന്ധം തുടങ്ങി കാരണങ്ങൾ പലതുണ്ടാവാം. അങ്ങനെ ഒരു വ്യക്തിപരമായ കാരണത്താൽ ഭർത്താവിന് സെക്സ് നിഷേധിക്കാൻ വിവാഹിതയായ ഒരു സ്ത്രീക്ക് അവകാശമുണ്ടോ എന്ന ചോദ്യം കേരളീയ സമൂഹത്തിൽ വിവാഹിതരായവരോട് ഈ സർവേ ചോദിച്ചപ്പോൾ, അതിനോട് അനുകൂലമായി പ്രതികരിച്ചവരിൽ സ്ത്രീകളെക്കാൾ കൂടുതലുള്ളത് പുരുഷന്മാരാണ്. വിവാഹിതരായ പുരുഷന്മാരിൽ 75 %  പേരും അങ്ങനെ ചെയ്യാൻ ഭാര്യക്ക് അവകാശമുണ്ട് എന്ന അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ സമാനമായി പ്രതികരിച്ചത് 72 %  വിവാഹിതകൾ മാത്രമാണ്. അതേസമയം, അവരിൽ 84 % പേരും, ക്ഷീണമാണ് കാരണമെങ്കിൽ സ്ത്രീക്ക് സെക്സ് നിഷേധിക്കാൻ അവകാശമുണ്ട് എന്ന  രീതിയിൽ പ്രതികരിക്കുകയുണ്ടായി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം, ഭാര്യ സെക്സ് നിഷേധിച്ചാൽ മറ്റൊരു സ്ത്രീയെ സെക്സിനായി സമീപിക്കാം എന്നാണ് കേരളത്തിലെ വിവാഹിതരായ പുരുഷന്മാരിൽ 13.4% പേരും വിശ്വസിക്കുന്നത്. 24.6% കരുതുന്നത് അതിന്റെ പേരിൽ ഭാര്യയോട് ദേഷ്യപ്പെടാനും, മർദ്ദിക്കാനും അവകാശമുണ്ട് എന്നാണ്. ഈ സാഹചര്യത്തിൽ ഭാര്യയുമായി ബലപ്രയോഗത്തിലൂടെ സെക്സിൽ ഏർപ്പെടാനും ഭർത്താവിന് അവകാശമുണ്ട് എന്നുപോലും അവർ കരുതുന്നു. വിവാഹിതരായ പുരുഷന്മാരിൽ 9.2 % പേർ സെക്സ് നിഷേധിക്കപ്പെടുമ്പോൾ ഭാര്യയെ ബലപ്രയോഗത്തിലൂടെ പ്രാപിക്കാൻ ശ്രമിക്കാറുണ്ട് എന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

ഈ സർവേയിലെ തന്നെ മറ്റു ചില കണക്കുകൾ സൂചിപ്പിക്കുന്നത്, സെക്സിൽ ഏർപ്പെടാൻ വിസമ്മതിക്കുന്ന ഭാര്യയെ മർദ്ദിക്കാൻ ഭർത്താവിന് അവകാശമുണ്ട് എന്ന് കരുതുന്നത് പുരുഷൻമാരെക്കാൾ ഏറെ സ്ത്രീകളാണ് എന്നാണ്. വിവാഹിതരായവരിൽ 13 %  സ്ത്രീകളാണ് അങ്ങനെ വിശ്വസിക്കുന്നത്. അതേസമയം വിവാഹിതരായ പുരുഷന്മാരിൽ 10.4  %  മാത്രമേ അങ്ങനെ കരുതുന്നുള്ളൂ. ഇതേ അഭിപ്രായമുള്ള അവിവാഹിതരായ സ്ത്രീകളുടെ എണ്ണം വിവാഹിതരെക്കാൾ കുറവാണ്. 8.1 % അവിവാഹിതകൾ മാത്രമേ അങ്ങനെ അഭിപ്രായപ്പെടുന്നുള്ളൂ. 

click me!